19 ഇനങ്ങളിൽ 160 അത്ലീറ്റുകൾ
കോണ്ടിനെന്റൽ ടൂർ അത്ലറ്റിക്സ് നാളെ ; ഇന്ത്യയടക്കം 17 രാജ്യങ്ങൾ

നേപ്പാൾ ടീമിന് ഭുവനേശ്വറിൽ നൽകിയ സ്വീകരണം

Sports Desk
Published on Aug 09, 2025, 12:15 AM | 1 min read
ഭുവനേശ്വർ
രാജ്യാന്തര അത്ലറ്റിക് മീറ്റിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം വേദിയാകുന്നു. ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ നാളെ നടക്കും. ഇന്ത്യയടക്കം 17 രാജ്യങ്ങളിലെ 160 അത്ലീറ്റുകൾ 19 ഇനങ്ങളിൽ മത്സരിക്കും. 97 ഇന്ത്യൻ അത്ലീറ്റുകളുമുണ്ട്. 63 വിദേശികളും. നേപ്പാളിൽനിന്ന് 13അംഗ സംഘമെത്തി. ശ്രീലങ്ക (10) മലേഷ്യ (9), ദക്ഷിണാഫ്രിക്ക (4) എന്നീ രാജ്യങ്ങളിൽനിന്നും അത്ലീറ്റുകളുണ്ട്.
ഇന്ത്യ ആദ്യമായാണ് ലോക അത്ലറ്റിക്സ് സംഘടനയുടെ കോണ്ടിനെന്റൽ ടൂറിന് ആതിഥേയരാകുന്നത്. കോണ്ടിനെന്റൽ ടൂർ ബ്രോൺസ് വിഭാഗത്തിൽ ഉൾപ്പെട്ട മത്സരമാണ്. പല ഇനങ്ങളിലും ഇന്ത്യക്ക് വെല്ലുവിളിയായി വിദേശതാരങ്ങളുണ്ട്. നീരജ് ചോപ്രയുടെ അഭാവത്തിൽ ജാവലിൻ ത്രോയിൽ സച്ചിൻ യാദവും യശ്വീർ സിങ്ങും പ്രതീക്ഷയാണ്.
ശ്രീലങ്കയുടെ സുമേദ രണസിംഗെയും രുമേഷ് തരംഗയും വെല്ലുവിളിയാകും. ലോങ്ജമ്പിൽ എം ശ്രീശങ്കറും മുഹമ്മദ് അനീസുമുണ്ട്. ട്രിപ്പിൾ ജമ്പിൽ പ്രവീൺ ചിത്രവേലിനൊപ്പം അബ്ദുള്ള അബൂബക്കറും ഇറങ്ങും. 100, 200 മീറ്റർ പോരാട്ടത്തിൽ ഇന്ത്യയുടെ വേഗക്കാരൻ അനിമേഷ് കുജൂറിന് വെല്ലുവിളിയായി മലേഷ്യയുടെ മുഹമ്മദ് അസീം ഫഹ്മിയുണ്ട്. വനിതകളുടെ ലോങ്ജമ്പിൽ ശൈലി സിങ്, സാന്ദ്ര ബാബു എന്നിവർക്ക് ഭീഷണിയായി ബ്രിട്ടന്റെ ആലിസ് ഹോപ്കിൻസ് മത്സരിക്കും. പരിക്കുള്ള ആൻസി സോജൻ ഉണ്ടാകില്ല.









0 comments