സൂപ്പർ പിഎസ്ജി; യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി

സാൽസ്‌ബുർഗ് : യൂറോപ്യൻ ഫുട്‌ബോളിന്റെ വരവറിയിച്ച സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി. ഓസ്ട്രിയയിലെ സാൽസ്‌ബുർഗ് റെഡ്‌ബുൾ അരീനയിൽ നടന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ 2-1ന് തോൽപ്പിച്ചാണ് പിഎസ്ജി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്.
ഇരുപതാം മിനിറ്റിൽ തന്നെ പിഎസ്ജി കളിയിൽ ആധിപത്യമുറപ്പിച്ചു. ഖ്വിച ക്വരാത്‌സ്‌ഖേലിയയാണ് തകർപ്പൻ ഗോൾ നേടിയത്. എന്നാൽ ആദ്യപകുതിയിൽ തന്നെ ആസ്റ്റൺ വില്ല സമനില പിടിച്ചു. 45ാം മിനിറ്റിൽ 17കാരനായ ബ്രയാൻ മാഡ്ജോയാണ് വില്ലയുടെ സമനില ഗോൾ നേടിയത്. യുവേഫ സൂപ്പർ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബ്രയാൻ. 46ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർതാരം ഉസ്‌മാൻ ഡെംബലെ കളത്തിലിറങ്ങി.
61ാം മിനിറ്റിലാണ് പിഎസ്ജിയുടെ വിജയഗോൾ പിറന്നത്. ഡെസിറെ ഡൂവെയാണ് ഗോൾ നേടിയത്. പിഎസ്ജിയുടെ ആദ്യ ഗോളിന് പിന്നിലും ഡൂവെയായിരുന്നു. പിന്നാലെ വില്ല ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ വിട്ടുനിന്നു.
പരിശീലകൻ ലൂയിസ് എൻറിക്വെയുടെ കീഴിൽ പിഎസ്ജിയുടെ 13-ാം കിരീടമാണിത്. വിജയത്തോടെ റയൽ മാഡ്രിഡിനുശേഷം (2016, 2017) കപ്പ് നിലനിർത്തുന്ന ആദ്യ ടീമായി പിഎസ്ജി മാറി. കഴിഞ്ഞ തവണ ടോട്ടനം ഹോട്‌സ്‌പറിനെയാണ് തോൽപ്പിച്ചത്.










0 comments