മാളവിക തിളങ്ങി ; ഇന്ത്യ 13 മംഗോളിയ 0


Sports Desk
Published on Jun 24, 2025, 12:12 AM | 1 min read
ബാങ്കോക്ക്
ഇന്ത്യൻ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് കേരളത്തിന്റെ പി മാളവിക. ഏഷ്യൻ കപ്പ് വനിതാ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ മംഗോളിയക്കെതിരെയാണ് കാസർകോട്ടുകാരിയുടെ പ്രകടനം. പകരക്കാരിയായെത്തിയാണ് ലക്ഷ്യം കണ്ടത്. 26 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യൻ ടീമിൽ മലയാളി കളിക്കുന്നത്. ഏകപക്ഷീയമായ കളിയിൽ ഇന്ത്യ മംഗോളിയയെ 13 ഗോളിന് തരിപ്പണമാക്കി. മുന്നേറ്റക്കാരി പ്യാരി സാസ അഞ്ച് ഗോളടിച്ചു. സൗമ്യ ഗുഗലോത്തും പ്രിയദർശിനി സെല്ലദുരെയെയും ഇരട്ടഗോൾ നേടി. സംഗീത ബാസ്‌ഫൊരെ, റിംപ ഹൽദാർ, ഗ്രേസ് ദാങ്‌മെയ് എന്നിവർ പട്ടിക തികച്ചു. ആദ്യ പകുതിയിൽ 4–-0ന് മുന്നിലായിരുന്നു ഇന്ത്യ. മലയാളിയായ പി വി പ്രിയയാണ് സഹപരിശീലക. ക്രിസ്‌പിൻ ഛേത്രി മുഖ്യകോച്ചും.
യോഗ്യതാ റൗണ്ട് മത്സര ചരിത്രത്തിൽ എക്കാലത്തെയും മികച്ച ജയമാണ് ഇന്ത്യ തായ്‌ലൻഡിലെ ചിയാങ് മയ് സ്‌റ്റേഡിയത്തിൽ കുറിച്ചത്.അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യത ലക്ഷ്യമിട്ട് ആദ്യ കളിക്കിറങ്ങിയ ഇന്ത്യൻ വനിതകൾ എതിരാളിയെ നിലംപരിശാക്കി. കളിയിൽ ഒരിക്കൽപോലും മംഗോളിയ ഭീഷണിയായില്ല. എട്ടാം മിനിറ്റിൽ സംഗീതയാണ് ഗോൾവേട്ട ആരംഭിച്ചത്. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളയ്‌ക്ക് മുമ്പ് രണ്ട് ഗോൾ നേടിയ പ്യാരി രണ്ടാംപകുതിയുടെ ആദ്യ മിനിറ്റിൽത്തന്നെ ഹാട്രിക് പൂർത്തിയാക്കി. അടുത്ത ഒമ്പത് മിനിറ്റിനുള്ളിൽ ഒഡിഷക്കാരി രണ്ട് ഗോൾ കൂടി നേടി.
64–-ാം മിനിറ്റിലാണ് മാളവിക കളത്തിലെത്തിയത്. 70–-ാം മിനിറ്റിൽ ലക്ഷ്യം കാണുകയും ചെയ്‌തു. വലതുമൂലയിൽനിന്നും സഹതാരം കിരൺ പിസ്‌ദ നൽകിയ പാസ് ഇരുപത്തൊന്നുകാരി അനായാസം ലക്ഷ്യത്തിലെത്തിച്ചു. വലയിൽ ഗോൾ നിറഞ്ഞപ്പോൾ മംഗാേളിയ ഗോളിയെ മാറ്റി. കളി അവസാനിക്കാൻ പത്ത് മിനിറ്റുള്ളപ്പോഴാണ് മാറ്റം. എന്നിട്ടും ഇന്ത്യ ഒരു ഗോൾകൂടി അടിച്ചു. 29ന് തിമോർ ലെസ്റ്റെയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.









0 comments