ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഗഗൻ നാരംഗിന് എതിരാളിയായി രാജീവ് മേത്ത

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ലോഗോ| Photo: Wiki
ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ സെക്രട്ടറി ജനറൽ രാജീവ് മേത്തയും മത്സരിക്കുന്നു. ഡിസംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അദ്ദേഹം തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. 2014 മുതൽ 2022 വരെ ഐഒഎ സെക്രട്ടറി ജനറലായിരുന്ന രാജീവ് മേത്ത നിലവിൽ ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ഏഷ്യൻ ഫെൻസിങ് കോൺഫെഡറേഷന്റെയും സെക്രട്ടറി ജനറലാണ്.
ഒളിമ്പിക് മെഡൽ ജേതാവും ഐഒഎ വൈസ് പ്രസിഡന്റുമായ ഷൂട്ടിങ് താരം ഗഗൻ നാരംഗിനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ മുൻതൂക്കമെന്നാണ് വിലയിരുത്തൽ. കായികമന്ത്രാലയത്തിന്റെ പിന്തുണ ഗഗനാണ്. ഐസ്‌ഹോക്കി അസോസിയേഷന്റെ നോമിനിയായ നിലവിലെ പ്രസിഡന്റ് പി ടി ഉഷയും മത്സരിച്ചേക്കുമെന്നാണ് നേരത്തേ വന്ന റിപ്പോർട്ടുകൾ. രാജീവ് മേത്ത കൂടി എത്തിയതോടെ ത്രികോണ മത്സരത്തിനാകും സാഹചര്യം ഒരുങ്ങുക.
ഞായറാഴ്ചയാണ് വിവിധ സ്ഥാനങ്ങളിലേക്കുള്ള നാമനിർദേശ നടപടികൾ ആരംഭിച്ചത്. ആദ്യദിനം പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ട്രഷറർ, ജോയിന്റ് സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്ക് നാമനിർദേശ പത്രികകളൊന്നും ലഭിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
71 അംഗങ്ങളാണ് ഐഒഎ തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളേജിലുള്ളത്. 30 ദേശീയ കായിക ഫെഡറേഷനുകളിൽ നിന്നുള്ള 60 പ്രതിനിധികൾ, എട്ട് സ്പോർട്‌സ് പേഴ്സൺസ് ഓഫ് മെറിറ്റ് അംഗങ്ങൾ, അത്‌ലറ്റ്സ് കമ്മിഷനിലെ രണ്ട് അംഗങ്ങളായ മീരാഭായ് ചാനു, സാജൻ പ്രകാശ്, ഇന്ത്യയുടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗം നിത അംബാനി എന്നിവരാണ് വോട്ടർമാർ.
ഗഗൻ നാരംഗ്, യോഗേശ്വർ ദത്ത്, വിജേന്ദർ സിങ്, കമലേഷ് മേത്ത, അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നെഹ്‌വാൾ എന്നിവരാണ് സ്പോർട്‌സ് പേഴ്സൺസ് ഓഫ് മെറിറ്റ് അംഗങ്ങൾ. ചാനു, സാജൻ പ്രകാശ്, നിത അംബാനി എന്നിവർക്ക് വോട്ട് ചെയ്യാമെങ്കിലും മത്സരിക്കാനാവില്ല. ശേഷിക്കുന്ന 68 പേർക്ക് മത്സരിക്കാനും വോട്ട് ചെയ്യാനും അർഹതയുണ്ട്.
പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ (ഒരു പുരുഷനും ഒരു വനിതയും), ട്രഷറർ, രണ്ട് ജോയിന്റ് സെക്രട്ടറിമാർ (ഒരു പുരുഷനും ഒരു വനിതയും), ആറ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് അംഗങ്ങളിൽ രണ്ടുപേർ സ്പോർട്സ്പേഴ്സൺസ് ഓഫ് മെറിറ്റ് വിഭാഗത്തിൽനിന്നായിരിക്കും.
പി വി സിന്ധുവും ഹർമൻപ്രീത് സിങ്ങും എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗങ്ങളാകും. ഇതോടെ ഇന്ത്യയിലെ ഐഒസി അംഗം ഉൾപ്പെടെ കൗൺസിലിന്റെ ആകെ അംഗസംഖ്യ 16 ആകും. നവംബർ 22 മുതൽ 24 വരെ ന്യൂഡൽഹിയിലെ ഐഒഎ ഭവനിൽ നേരിട്ടെത്തിയാണ് പത്രിക സമർപ്പിക്കേണ്ടത്. രണ്ട് വ്യത്യസ്ത ഇലക്ടറൽ കോളേജ് അംഗങ്ങൾ സ്ഥാനാർഥിയെ നിർദേശിക്കുകയും പിന്തുണയ്ക്കുകയും വേണം.
നവംബർ 24ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. സൂക്ഷ്മപരിശോധനയ്ക്കും പരാതികൾ പരിഗണിച്ചതിനും ശേഷം ഡിസംബർ ഒന്നിന് അന്തിമ പട്ടിക പുറത്തുവിടും. ഡിസംബർ രണ്ടിന് പത്രിക പിൻവലിക്കാം. മത്സരിക്കുന്നവരുടെ അന്തിമ പട്ടിക ഡിസംബർ മൂന്നിന് പ്രസിദ്ധീകരിക്കും. ഡിസംബർ അഞ്ചിന് വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.








0 comments