print edition യുവകേരളം; ദേശീയ അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻമാർ

ഛത്തീസ്‌ഗഢിലെ നാരായൻപുരിൽ നടന്ന ദേശീയ അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ് ജേതാക്കളായ കേരള ടീം ട്രോഫിയുമായി ആഘോഷത്തിൽ
നാരായൻപുർ (ഛത്തീസ്‌ഗഢ്): ഇന്ത്യൻ ഫുട്‌ബോളിൽ കേരളത്തിന്റെ കൗമാര വിപ്ലവം. മിസോറമിനെ 4–2ന് തോൽപ്പിച്ച് ആദ്യമായി ദേശീയ അണ്ടർ 20 ചാമ്പ്യഷിപ് കിരീടം സ്വന്തമാക്കി. ആദ്യപകുതി രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കേരളത്തിന്റെ ഉശിരൻ തിരിച്ചുവരവ്. ഇരട്ടഗോളുമായി ടൂർണമെന്റിന്റെ ഗോൾവേട്ടക്കാരനായ ഷെറിൽ ഷാജി തോമസ് പടനയിച്ചു. കെ ആർ അജിത്, ഇ കെ ഷാമിൽ എന്നിവരും ലക്ഷ്യം കണ്ടു. മെസക് ലാൽറിംഗേറ്റയും വാൻലാൽറാംഗയും മിസോറമിനായി ഗോളടിച്ചു.
കേരളത്തിന്റെ മധ്യനിരക്കാരൻ കാൽവിൻ തോമസാണ് ടൂർണമെന്റിന്റെ താരം. ഏഴ് കളിയിൽ 13 ഗോളടിച്ച ഷെറിൽ സുവർണ പാദുകവും നേടി. 1995ലാണ് അവസാനമായി കേരളം ഒരു യൂത്ത് ചാമ്പ്യൻഷിപ് ജയിച്ചത്. അന്ന് അണ്ടർ 21 ടൂർണമെന്റിൽ കിരീടമുയർത്തി.
ക്വാർട്ടറിൽ മേഘാലയക്കെതിരെയും സെമിയിൽ പഞ്ചാബിനെതിരെയും ഗോൾവഴങ്ങിയശേഷമായിരുന്നു കേരളം ജയംപിടിച്ചത്. ഛത്തീസ്‌ഗഢിലെ നാരായൻപുർ ആർ കെ ആശ്രമം ഗ്രൗണ്ടിൽ നടന്ന കലാശപ്പോരിലും ഇതാവർത്തിച്ചു. തുടക്കത്തിലേ 2–0ന് പിന്നിലായി. എന്നാൽ രണ്ടാംപകുതി കരുത്ത് വീണ്ടെടുത്ത് കുതിച്ചു. ഇന്ത്യൻ സഹപരിശീലകനായിരുന്ന ടി എ രഞ്ജിത്തിന് കീഴിലാണ് മലയാളിപ്പട കിരീടമുയർത്തിയത്. കളിച്ച ഏഴിലും ജയിച്ചു. 36 ഗോളടിച്ചപ്പോൾ അഞ്ചെണ്ണം മാത്രം വഴങ്ങി. ഗ്രൂപ്പിൽ ജമ്മു കശ്‌മീർ, ഉത്തരാഖണ്ഡ്, ചണ്ഡീഗഢ്, ആൻഡമാൻ ആൻഡ് നിക്കോബാർ ടീമുകളെയാണ് തോൽപ്പിച്ചത്.
ടീം–എം വി ഡാനിഷ് (ക്യാപ്‌റ്റൻ), ഫയാദ് ഫിറോസ്, എം അനൽ, സ്‌റ്റെഫാനോ ജോസ്, റാഫേൽ ലിയാൻസ് സെക്വിറ, കെ ആർ അജിത്, സിറിൻ വർഗീസ് വിജു, കെ ആദിത്, പി എം ശരൺ ദേവ്, സി കെ അനിൻ മുഹമ്മദ്, ടിനു ബാബു, വി എസ് പിയൂഷ്, കാൽവിൻ തോമസ്, ഇ കെ ഷാമിൽ, കെ പി അതീന്ദ്രൻ, ഷെറിൽ ഷാജി തോമസ്, ടി എച്ച് ഉസ്‌മാൻ, സി എ ഉമ്മർ അഫാഫ്.
കോച്ച്: ടി എ രഞ്ജിത്, മാനേജർ: എ എസ് അജി, ഫിസിയോ: എം കെ അഹമ്മദ് സനാഹ്.










0 comments