'ഇത് വെറും മണ്ണല്ല, ഞങ്ങളുടെ ചരിത്രമാണ്';വിയറ്റ്നാമിൽ ഡൊണാൾഡ് ട്രംപിന്റെ ഗോൾഫ് പ്രൊജക്റ്റിനെതിരെ ജനരോഷം

Photo Credit: Social Media
ഹങ് യെൻ (വിയറ്റ്നാം): അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള 'ട്രംപ് ഓർഗനൈസേഷൻ' വിയറ്റ്നാമിൽ ആരംഭിക്കുന്ന വൻകിട ഗോൾഫ് റിസോർട്ട് പ്രൊജക്റ്റിനെതിരെ പ്രാദേശിക നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
ആഡംബര വില്ലകളും ഗോൾഫ് കോഴ്സുകളും ഉൾപ്പെടുന്ന വികസന പദ്ധതി കായിക ലോകത്തിനപ്പുറം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ തങ്ങളുടെ കൃഷിയിടങ്ങളും പൂർവ്വികരുടെ കല്ലറകളും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹങ് യെൻ പ്രവിശ്യയിലെ ചൗ നിൻ കമ്മ്യൂണിലുള്ള നൂറുകണക്കിന് കുടുംബങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കലിനായി കമ്പനി നൽകുന്ന നഷ്ടപരിഹാരത്തുക വളരെ കുറവാണെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൃഷി മാത്രം ഉപജീവനമാർഗ്ഗമാക്കിയ തങ്ങൾക്ക് ഭൂമി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി കണ്ടെത്തുക അസാധ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
തലമുറകളായി ജീവിച്ചുപോന്ന മണ്ണിൽ നിന്നും തങ്ങളെ ഒഴിപ്പിക്കുന്നതിൽ കടുത്ത അമർഷമുണ്ടെന്നും, രാജ്യം നിലവിൽ വരുന്നതിന് മുൻപ് ഇവിടെയുള്ള പൂർവ്വികരുടെ കല്ലറകൾ വരെ പദ്ധതിക്കായി തകർക്കപ്പെടുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
വിയറ്റ്നാം യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് രാജ്യം കാത്തുസൂക്ഷിക്കാൻ നൽകിയ ഭൂമിയാണിതെന്നും, അത് വിട്ടുനൽകാൻ തങ്ങൾ തയ്യാറല്ലെന്നുമാണ് പ്രതികരിച്ച ഭൂരിഭാഗം പേരുടെയും നിലപാട്.
വിയറ്റ്നാമിലെ ട്രംപ് പ്രൊജക്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, തദ്ദേശവാസികളുടെ വൈകാരികവും ചരിത്രപരവുമായ ഈ ആശങ്കകൾ ട്രംപ് ഓർഗനൈസേഷന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര പദ്ധതികളിലൊന്നിനെ ഇപ്പോൾ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, വൻകിട ഗോൾഫ് പ്രൊജക്റ്റുകളിലൂടെ അന്താരാഷ്ട്ര തലത്തിൽ ബിസിനസ്സ് സാമ്രാജ്യം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഓർഗനൈസേഷൻ. വിയറ്റ്നാമിലെ പദ്ധതി ഏഷ്യയുടെയും ലോകത്തിന്റെയും തന്നെ അസൂയയായി മാറുമെന്നാണ് കഴിഞ്ഞ വർഷം നിർമ്മാണോദ്ഘാടന ചടങ്ങിൽ പങ്കെടുത്ത എറിക് ട്രംപ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ സൗദി അറേബ്യയിലും സമാനമായ വൻകിട റിസോർട്ട് പദ്ധതി ട്രംപ് ഓർഗനൈസേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
വൻകിട പദ്ധതികൾ നാടിന്റെ വികസനത്തിനും നിക്ഷേപത്തിനും കാരണമാകുമെന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, സാധാരണക്കാരുടെ ജീവിതത്തെയും ചരിത്രത്തെയും ഇല്ലാതാക്കിക്കൊണ്ടാകരുത് വികസനമെന്നാണ് വിമർശകരുടെ പക്ഷം. സാമ്പത്തിക പുരോഗതി ലക്ഷ്യമിടുമ്പോൾ, അവിടെ ജീവിക്കുന്ന മനുഷ്യരുടെ ആശങ്കകളെ എങ്ങനെ ജനാധിപത്യപരമായി പരിഹരിക്കണം എന്ന വലിയ ചോദ്യമാണ് വിയറ്റ്നാമിലെ ഈ തർക്കം ഉയർത്തുന്നത്.










0 comments