26 വർഷത്തിനുശേഷം ഇന്ത്യൻ വനിതാ ടീമിലെത്തിയ മലയാളി
മാളവികയ്‌ക്ക് സ്വപ്‌നക്കുപ്പായം

അജിൻ ജി രാജ്
Published on Jun 17, 2025, 12:04 AM | 1 min read
കോഴിക്കോട്: കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ ഒരു മലയാളി. കാസർകോട് സ്വദേശി പി മാളവിക. 1999ൽ ബെന്റില ഡികോത്തയാണ് ഇന്ത്യക്കായി അവസാനം ബൂട്ട് കെട്ടിയ മലയാളിതാരം. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനുള്ള സംഘത്തിലാണ് ഇരുപത്തൊന്നുകാരിയായ മാളവിക ഇടംപിടിച്ചത്. തായ്‌ലൻഡിലാണ് മത്സരങ്ങൾ. ഗ്രൂപ്പ് ബിയിൽ 23ന് മംഗോളിയയുമായാണ് ഇന്ത്യയുടെ ആദ്യ കളി. 29ന് തിമോർ ലെസ്‌റ്റിനെയും ജൂലൈ രണ്ടിന് ഇറാഖിനെയും അഞ്ചിന് തായ്‌ലൻഡിനെയും നേരിടും. ഗ്രൂപ്പ് ജേതാക്കൾ അടുത്ത വർഷം മാർച്ചിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കും.
വലത് വിങ്ങറായ മാളവിക നീലേശ്വരം ബങ്കളം സ്വദേശിയാണ്. ജിഎച്ച്‌എസ്‌എസ് കക്കാട്ടിലായിരുന്നു പ്ലസ് ടുവരെ പഠനം. 11–-ാം വയസ്സിൽ അച്ഛൻ പ്രസാദ് മരിച്ചു. അമ്മ മിനിയാണ് കൗമാരക്കാരിയുടെ ഫുട്‌ബോൾ സ്വപ്നങ്ങൾക്ക് നിറംനൽകിയത്. സഹോദരൻ സിദ്ധാർഥയും കരുതലായി കൂടെനിന്നു. പത്താം വയസ്സിൽ പന്ത് തൊട്ടു. അയൽക്കാരനായ പരിശീലകൻ നിധീഷ് ബങ്കളമാണ് പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത്. മാളവികയെ കളിപഠിപ്പിച്ചതും ഉയർച്ചയിൽ എത്തിച്ചതുമെല്ലാം നിധീഷിന്റെ ‘വുമൺസ് ഫുട്‌ബോൾ ക്ലിനിക്കാണ്’. 2018ലും 2019ലും കേരള സബ് ജൂനിയർ ടീമിൽ ഇടംപിടിച്ചത് വഴിത്തിരിവായി. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിൽ ഇടംപിടിച്ചു.
ബംഗളൂരുവിലെ മിസാക യുണൈറ്റഡ്, ട്രാവൻകൂർ എഫ്‌സി, കെമ്പ് എഫ്‌സി, കൽക്കത്തയിലെ റെയിൻബോ അത്‌ലറ്റിക് ക്ലബ്, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകൾക്കായി കളിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ വനിതാ ടീം അടച്ചുപൂട്ടിയതോടെ സേതു എഫ്‌സിയിലേക്ക് ചേക്കേറി. കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ തമിഴ്‌നാട് ക്ലബ്ബിനായി നടത്തിയ പ്രകടനമാണ് ദേശീയ ശ്രദ്ധയാകർഷിച്ചത്. ഇതോടെ ക്യാമ്പിലേക്കുള്ള വിളിവന്നു. ഒടുവിൽ സ്വപ്നക്കുപ്പായത്തിലുള്ള അരങ്ങേറ്റത്തിനുള്ള അവസരവും. ഉസ്‌ബെക്കിസ്ഥാനെതിരായ സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യക്കായി കളിച്ചിരുന്നു.
കേരള ഫുട്‌ബോൾ അസോസിയേഷന്റെ കഴിഞ്ഞ സീസണിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും നേടിയ മാളവിക തൃശൂർ കാർമൽ കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ്. 23 അംഗ ടീമിന്റെ മുഖ്യ കോച്ച് ക്രിസ്‌പിൻ ഛേത്രിയാണ്. മലയാളിയായ പി വി പ്രിയയാണ് അസി. കോച്ച്.









0 comments