ad
Deshabhimani

ഡൽഹിയിൽ വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസ്; പ്രതിയായ ജിം പരിശീലകൻ പിടിയിൽ

stabbed to death
വെബ് ഡെസ്ക്

Published on Aug 28, 2026, 08:26 AM | 2 min read

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ 21കാരിയായ വിദ്യാർഥിനിയെ വീട്ടിൽ കുത്തിക്കൊന്ന കേസിലെ പ്രതി പൊലീസുമായുണ്ടായ വെടിവെപ്പിനൊടുവിൽ പിടിയിൽ. ജിം പരിശീലകനായി ജോലി ചെയ്തിരുന്ന ആഖിബ് എന്ന ഇമ്രാൻ (26) ആണ് അറസ്റ്റിലായത്. ആഗസ്ത് 26ന് തിലക് നഗറിലെ വിദ്യാർഥിനിയുടെ വീട്ടിൽവച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.


സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ഇമ്രാനെ കണ്ടെത്താൻ 15ലധികം പൊലീസ് സംഘങ്ങളെയാണ് നിയോഗിച്ചത്. ഒളിത്താവളങ്ങൾ നിരന്തരം മാറ്റിയിരുന്ന പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്റ്റാഫും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് വലവീശുകയായിരുന്നു.


പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ ഇമ്രാൻ വെടിയുതിർത്തെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രതി നാല് റൗണ്ടും പൊലീസ് ഏഴ് റൗണ്ടും വെടിവെച്ചു. കാലിൽ മൂന്ന് വെടിയേറ്റ ഇമ്രാനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


യുവതിയെ ഏകദേശം 18 മാസമായി ഇമ്രാൻ പരിചയപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾ ജിം പരിശീലകനായിരിക്കെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡൽഹി സർവകലാശാലയുടെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ രണ്ടാംവർഷ വിദ്യാർഥിനിയായ യുവതി സമൂഹമാധ്യമങ്ങളിൽ ഉള്ളടക്ക നിർമാണത്തിലും പാർട്ട് ടൈം മോഡലിങ്ങിലും സജീവമായിരുന്നു.


ഉപഭോക്താക്കളോടുള്ള അനുചിത പെരുമാറ്റം ആരോപിച്ച് രണ്ടുമാസം മുമ്പ് ഇമ്രാനെ ജിമ്മിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന് ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ജൂലൈ 18ന് ഇമ്രാൻ ശല്യം ചെയ്യുന്നതായി യുവതി പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക പരാതി നൽകിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.


മയക്കുമരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇമ്രാനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് അയച്ചിരുന്നതായും ജൂലൈ 30ന് അവിടെനിന്ന് പുറത്തിറങ്ങിയതായും പൊലീസ് പറയുന്നു. യുവതി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും ഇയാൾ പിന്തുടർന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.


ആഗസ്ത് 26ന് വൈകിട്ട് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇമ്രാൻ അവിടെയെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനു പിന്നാലെ യുവതിയെ പലതവണ കുത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടുവെന്നാണ് കേസ്.


വൈകിട്ട് 5.40ഓടെ പ്രതി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 7.24നാണ് കുത്തേറ്റ യുവതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. വീട്ടുജോലിക്കാരിയാണ് രണ്ടാം നിലയിൽ യുവതിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.


കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും സംഭവത്തിന് മുമ്പുള്ള പ്രതിയുടെ നീക്കങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home