ad
Deshabhimani

print edition 'തെറ്റുപറ്റി; മാപ്പ്': ഫിഫ പ്രസിഡന്റ്

FIFA.jpg

വനിതാ നേഷൻസ് കപ്പ് മത്സരം കാണാൻ ഇൻഫാന്റിനോ മൊറോക്കോയിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 07, 2026, 01:57 AM | 1 min read

റാബത്ത്‌: കുറ്റസമ്മതം നടത്തി ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ. ലോകകകപ്പ്‌ ഫുട്‌ബോൾ ഉൾപ്പെടെയുള്ള ടൂർണമെന്റുകളുടെ നടത്തിപ്പ്‌ സ്വകാര്യ കമ്പനികൾക്ക്‌ ഏൽപ്പിക്കാൻ നടത്തിയ നീക്കം തെറ്റായിരുന്നുവെന്നും മാപ്പ്‌ പറയുന്നതായും അമ്പത്താറുകാരൻ ഫിഫ ഉന്നതാധികാര സമിതിയിൽ പറഞ്ഞു.


മൊറോക്കോയിലെ റാബത്തിൽ ഫിഫയുടെ ആഫ്രിക്കൻ ഓഫീസിൽ ചേർന്ന യോഗത്തിലാണ്‌ ഇൻഫാന്റിനോയുടെ തുറന്നുപറച്ചിൽ. കടുംപിടിത്തം തുടർന്നാൽ രാജിവയ്‌ക്കേണ്ടി വരുമെന്ന്‌ വ്യക്തമായതോടെയാണ്‌ നിലപാടിൽ അയവ്‌ വരുത്തിയത്‌.


പ്രസിഡന്റായി തുടരുമെങ്കിലും ഇൻഫാന്റിനോയ്‌ക്കെതിരായ നീക്കം അണിയറയിൽ ശക്തമാണ്‌. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ബദൽ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ എതിർചേരി. യൂറോപ്യൻ ഭരണസമിതിയായ യുവേഫയാണ്‌ ഇൻഫാന്റിനോയ്‌ക്കെതിരെ കടുത്ത എതിർപ്പുമായി രംഗത്തുള്ളത്‌.


യോഗത്തിൽ വിമർശം നേരിട്ട ഇൻഫാന്റിനോ മറുപടി പ്രസംഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. മുതിർന്ന ഭാരവാഹികൾ ഉൾപ്പെടെ പ്രസിഡന്റിന്‌ എതിരായിരുന്നു. എന്നാൽ മാപ്പ്‌ പറഞ്ഞതോടെ കാര്യങ്ങൾ രമ്യതയിലായി. ബാഹ്യഇടപെടലിനെ തുടർന്ന്‌ രാജിവയ്‌ക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. നടന്ന കാര്യങ്ങൾ എല്ലാ അസോസിയേഷനുകളോടും വിശദീകരിക്കാനും പദ്ധതിയുണ്ട്‌. 211 രാജ്യാന്തര അസോസിയേഷനുകൾക്കും ഇൻഫാന്റിനോയുടെയും ഫിഫ സെക്രട്ടറി ജനറൽ മാതിയാസ്‌ ഗ്രാഫ്‌സ്‌റ്റോമിന്റെയും പേരിലുള്ള ഒ‍ൗദ്യോഗിക കത്തയച്ചു.


സ്വകാര്യവത്‌കരണത്തിൽ തെറ്റ്‌ പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ക്ഷമ ചോദിക്കുന്നതായും കത്തിലുണ്ട്‌. യോഗത്തിന്‌ പിന്നാലെ ഇൻഫാന്റിനോ മൊറോക്കോയിൽ നടക്കുന്ന വനിതാ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ മത്സരം കാണാനുമെത്തി. യോഗതീരുമാനങ്ങൾ അറിയിച്ചുള്ള വാർത്താകുറിപ്പിൽ പ്രസിഡന്റിനും സംഘടനയ്‌ക്കുമെതിരെ ബോധപൂർവമുള്ള ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന്‌ വഴങ്ങില്ലെന്നും ഫിഫ അറിയിച്ചു.


ഇതിനിടെ 2030 ലോകകപ്പ്‌ ഫൈനൽ വേദി മൊറോക്കോയ്‌ക്ക്‌ ഇൻഫാന്റിനോ വഴിവിട്ട്‌ അനുവദിച്ചെന്ന വാർത്തയും പുറത്തുവന്നു. വ്യക്തിപിന്തുണയ്‌ക്കുള്ള പാരിതോഷികമാണിതെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. സ്‌പെയ്‌നിനെ തഴഞ്ഞാണ്‌ ലോകകപ്പ്‌ ഫൈനൽ വേദി മൊറോക്കോയ്‌ക്ക്‌ അനുവദിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home