25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി

ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ച് ഇഷ സിംഗ്.
നഗോയ: ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ച് ഇഷ സിങ് . വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ ലോക റെക്കോർഡ് ഉടമയായ ഇഷ, ചൈനയുടെ ജിയാറുയ്‌സുവാൻ ഷിയാവോയോട് ആവേശകരമായ ഷൂട്ട് ഓഫിൽ പരാജയപ്പെട്ടാണ് വെള്ളി മെഡൽ നേടിയത്.
ഫൈനലിന്റെ അവസാന ഘട്ടത്തിൽ ഇഷയും ഷിയാവോയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. അവസാന അഞ്ച് ഷോട്ടുകൾ പൂർത്തിയാക്കിയപ്പോൾ ഇരുതാരങ്ങളും 38-38 എന്ന നിലയിൽ സമനിലയിലെത്തി. ഇതോടെ സ്വർണ മെഡൽ നിർണയിക്കാൻ ഷൂട്ട് ഓഫ് നടത്തേണ്ടിവന്നു.
ആദ്യ ഷൂട്ട് ഓഫിലും ഇരുതാരങ്ങൾക്കും വ്യക്തമായ മുൻതൂക്കം നേടാനായില്ല. ഇഷയുടെ ഷോട്ടുകൾ ഹിറ്റ്, മിസ്, ഹിറ്റ്, ഹിറ്റ്, ഹിറ്റ് എന്ന നിലയിലായപ്പോൾ ഷിയാവോ ഹിറ്റ്, ഹിറ്റ്, മിസ്, ഹിറ്റ്, ഹിറ്റ് എന്ന പ്രകടനമാണ് നടത്തിയത്. ഇരുവരും വീണ്ടും തുല്യമായതോടെ രണ്ടാം ഷൂട്ട് ഓഫിലേക്ക് മത്സരം നീണ്ടു.
രണ്ടാം ഷൂട്ട് ഓഫിൽ ഇഷയ്ക്ക് മൂന്ന് മിസ് സംഭവിച്ചപ്പോൾ ഷിയാവോ രണ്ട് മിസ് മാത്രമാണ് നേടിയത്. നിർണായക ഘട്ടത്തിൽ മികച്ച നിയന്ത്രണം പുലർത്തിയ ഷിയാവോ സ്വർണം സ്വന്തമാക്കി. ഇഷ സിങിന് വെള്ളി മെഡലുമായി മടങ്ങേണ്ടിവന്നു.
ഫൈനലിൽ ഇഷയും ഷിയാവോയും 38 പോയിന്റ് വീതം നേടി ഗെയിംസ് റെക്കോർഡിനൊപ്പമെത്തി. സ്വർണം നഷ്ടമായെങ്കിലും കടുത്ത പോരാട്ടത്തിലൂടെയാണ് ഇഷ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയത്.









0 comments