ചരിത്രം കുറിച്ച് ആർ പ്രഗ്നാനന്ദ; ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ

ആർ പ്രഗ്നാനന്ദ| Photo X
സെന്റ് ലൂയിസ് : ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ആർ പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂർ കിരീടം സ്വന്തമാക്കി. ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ഇതോടെ പ്രഗ്നാനന്ദ സ്വന്തമാക്കി. 2 ലക്ഷം ഡോളറാണ് (ഏകദേശം 1.7 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്കും പ്രഗ്നാനന്ദ നേരിട്ട് യോഗ്യത നേടി.
ഫൈനലിലേക്ക് ആറ് പോയിന്റ് പിന്നിലായാണ് പ്രഗ്നാനന്ദ കടന്നത്. ക്ലാസിക്കൽ വിഭാഗത്തിന് ശേഷം നിലവിലെ ചാമ്പ്യനായ കരുവാന 9-3ന് മുന്നിലായിരുന്നു. എന്നാൽ റാപ്പിഡിൽ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റ് സ്വന്തമാക്കിയ പ്രഗ്നാനന്ദ 11-9ന് മുന്നിലെത്തി.
ബ്ലിറ്റ്സിലെ ആദ്യ മത്സരത്തിൽ വിജയാവസരം ലഭിച്ചെങ്കിലും ടൈം സ്ക്രാംബിളിൽ പിഴവ് വരുത്തിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ബ്ലിറ്റ്സ് മത്സരത്തിൽ കരുവാന ജയിച്ചതോടെ സ്കോർ 12-12 ആയി. നിർണായക പോരാട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് താരം കിരീടം ഉറപ്പിച്ചത്.
കരുവാനയ്‌ക്കെതിരായ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് പ്രഗ്നാനന്ദയുടെ നേട്ടം. കഴിഞ്ഞ വർഷത്തേക്കാൾ റാപ്പിഡിലും ബ്ലിറ്റ്സിലും താൻ ഏറെ മെച്ചപ്പെട്ടതാണ് ഈ ഫോർമാറ്റിൽ വിജയിക്കാൻ സഹായിച്ചതെന്ന് കിരീടനേട്ടത്തിന് പിന്നാലെ പ്രഗ്നാനന്ദ പറഞ്ഞു.
2026 കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ നിരാശയ്ക്ക് പിന്നാലെ ഗംഭീര തിരിച്ചുവരവാണ് പ്രഗ്നാനന്ദ നടത്തിയത്. നോർവേ ചെസ് കിരീടം നേടുന്നതിനിടെ മാഗ്നസ് കാൾസനെ ഒരേ ടൂർണമെന്റിൽ രണ്ടുതവണ തോൽപ്പിച്ച താരം, സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സിലും മികവ് തുടർന്നു. സിങ്ക്ഫീൽഡ് കപ്പിലും ഒന്നാം സ്ഥാനം പങ്കിട്ടു.
2026ലെ മുഴുവൻ ഗ്രാൻഡ് ചെസ് ടൂറിൽനിന്നായി 4,04,354 ഡോളറാണ് (ഏകദേശം 3.86 കോടി രൂപ) പ്രഗ്നാനന്ദ നേടിയ ആകെ സമ്മാനത്തുക. ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് മത്സരങ്ങൾ ഉൾപ്പെടുന്ന ഗ്രാൻഡ് ചെസ് ടൂറിന് ആകെ 20 ലക്ഷം ഡോളറിന്റെ സമ്മാനത്തുകയാണുള്ളത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജർമനിയുടെ വിൻസെന്റ് കീമറിനെ വെസ്ലി സോ തോൽപ്പിച്ചു. ഇതോടെ അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിലേക്ക് പ്രഗ്നാനന്ദയ്ക്കും കരുവാനയ്ക്കുമൊപ്പം വെസ്ലി സോയും യോഗ്യത നേടി.









0 comments