ad
Deshabhimani

യാത്രക്കാർ ശ്രദ്ധിക്കുക! നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ​നഗരത്തിൽ ഗതാഗത നിയന്ത്രണം

nehru trophy k s anand
വെബ് ഡെസ്ക്

Published on Aug 22, 2026, 08:11 AM | 1 min read

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 9 മണി മുതൽ ആലപ്പുഴ ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചകഴിഞ്ഞ് 1 മണിമുതൽ വൈകുന്നേരം 6 മണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ ബസ് സ്റ്റാൻഡിലേക്ക് കടത്തിവിടില്ല. ‌‌


എറണാകുളം ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കണം. അതിന് ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം.


കൊല്ലം ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കി ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം.


എസി റോഡിലൂടെ വരുന്ന ആലപ്പുഴ വരെയുള്ള കെഎസ്ആർടിസി ബസുകൾ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിൽ എത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകണം.


വാ​ഹന പാർക്കിം​ഗ്


നെഹ്റു ട്രോഫി വള്ളംകളി ആസ്വദിക്കാനെത്തുന്നവർക്ക് റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്‌ പൊലീസ് എയ്‌ഡ്‌ പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്കിം​ഗ് സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. നെഹ്‌റു ട്രോഫി ജലോത്സവത്തോട് അനുബന്ധിച്ച് ഇന്ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home