ad
Deshabhimani

ഒത്തുകളി വിവാദവും ജനരോഷവും; 13 വർഷത്തെ ഭരണത്തിനൊടുവിൽ കൊറിയൻ ഫുട്ബോൾ തലവൻ പടിയിറങ്ങുന്നു

Chung Mong-gyu

ചുങ് മോങ്-ഗ്യു | Photo Credit: YONHAP

വെബ് ഡെസ്ക്

Published on May 29, 2026, 04:50 PM | 2 min read

സോൾ: കടുത്ത ജനരോഷത്തിനും വിമർശനങ്ങൾക്കും ഒടുവിൽ ദക്ഷിണ കൊറിയൻ ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) പ്രസിഡന്റ് ചുങ് മോങ്-ഗ്യു രാജിവെക്കുന്നു. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് ശേഷം താൻ സ്ഥാനമൊഴിയുമെന്ന് വെള്ളിയാഴ്ച അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.


തന്റെ 13 വർഷത്തെ ഭരണകാലയളവിൽ ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സ്വന്തം ഭാഗത്തുനിന്നുണ്ടായ പോരായ്മകളും യോഗ്യതക്കുറവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പ്രസ്താവനയിൽ സമ്മതിച്ചു.


തുടർച്ചയായി നാലാം തവണയും അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 65-കാരനായ ചുങ്, ഒത്തുകളി കേസിൽ ആജീവനാന്ത വിലക്ക് നേരിട്ട മുൻ കളിക്കാരെ കുറ്റവിമുക്തരാക്കാൻ ശ്രമിച്ചതോടെയാണ് കടുത്ത ജനരോഷത്തിന് ഇരയായത്.


കൂടാതെ, 2023-ൽ ജർമ്മനിയുടെ ഇതിഹാസ താരം യൂർഗൻ ക്ലിൻസ്മാനെ ദക്ഷിണ കൊറിയൻ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചപ്പോൾ, അസോസിയേഷന്റെ കൃത്യമായ മാനദണ്ഡങ്ങൾ ചുങ് അട്ടിമറിച്ചതായും ആരോപണമുയർന്നിരുന്നു.


ക്ലിൻസ്മാന്റെ കീഴിൽ ടീം വൻ പരാജയമായി മാറിയതോടെ വെറും 12 മാസത്തിനുള്ളിൽ അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ രണ്ട് താൽക്കാലിക കോച്ചുമാരെ നിയമിച്ചതും ചുങ്ങിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാക്കി.


വരാനിരിക്കുന്ന ലോകകപ്പ് ഫൈനൽ പൂർത്തിയാകുന്ന ജൂലൈ 19-ന് അദ്ദേഹം ഔദ്യോഗികമായി രാജി സമർപ്പിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 85.6 ശതമാനം വോട്ടുകൾ നേടിയാണ് ചുങ് നാലാം തവണയും പ്രസിഡന്റായത്.


ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ദക്ഷിണ കൊറിയ മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക്, ആതിഥേയരായ മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 11-ന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് കൊറിയയുടെ ആദ്യ മത്സരം.


പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കുടുംബത്തിലെ അംഗം കൂടിയായ ചുങ്, നിലവിലെ പരിശീലകൻ ഹോങ് മ്യുങ്-ബോയ്ക്കും ടീമിനും പൂർണ്ണ പിന്തുണ നൽകാൻ കൊറിയൻ ആരാധകരോട് അഭ്യർത്ഥിച്ചു.


ലോകകപ്പിൽ ദേശീയ ടീമിന് മികച്ച ഫലങ്ങൾ കൈവരിക്കാൻ പിന്തുണ നൽകുക എന്നത് പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അവസാനത്തെ കടമയാണെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും ചുങ് കൂട്ടിച്ചേർത്തു.


അതേസമയം, രണ്ട് വർഷം മുമ്പ് രണ്ടാം തവണയും കൊറിയൻ പരിശീലകനായി ചുമതലയേറ്റ ഹോങ് മ്യുങ്-ബോയ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ ആരാധകർ സ്റ്റേഡിയത്തിൽ വലിയ രീതിയിൽ പ്രതിഷേധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home