Deshabhimani

കോണ്ടിനെന്റൽ ടൂർ അത്ലറ്റിക്സ് ; അഫ്സൽ, ശ്രീശങ്കർ കുതിച്ചു

Continental Tour Athletics 2025
avatar
Sports Desk

Published on Aug 11, 2025, 02:49 AM | 2 min read


ഭുവനേശ്വർ

കോണ്ടിനെന്റൽ ടൂർ അത്‌ലറ്റിക്സിൽ തിളങ്ങി മലയാളി താരങ്ങൾ. പുരുഷന്മാരുടെ ലോങ്‌ ജമ്പിൽ തകർപ്പൻ പ്രകടനത്തോടെ എസ്‌ ശ്രീശങ്കർ ഒന്നാംസ്ഥാനം നേടിയപ്പോൾ 800 മീറ്ററിൽ പി മുഹമ്മദ്‌ അഫ്‌സലും ട്രിപ്പിൾ ജമ്പിൽ അബ്ദുള്ള അബൂബക്കറും ചാമ്പ്യൻമാരായി.


അടുത്ത മാസം ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സിന്‌ യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു ഇത്‌. ഇന്ത്യൻ താരങ്ങളിൽ ആർക്കും യോഗ്യതാ മാർക്ക്‌ താണ്ടാനായില്ല. ശ്രീലങ്കൻ ജാവലിൻ ത്രോ താരം റുമേഷ്‌ തരംഗ യോഗ്യത നേടി.


പരിക്കിനുശേഷമുള്ള തിരിച്ചുവരവിൽ ഉശിരൻ പ്രകടനമാണ്‌ ശ്രീശങ്കർ നടത്തുന്നത്‌. ഭുവനേശ്വറിൽ 8.13 മീറ്റർ ചാടിയായിരുന്നു നേട്ടം. ഇ‍ൗവർഷം രണ്ടാംതവണയാണ്‌ പാലക്കാട്ടുകാരൻ എട്ട്‌ മീറ്റർ താണ്ടുന്നത്‌. പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പണിൽ 8.05 മീറ്ററാണ്‌ ചാടിയത്‌.


ഭുവനേശ്വറിൽ അവസാന ചാട്ടത്തിലായിരുന്നു സ്വർണദൂരം താണ്ടിയത്‌. അതുവരെ ഉത്തർപ്രദേശിന്റെ പതിനേഴുകാരൻ ഷാനവാസ്‌ ഖാൻ (8.04)ആയിരുന്നു ഒന്നാമത്‌. ആറാം ശ്രമത്തിൽ ശ്രീശങ്കർ കുതിച്ചു. ആദ്യത്തേത്‌ ഫ‍ൗളായി. രണ്ടാംചാട്ടത്തിൽ 7.92 ആയിരുന്നു ദൂരം. 7.95, 7.93 എന്നിങ്ങനെയായിരുന്നു അടുത്ത രണ്ട്‌ ശ്രമങ്ങൾ. അഞ്ചാമത്തേത്‌ ഫ‍ൗളായി.

800ൽ എയർ ഫോഴ്‌സ്‌ താരമായ താരമായ അഫ്‌സൽ ഒരു മിനിറ്റ്‌ 46.60 സെക്കൻഡിൽ ഒന്നാമനായി. ട്രിപ്പിളിൽ അബ്ദുള്ള 16.53 മീറ്റർ ചാടി സ്വർണം നേടി. ഇ‍ൗയിനത്തിൽ മറ്റൊരു മലയാളി താരം യു കാര്‍ത്തിക് (16.42) വെള്ളിയും സ്വന്തമാക്കി.പുരുഷ 400 മീറ്ററിൽ അമോജ്‌ ജേക്കബ്‌ (45.86) രണ്ടാമതെത്തി. തമിഴ്‌നാട്ടുകാരൻ ടി കെ വിശാലിനാണ്‌ (45.72) സ്വർണം.

200 മീറ്ററിൽ ഒഡിഷയുടെ അനിമേഷ്‌ കുജുർ (20.77 സെക്കൻഡ്‌) ചാമ്പ്യനായി.


ജാവലിനിൽ 86 .50 മീറ്റർ എറിഞ്ഞാണ്‌ ലങ്കയുടെ റുമേഷ്‌ യോഗ്യത കടന്നത്‌. സച്ചിൻ യാദവ്‌ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക്‌ തിളങ്ങാനായില്ല.4x400 റിലേയിൽ അമോജ്‌, ടി സന്തോഷ്‌ കുമാർ, വിശാൽ, ഡി ച‍ൗധരി ഉൾപ്പെട്ട ഇന്ത്യൻ ടീമിനാണ്‌ വെള്ളി. ശ്രീലങ്കയാണ്‌ ചാമ്പ്യൻമാർ.


വനിതകളിൽ രണ്ട്‌ മലയാളി താരങ്ങൾ വെങ്കലം നേടി. 100 മീറ്റർ ഹർഡിൽസിൽ സി അഞ്‌ജലിയും (14 സെക്കന്‍ഡ്) ലോങ്‌ ജമ്പിൽ സാന്ദ്ര ബാബുവിനും (6.10 മീറ്റര്‍)ആണ്‌ വെങ്കലം. ലോങ്‌ ജമ്പിൽ ശൈലി സിങ്‌ (6.28) ചാമ്പ്യനായി. വനിതാ ജാവലിനിൽ ഉത്തർപ്രദേശിന്റെ അന്നു റാണി 62.01 മീറ്റർ എറിഞ്ഞ്‌ ഒന്നാമതെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home