ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞു; 2 പൊലീസുകാരെ കാണാതായി

അപകടത്തിൽപ്പെട്ട ബോട്ട് കണ്ടെത്തിയപ്പോൾ
കൊച്ചി: ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കടലിൽ കാണാതായി. സുഹേലി ദ്വീപിലെ ഒൗട്ട് പോസ്‌റ്റിൽ സേവനത്തിന് നിയോഗിച്ചിരുന്ന കവരത്തി പൊലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾമാരായ കെ എം നബീൽ (34), കെ സി ഹിദായത്തുള്ള (49) എന്നിവരെയാണ് കാണാതായത്.
ചൊവ്വ വൈകിട്ടോടെയായിരുന്നു സംഭവം. കടലിൽ പട്രോളിങ്ങിനിടെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന കോൺസ്‌റ്റബിൾ ഉമർ നീന്തിരക്ഷപ്പെട്ടു. ആറ് മണിക്കൂറോളം സാഹസികമായി നീന്തിയാണ് ഇദ്ദേഹം കരപറ്റിയത്. തുടർന്ന് മേലധികാരികളെ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെകൂടി സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ലഭിച്ചു.
ആൾപാർപ്പില്ലാത്ത ദ്വീപാണ് സുഹേലി. സുരക്ഷയുടെ ഭാഗമായി ഇവിടെ പൊലീസിനെ വിന്യസിക്കാറുണ്ട്. കവരത്തി സ്വദേശിയാണ് നബീൽ. ആന്ത്രോത്ത് സ്വദേശിയാണ് ഹിദായത്തുള്ള. രക്ഷപ്പെട്ട ഉമറിനെ ഹെലികോപ്‌ടറിൽ കവരത്തിയിൽ എത്തിച്ചു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments