ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടം; സ്പെയിനാണ് ഫേവറിറ്റുകളെന്ന് ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ്

Photo Credit:AFP
ടെക്സസ്: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനാണ് തങ്ങളെക്കാൾ കിരീടസാധ്യതയെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്.
ടെക്സസിലെ പ്രശസ്തമായ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടമായാണ് മത്സരം വിലയിരുത്തപ്പെടുന്നത്.
ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും പിന്നീട് മികച്ച ഫോമിലേക്ക് ഉയർന്ന സ്പെയിനിന്റെ പ്രതിരോധനിരയും ആക്രമണനിരയും ഒരുപോലെ ശക്തമാണെന്ന് ദെഷാംപ്സ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറോ ഏഴോ മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത്. സ്പെയിനിനോട് കളിച്ച അവസാന രണ്ട് മത്സരങ്ങളിലും ഫ്രാൻസ് പരാജയപ്പെട്ടിരുന്നു.
എന്നാൽ, ഫേവറിറ്റ് എന്ന ലേബലിന് താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ,ദെഷാംപ്സിന്റെ വാക്കുകളോട് പ്രതികരിച്ചു. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്ന സമ്മർദ്ദം എപ്പോഴും ടീമിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ സെമി ഫൈനലിൽ കളിക്കാൻ പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്ന് ദെഷാംപ്സ് സ്ഥിരീകരിച്ചു.
സ്പെയിനിന്റെ കൗമാര താരം ലാമിൻ യമാലിനെ പൂട്ടാൻ പ്രത്യേക തന്ത്രങ്ങൾ ഫ്രാൻസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments