ad
Deshabhimani

വിശ്വവേദിയിലേക്ക് മാസ് എൻട്രി; ജർമ്മനിയുടെ ലോകകപ്പ് ഗോൾകീപ്പറായി വിരമിച്ച താരം തിരിച്ചെത്തുന്നു

Manuel Neuer

Photo Credit: AP

വെബ് ഡെസ്ക്

Published on May 21, 2026, 06:32 PM | 2 min read

ബെർലിൻ: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയറെ ടീമിലേക്ക് തിരികെ എത്തിച്ച് ജർമ്മൻ കോച്ച് ഹൂലിയൻ നാഗെൽസ്മാൻ.


2024 ലെ യൂറോ കപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച 40-കാരനായ നോയറെ, വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ജർമ്മൻ സ്ക്വാഡിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫുട്ബോൾ ലോകത്തെ മുഴുവൻ നാഗെൽസ്മാൻ ഞെട്ടിച്ചത്. ബയേൺ മ്യൂണിക്കിനായി സമീപകാലത്ത് താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് പരിശീലകനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.


നോയറുടെ അപ്രതീക്ഷിത തിരിച്ചുവരവ് നിലവിലെ ഗോൾകീപ്പർ ഒലിവർ ബൗമാന് കനത്ത തിരിച്ചടിയായി മാറി. വിശ്വവേദിയിൽ ജർമ്മനിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ താനായിരിക്കുമെന്ന ഉറപ്പ് പരിശീലകനിൽ നിന്നും ലഭിച്ച ബൗമാൻ, കഴിഞ്ഞ ആഴ്ച വരെ ആ ആത്മവിശ്വാസത്തിലായിരുന്നു.


എന്നാൽ അവസാന നിമിഷം നാഗെൽസ്മാൻ നോയറെ വിളിച്ചതോടെ ബൗമാന് ബെഞ്ചിലേക്ക് മാറേണ്ടി വരും. നോയറുടെ മടങ്ങിവരവ് 35 കാരനായ ബൗമാന് വലിയൊരു ആഘാതമാണെന്ന് സമ്മതിച്ച നാഗെൽസ്മാൻ, കരിയറിൽ 500 ലധികം ബുണ്ടസ്ലീഗ മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള ബൗമാൻ തന്റെ വ്യക്തിപരമായ നിരാശ ടീമിന്റെ വിജയത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.


പരിക്കിന്റെ പിടിയിലായ മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗന് ടീമിൽ ഇടം നേടാൻ കഴിയാതെ പോയതാണ് നോയറെ തിരികെ വിളിക്കാൻ പ്രധാന കാരണമായത്. ജർമ്മനിക്കായി 124 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള നോയറുടെ സാന്നിധ്യം ടീമിന് കരുത്താകുമെങ്കിലും, താരത്തെ നിരന്തരം അലട്ടുന്ന പരിക്കുകൾ ജർമ്മൻ ക്യാമ്പിൽ ആശങ്കയുണർത്തുന്നുണ്ട്. നിലവിൽ ഇടത് കാൽവണ്ണയിലെ പേശിവേദന കാരണം വിശ്രമത്തിലുള്ള നോയർ, ശനിയാഴ്ച നടക്കുന്ന ജർമ്മൻ കപ്പ് ഫൈനലിൽ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല.


ആരാധകരിൽ ആവേശം നിറയ്ക്കുന്നതിനായി ഇത്തവണ ജർമ്മൻ ഫുട്ബോൾ ഫെഡറേഷൻ വ്യത്യസ്തമായ രീതിയിലാണ് ടീം പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയയിലൂടെ കളിക്കാരെ ഓരോരുത്തരായി പുറത്തുവിട്ട ശേഷമാണ് കോച്ച് വാർത്താസമ്മേളനം നടത്തിയത്.


സൂപ്പർ താരം ജോഷ്വ കിമ്മിഷിന്റെ പേരാണ് ആദ്യം പുറത്തുവിട്ടത്. പരിക്കിൽ നിന്നും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത 23-കാരനായ യുവതാരം ജമാൽ മുസിയാലയും ടീമിലിടം നേടി. പരിക്കേറ്റ ഫോർവേഡ് സെർജ് ഗ്നാബ്രിക്ക് ലോകകപ്പ് നഷ്ടമാകും.


നാല് തവണ ലോകചാമ്പ്യന്മാരായ ജർമ്മനി ഇത്തവണ ഗ്രൂപ്പ് ഇ-യിലാണ് മത്സരിക്കുന്നത്. ഐവറി കോസ്റ്റ്, ഇക്വഡോർ, കന്നിപ്പോരാട്ടത്തിനെത്തുന്ന കുറക്കാവോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. മെയ് 27-ന് ബവേറിയൻ റിസോർട്ടിൽ ജർമ്മനിയുടെ പരിശീലന ക്യാമ്പ് ആരംഭിക്കും.


ലോകകപ്പിന് മുന്നോടിയായി മെയ് 31-ന് ഫിൻലൻഡിനെതിരെയും, ജൂൺ 6-ന് അമേരിക്കക്കെതിരെയും ജർമ്മനി വാം-അപ്പ് മത്സരങ്ങൾ കളിക്കും. അഞ്ചാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ജർമ്മനി സർവ്വ സജ്ജരാണെന്ന് കോച്ച് നാഗെൽസ്മാൻ വ്യക്തമാക്കി.


ജർമ്മനിയുടെ 26 അംഗ ലോകകപ്പ് ടീം


ഗോൾകീപ്പർമാർ: ഒലിവർ ബൗമാൻ (ഹോഫൻഹൈം), മാനുവൽ നോയർ (ബയേൺ മ്യൂണിക്), അലക്സാണ്ടർ ന്യൂബൽ (സ്റ്റുട്ട്ഗാർട്ട്)


ഡിഫൻഡർമാർ: ജോഷ്വ കിമ്മിഷ് (ബയേൺ മ്യൂണിക്), നിക്കോ ഷ്ലോട്ടർബെക്ക് (ബൊറൂസിയ ഡോർട്മുണ്ട്), നഥാനിയേൽ ബ്രൗൺ (ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്), ഡേവിഡ് റൗം (ലീപ്സിഗ്), വാൽഡെമർ ആന്റൺ (ബൊറൂസിയ ഡോർട്മുണ്ട്), പാസ്കൽ ഗ്രോസ് (ബ്രൈറ്റൺ), അന്റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്), മാലിക് തിയാവ് (ന്യൂകാസിൽ), ജോനാഥൻ താ (ബയേൺ മ്യൂണിക്)


മിഡ്ഫീൽഡർമാർ: ജമാൽ മുസിയാല (ബയേൺ മ്യൂണിക്), ജാമി ലെവെലിംഗ് (സ്റ്റുട്ട്ഗാർട്ട്), അലക്സാണ്ടർ പാവ്‌ലോവിച്ച് (ബയേൺ മ്യൂണിക്), നാദിം അമീരി (മൈൻസ്), ഫെലിക്സ് നമേച്ച (ബൊറൂസിയ ഡോർട്മുണ്ട്), ആഞ്ചലോ സ്റ്റില്ലർ (സ്റ്റുട്ട്ഗാർട്ട്), ലിയോൺ ഗോറെറ്റ്സ്ക (ബയേൺ മ്യൂണിക്)


ഫോർവേഡുകൾ: കൈ ഹാവെർട്സ് (ആഴ്സണൽ), ഡെനിസ് ഉണ്ടാവ് (സ്റ്റുട്ട്ഗാർട്ട്), മാക്സിമിലിയൻ ബെയർ (ബൊറൂസിയ ഡോർട്മുണ്ട്), ഫ്ലോറിയൻ വിർട്സ് (ലിവർപൂൾ), നിക്ക് വോൾട്ടെമേഡ് (ന്യൂകാസിൽ), ലെന്നാർട്ട് കാൾ (ബയേൺ മ്യൂണിക്), ലെറോയ് സാനെ (ഗലാറ്റസറേ)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home