ad
Deshabhimani

രണ്ടാഴ്ച, ഡൽഹിയിൽ നാല് പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായി; സര്‍ക്കാരും പൊലീസും എന്ത് ചെയ്യുകയാണെന്ന് സുപ്രീം കോടതി

delhi
വെബ് ഡെസ്ക്

Published on Sep 28, 2026, 11:55 AM | 2 min read

ന്യൂഡൽഹി:ക്രമസമാധാന പാലനത്തിലും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ചകൾ ആവര്‍ത്തിക്കുന്ന സാഹചര്യത്തിൽ ഡൽഹി സര്‍ക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നിര്‍ഭയ സംഭവത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ ഡൽഹിയിൽ ആവര്‍ത്തിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.


പൊതുജനങ്ങളുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണ സംവിധാനങ്ങളുടെ "വ്യവസ്ഥാപിത പരാജയമാണ്" (systemic failure) ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കുന്നതിലൂടെ വെളിപ്പെടുത്തുന്നതെന്ന് കോടതി തുറന്നടിച്ചു. ഡൽഹിയിൽ രണ്ടാഴ്ചക്കിടെ പ്രായപൂര്‍ത്തിയാവാത്ത നാല് പെൺകുട്ടികൾ ക്രൂരമായി ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായി.


ഭയരഹിതമായും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണെന്ന് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി. 2012 ലെ നിര്‍ഭയ സംഭവത്തിന്റെ വേദനാജനകമായ ഓര്‍മകളെ വീണ്ടും ഉണര്‍ത്തുന്ന തരത്തിലേക്ക് നിലവിലെ സാഹചര്യങ്ങൾ മാറിയിരിക്കയാണെന്ന് കോടതി ആശങ്ക പരസ്യമാക്കി. സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തു.


സംഭവങ്ങളിൽ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ പ്രതികരണങ്ങളിലും കോടതി അസംതൃപ്തി രേഖപ്പെടുത്തി. ഉത്തരവാദിത്തമില്ലാതെ പെരുമാറുകയും കേവലം സഹതാപവും ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി ഒഴിയുകയും ചെയ്യുന്ന സാഹചര്യമാണ്. ഇവ പരിഹാരമല്ലെന്നും പ്രായോഗിക നടപടികളാണ് വേണ്ടതെന്നും കോടതി ഓര്‍മ്മപ്പെടുത്തി.



രണ്ടാഴ്ചയ്ക്കിടെ 4 ക്രൂരകൃത്യങ്ങൾ

കേസുകളിൽ കാഴ്ചക്കാരായി അധികാരികൾ


  1. സരൂപ് നഗർ സംഭവം (സെപ്റ്റംബർ 10): വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സരൂപ് നഗറിൽ സുഹൃത്തിനെ കാണാനെത്തിയ 17-കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. എട്ട് തവണ കുത്തേറ്റ പെൺകുട്ടിയുടെ മൃതദേഹം സെപ്റ്റംബർ 13-നാണ് കണ്ടെത്തുന്നത്. മൂന്ന് പ്രായപൂർത്തിയാകാത്തവരടക്കം നാല് പേരാണ് പ്രതികൾ.

  2. ദേശ്ബന്ധു ഗുപ്ത റോഡ് സംഭവം (സെപ്റ്റംബർ 14): സെൻട്രൽ ഡൽഹിയിൽ ആറുവയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. കേസ് പ്രതിയായ അങ്കിത് എന്നയാളെ അറസ്റ്റ് ചെയ്തതിൽ ഒതുങ്ങി.

  3. സദർ ബസാർ സംഭവം (സെപ്റ്റംബർ 17): ഓൾഡ് ഡൽഹിയിലെ സദർ ബസാറിൽ 11-കാരിയെ 56-കാരനായ തയ്യൽക്കാരൻ കടയ്ക്കുള്ളിൽ വെച്ച് കൈകാലുകൾ കൂട്ടിക്കെട്ടി ബലാത്സംഗം ചെയ്തു.

  4. ആസ്ഥാ കുഞ്ച് പാർക്ക് കൂട്ടബലാത്സംഗം (സെപ്റ്റംബർ 21): കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള ആസ്ഥാ കുഞ്ച് പാർക്കിൽ വെച്ച് 17-കാരി കൂട്ടബലാത്സംഗത്തിനിരയായി. പോലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജേനയെത്തിയ മൂന്നംഗ സംഘം പെൺകുട്ടിയെയും സുഹൃത്തിനെയും വേർപെടുത്തി വിജനമായ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home