സ്കൂൾ അധികൃതരുടെ അശ്രദ്ധയിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം : സ്കൂൾ കലോത്സവത്തിന് പങ്കെടുക്കേണ്ട വിദ്യാർഥികളെ സ്കൂട്ടറിൽ കയറ്റി അയച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അപകടത്തിൽ ഒമ്പത് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പത്തനംതിട്ട വെച്ചൂച്ചിറ നടന്ന സ്കൂൾ കലോത്സവത്തിന്, പെരുനാട് എസ്റ്റേറ്റ് എൽ പി സ്കൂളിലെ രണ്ടു കുട്ടികളെ, സ്കൂൾ മാനേജറും ഹെഡ്മിസ്ട്രസും സുരക്ഷിതമല്ലാത്ത സ്കൂട്ടറിൽ അയച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പരാതി. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഡ്രൈവറുടെ അശ്രദ്ധ കാരണം സ്കൂട്ടർ അപകടത്തിൽപ്പെട്ട്, യാത്ര ചെയ്തിരുന്ന രണ്ട് കുട്ടികളും താഴെ വീണു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക് തലക്ക് ആഴത്തിലുള്ള മുറിവും 22 സ്റ്റിച്ചും ഉണ്ടായി.
ഹെൽമറ്റ് ഇല്ലാതെ രണ്ടു കുട്ടികളെ സ്കൂട്ടറിൽ കയറ്റി, ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ അനുവദിച്ച പെരിനാട് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ്, മാനേജർ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ആർടിഒ, പെരുനാട് എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.








0 comments