Deshabhimani

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്: പി ടി ഉഷയ്ക്ക് തോൽവി; അഞ്ജു ബോബി ജോർജ് ഉൾപ്പെട്ട പാനൽ വിജയിച്ചു

PT USHA
വെബ് ഡെസ്ക്

Published on Nov 09, 2026, 07:35 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി ടി ഉഷയ്ക്ക് തിരിച്ചടി. സ്പോർട്സ് പേഴ്സൺ ഔട്ട്സ്റ്റാൻഡിങ് വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടു. ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് തിരിച്ചടി.


ഒഴിവുള്ള നാല് വനിതാ സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ ഒളിംപിക് മെഡൽ ജേതാവ് സൈന നെഹ്‌വാൾ, മുൻ ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ്, മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ക്യാപ്റ്റൻ റാണി റാംപാൽ എന്നിവർ വിജയിച്ചു. പി ടി ഉഷയും മുൻ ബാസ്കറ്റ്ബോൾ താരം അനിത പോൾ ദുരൈയും പരാജയപ്പെട്ടു.


തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. വിജയിക്കുന്ന നാല് പുരുഷന്മാരും നാല് വനിതകളും ഉൾപ്പെടുന്ന എട്ട് എസ്ഒഎം പ്രതിനിധികൾ ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകും. ഇവർക്കാണ് ഡിസംബർ അഞ്ചിന് നടക്കുന്ന പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനും യോഗ്യത ലഭിക്കുക.


2022 ഡിസംബറിൽ ഐഒഎ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പി ടി ഉഷയും ഇതേ വഴിയിലൂടെയാണ് ജനറൽ അസംബ്ലിയിൽ അംഗത്വം നേടിയത്. ഇന്ത്യൻ ഒളിംപിക് സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും അന്ന് ഉഷ സ്വന്തമാക്കിയിരുന്നു.


തന്നെ തോൽപ്പിക്കാൻ സംഘടിത നീക്കം നടക്കുന്നുവെന്നും ന്യൂ ഭാരത് പാനൽ വാട്സാപ്പിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നും പി ടി ഉഷ നേരത്തെ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതിയും നൽകിയിരുന്നു.


വനിതാ വിഭാഗത്തിലെ നാല് സ്ഥാനങ്ങളിലേക്ക് ആറുപേർ രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാൽ പുരുഷ വിഭാഗത്തിൽ നാല് സ്ഥാനങ്ങളിലേക്ക് നാല് സ്ഥാനാർഥികൾ മാത്രമുണ്ടായിരുന്നതിനാൽ എതിരില്ലാതെയാണ് വിജയികളെ തീരുമാനിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home