ലോക ചെസിൽ ഒന്നാമനായി പ്രഗ്യാനന്ദ; 2026ൽ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടുന്ന താരം

പ്രഗ്യാനന്ദ| Photo: Frans Peeters
ന്യൂഡൽഹി : 2026ൽ ചെസ് ടൂർണമെന്റുകളിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയ താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ ഒന്നാമതെത്തി. വേൾഡ് ചെസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബർ 19 വരെയുള്ള പട്ടികയിലാണ് പ്രഗ്യാനന്ദ ഒന്നാം സ്ഥാനം നേടിയത്. 6,66,229 ഡോളറാണ് (6.19 കോടി) താരം സമ്മാനത്തുകയായി നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 132 ശതമാനത്തിന്റെ വർധനയാണിത്.
അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 6,64,326 (ഏകദേശം 6.18 കോടി) ഡോളറാണ് കരുവാനയുടെ സമ്പാദ്യം. ഇരുവരും തമ്മിലുള്ള വ്യത്യാസം വെറും 1,903 ഡോളർ മാത്രമാണ്. ഉസ്ബെക്കിസ്ഥാൻ താരം ജാവോഖിർ സിന്ദറോവ് മൂന്നാം സ്ഥാനത്തും നോർവേയുടെ മാഗ്നസ് കാൾസൻ നാലാം സ്ഥാനത്തുമാണ്.
ഈ വർഷം പ്രഗ്യാനന്ദ നേടിയ പ്രധാന കിരീടങ്ങളാണ് സമ്മാനത്തുകയിൽ വലിയ വർധനയുണ്ടാക്കിയത്. ജൂണിൽ നോർവേ ചെസ് കിരീടം നേടിയ താരം ആഗസ്തിൽ ഗ്രാൻഡ് ചെസ് ടൂർ ഫൈനൽസിലും ജേതാവായി. ഗ്രാൻഡ് ചെസ് ടൂർ ഫൈനൽസിലെ വിജയത്തിലൂടെ മാത്രം 2 ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്.
2026ൽ സമ്മാനത്തുക നേടിയ 2,189 താരങ്ങളെയാണ് വേൾഡ് ചെസിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂർണമെന്റുകളിൽ ലഭിച്ച സമ്മാനത്തുക മാത്രമാണ് കണക്കാക്കുന്നത്. സ്പോൺസർഷിപ്പ്, പരസ്യവരുമാനം, മറ്റ് പ്രതിഫലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടില്ല.









0 comments