ചാമ്പ്യൻസ് ലീഗിൽ തീപാറും; ഏറ്റുമുട്ടാൻ ചിരവൈരികൾ: ക്വാർട്ടർ ചിത്രം തെളിഞ്ഞു

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ തീപാറും പോരാട്ടങ്ങൾ. പ്രീക്വാർട്ടറുകൾ പൂർത്തിയായി ക്വാർട്ടർ ചിത്രം തെളിഞ്ഞതോടെ ചിരവൈരികളുടെ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിരവൈരികളായ റയൽ മാഡ്രിഡ് - ബയേൺ മ്യൂണിക് പോരാട്ടമാണ് കാൽപ്പന്തുപ്രേമികൾ കാത്തിരിക്കുന്ന മത്സരം. മാഞ്ചസ്റ്റർ സിറ്റിയെ അനായാസം പരാജയപ്പെടുത്തിയാണ് റയൽ ക്വാർട്ടറിലെത്തിയത്. ഇരുപാദങ്ങളിലുമായി 5–1ന്റെ മുൻതൂക്കത്തോടെയാണ് സ്‌പാനിഷ് വമ്പൻമാർ ബയേണിനെതിരെ ഒരുങ്ങുന്നത്. അതേസമയം അറ്റ്ലാന്റയെ വലിയ മാർജിനിൽ തോൽപ്പിച്ചാണ് ബയേൺ എത്തുന്നത്. ഇരുപാദങ്ങളുമായി രണ്ടിനെതിരെ പത്ത് ഗോളാണ് ബയേൺ അടിച്ചുകൂട്ടിയത്. ഏപ്രിൽ ഏഴിന് മാഡ്രിഡിലെ സാന്റിയാഗോ ബെർണാബ്യുവിലാണ് ആദ്യപാദ മത്സരം. ജർമനിയിലെ മ്യൂണിക്കിൽ ഏപ്രിൽ 15ന് രണ്ടാം പാദ മത്സരം നടക്കും.
സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും അത്‍ലറ്റിക്കോ മാഡ്രിഡുമാണ് മറ്റൊരു മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ന്യൂകാസിൽ യുണെറ്റഡിനെ രണ്ട് പാദങ്ങളിലുമായി 7-2ന് തോൽപ്പിച്ചാണ് ബാഴ്സ എത്തുന്നത്. കഴിഞ്ഞ സീസണുകളിലെ തോൽവിയുടെ ക്ഷീണം മറക്കാൻ സജ്ജമായാണ് സ്പാനിഷ് പട എത്തുന്നത്. രണ്ടാം പാദത്തിൽ തോറ്റെങ്കിലും രണ്ട് പാദങ്ങളിലുമായി 7-5ന്റെ വിജയത്തിലാണ് അത്‍ലറ്റിക്കോയുടെ വരവ്. പ്രീക്വാർട്ടറിൽ ടോട്ടനം ഹോട്സ്പറിനെയാണ് പരാജയപ്പെടുത്തിയത്. ഏപ്രിൽ എട്ടിന് സ്പെയിനിലെ ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ ആദ്യപാദവും ഏപ്രിൽ 14ന് മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ രണ്ടാം പാദ ക്വാർട്ടറും നടക്കും.
ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളും തമ്മിലുള്ള മത്സരമാണ് മറ്റൊരു പോരാട്ടം. 8-2 എന്ന ആധികാരിക സ്കോറിൽ ചെൽസിയെ പരാജയപ്പെടുത്തിയാണ് പിഎസ്ജി ക്വാർട്ടർ ടിക്കറ്റ് നേടിയത്. തുർക്കി ക്ലബ്ബായ ഗലാറ്റ്സരെയെ ഇരുപാദങ്ങളിലുമായി 4-1ന് പരാജയപ്പെടുത്തിയാണ് ലിവർപൂളിന്റെ വരവ്. ഒന്നാം പാദത്തിൽ 1 ഗോളിന് ഗലാറ്റ്സരെ ജയിച്ചെങ്കിലും രണ്ടാം പാദത്തിൽ 4 ഗോൾ തിരിച്ചടിച്ച് ലിവർപൂൽ ക്വാർട്ടർ ടിക്കറ്റുറപ്പിച്ചു. ഏപ്രിൽ എട്ടിന് പാരീസിലെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ ഒന്നാംപാദവും ഏപ്രിൽ 14ന് ഇംഗ്ലണ്ടിലെ ആൻഫീൽഡിൽ രണ്ടാം പാദവും നടക്കും.
മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണും അഴ്സണലും ഏറ്റുമുട്ടും. വമ്പൻമാരെ വിറപ്പിച്ചെത്തിയ നോർവെ ക്ലബ് ബോഡോ എഫ്‌കെയെ ഇരുപാദങ്ങളിലുമായി 5-3ന് പരാജയപ്പെടുത്തിയാണ് സ്പോർട്ടിങ്ങിന്റെ ക്വാർട്ടർ പ്രവേശം. ബയേൽ ലെവർകൂസനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് അഴ്സണൽ എത്തുന്നത്. ഒന്നാം പാദം ഏപ്രിൽ ഏഴിന് ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവാലേഡിലും രണ്ടാം പാദം ഏപ്രിൽ 15ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലും നടക്കും. ഏപ്രിൽ 28/29, മെയ് 5/6 ദിവസങ്ങളിലായി സെമി ഫൈനലും ബുഡാപെസ്റ്റിൽ മെയ് 30ന് ഫൈനലും നടക്കും.
ക്വാർട്ടർ മത്സരങ്ങൾ
ആദ്യപാദം
ഏപ്രിൽ 7
സ്പോർട്ടിങ് ലിസ്ബൺ x അഴ്സണൽ
എസ്റ്റാഡിയോ ജോസ് അൽവാലേഡ് (Estádio José Alvalade (Lisbon, Portugal)
റയൽ മാഡ്രിഡ് x ബയേൺ മ്യൂണിക്
സാന്റിയാഗോ ബെർണാബ്യു (Santiago Bernabéu Stadium (Madrid, Spain)
ഏപ്രിൽ 8
ബാഴ്സലോണ x അത്‍ലറ്റിക്കോ മാഡ്രിഡ്
ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയം Estadi Olímpic Lluís Companys (Barcelona, Spain)
പിഎസ്ജി x ലിവർപൂൾ
പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയം Parc des Princes (Paris, France)
രണ്ടാം പാദം
ഏപ്രിൽ 14
അത്‍ലറ്റിക്കോ മാഡ്രിഡ് x ബാഴ്സലോണ
മെട്രോപൊളിറ്റാനോ സ്റ്റേഡിയം Cívitas Metropolitano (Madrid, Spain)
ലിവർപൂൾ x പിഎസ്ജി
ആൻഫീൽഡ് Anfield (Liverpool, England)
ഏപ്രിൽ 15
അഴ്സണൽ x സ്പോർട്ടിങ് ലിസ്ബൺ
എമിറേറ്റ്സ് സ്റ്റേഡിയം Emirates Stadium (London, England)
ബയേൺ മ്യൂണിക് x റയൽ മാഡ്രിഡ്
അലയൻസ് അരീന ( Allianz Arena (Munich, Germany)











0 comments