വീണ്ടും അഞ്ച് സെറ്റ് ത്രില്ലർ; ഗോവയെ വീഴ്ത്തി ചെന്നൈ

Volleyball.jpg

പ്രൈം വോളിബോൾ ലീഗിൽ വ്യാഴാഴ്ച നടന്ന ഗോവ ഗാർഡിയൻസ് ചെന്നൈ ബ്ലിറ്റ്സ് മത്സരത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Oct 09, 2025, 10:11 PM | 2 min read

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിന്‌ തുടർച്ചയായ രണ്ടാംജയം. ആവേശകരമായ അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ ഗോവ ഗാർഡിയൻസിനെയാണ്‌ കീഴടക്കിയത്‌. സ്‌കോർ: 15–12, 11–15, 15–10, 16–18, 13–15. ജെറോം വിനീത്‌ ആണ്‌ കളിയിലെ താരം.


ഷൂട്ടിങ്ങിലെ ഇതിഹാസ താരവും ഒളിമ്പിക്‌സ്‌ സ്വർണ മെഡൽ ജേതാവുമായ അഭിനവ്‌ ബിന്ദ്ര മത്സരം കാണാനെത്തിയിരുന്നു. മത്സരത്തിന് മുമ്പ് കളിക്കാരെ കാണുകയും ചെയ്‌തു. അവസാന നിമിഷംവരെ ആവേശംനിറഞ്ഞ കളിയിൽ നേരിയ വ്യത്യാസത്തിനായിരുന്നു ജയപരാജയങ്ങൾ മാറിമറഞ്ഞത്‌.


മിഡിൽ സോണിൽനിന്ന്‌ പ്രിൻസിന്റെ മിന്നുംപ്രകടനം ഗോവ ഗാർഡിയൻസ്‌ കരുത്തുറ്റ തുടക്കമാണ്‌ന ൽകിയത്‌. ജെഫെറി മെൻസലിന്റെ സെർവുകൾ ചെന്നൈയെ പരീക്ഷിച്ചു. തരുൺ ഗ‍ൗഡയുടെ മികവാണ്‌ നിർണായക ഘട്ടത്തിൽ ചെന്നൈക്ക്‌ ഉണർവ്‌ നൽകിയത്‌. കിടിലൻ സൂപ്പർ സെർവിലൂടെയാണ്‌ തുടങ്ങിയത്‌.


പിന്നാലെ ജെറോം വിനിത്‌ താളം കണ്ടെത്തിയതോടെ ചെന്നൈ കളിഗതി മാറ്റി. കളി തുല്യതയിൽ നിൽക്കെ നതാനിയേൽ ഡിക്കൻസൺ , മെൻസൽ എന്നിവരിലൂടെ ഗോവ മുന്നേറാൻ തുടങ്ങി. ഗോവ ക്യാപ്‌റ്റൻ ചിരാഗ്‌ പ്രതിരോധത്തെ ജെറോമിന്റെ കിടയറ്റ ആക്രമണങ്ങൾക്ക്‌ മുന്നിൽ പതറാതെ നിർത്താൻ ശ്രമിച്ചു. പ്രിൻസിന്റെ ബ്ലോക്കിങ്‌ ഗോവയ്‌ക്ക്‌ അനുകൂലമായി കളിഗതി തിരിച്ചു.


മെൻസലിന്റെ തുടർച്ചയായ എയ്‌സുകൾ ഗോവയ്‌ക്ക്‌ വിജയത്തിലേക്കുള്ള വഴി തെളിച്ചു. പക്ഷേ, അവസാന ഘട്ടത്തിൽ വരുത്തിയ പിഴവുകൾ വിനയായി. ചെന്നൈയുടെ ലൂയിസ്‌ ഫിലിപെ പെറോറ്റോ നിർണായക സൂപ്പർ സെർവിലൂടെ കളി അഞ്ചാം സെറ്റിലേക്ക്‌ നീട്ടി.


പിന്നീടുള്ള ഓരോ നിമിഷത്തിലും കളിഗതി മാറിമറിഞ്ഞു. ഡിക്കൻസൺ സൂപ്പർ പോയിന്റിലൂടെ ഗോവയെ മുന്നിലെത്തിച്ചു. അതേസമയം, സുരാജ്‌ ച‍ൗധരിയും ആദിത്യ റാണയും ചെന്നൈയെ മികവാർന്ന പ്രതിരോധത്തിലൂടെ കാത്തു. പിന്നാലെ ജെറോമിന്റെ കിടയറ്റ സ്‌മാനഷ്‌ ചെന്നൈക്ക്‌ സൂപ്പർ പോയിന്റ്‌ നൽകി.


തൊട്ടടുത്ത നിമിഷം ഡിക്കൻസൺ തിരിച്ചടിച്ചു. അവസാന നിമിഷം പെറോറ്റോയും സുരാജും ചിരാഗിന്റെ നീക്കം തടഞ്ഞതോടെ ചെന്നൈയെ വിലപ്പെട്ട 3–2ന്റെ ജയം കുറിച്ചു. നാളെ (വെള്ളി) രണ്ട്‌ മത്സരങ്ങളാണ്‌. കാലിക്കറ്റ്‌ ഹീറോസ്‌ വൈകിട്ട്‌ 6.30ന്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സുമായാണ്‌ കളി.


നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ്‌ ആദ്യ രണ്ട് കളിയിലുംതോറ്റു. പട്ടികയിലെ അവസാന സ്ഥാനക്കാരാണ്‌. രണ്ടാമത്തെ കളിയിൽ രാത്രി 8.30ന്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌ ഡൽഹി തൂഫാൻസിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home