സെൻസസിന് സ്വകാര്യ വ്യക്തികളും, ചട്ടം ഭേദഗതി ചെയ്തു; ലക്ഷ്യം കണക്കെടുപ്പിന്റെ കാവിവൽക്കരണം

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : 2027ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് സ്വകാര്യ സ്കൂൾ അധ്യാപകരെ നിയമിക്കാൻ കേന്ദ്രം. സ്വകാര്യ അധ്യാപകർക്കു പുറമെ വിവിധ സ്ഥാപനങ്ങൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയിലെ ജീവനക്കാരെയും നിയോഗിക്കാൻ തീരുമാനമായി. ഇതിനായി 1990ലെ സെൻസസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. സ്വന്തം ആളുകളെത്തന്നെ സെന്സസ് ഡ്യൂട്ടിക്ക് നിയമിക്കാനുള്ള ബിജെപി- ആര്എസ്എസ് നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ വഴിവിട്ട നീക്കത്തിന്റെ ഉദാഹരണമാണിത്.
നിലവിൽ സർക്കാർ സ്കൂൾ അധ്യാപകർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരെയാണ് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. പുതിയ ഭേദഗതിയിലൂടെ എയ്ഡഡ്, അൺഎയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും നിയമിക്കാം. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, കമ്പനികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയിലെ ജീവനക്കാരെയും ആവശ്യാനുസരണം നിയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരമുണ്ടാകും
സ്വകാര്യ സ്കൂൾ അധ്യാപകരെ സെൻസസ് ജോലിക്ക് നിയോഗിക്കുന്നതിനെതിരെ ഹരിയാനയിലെ സ്വകാര്യ സ്കൂൾ സംഘടന കോടതിയെ സമീപിച്ചിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്വകാര്യ അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതിയെ സമീപിച്ചു. ഇതിനിടെയാണ് ചട്ടങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തിയത്.
എസ്ഐആറിലൂടെ രാജ്യവ്യാപകമായി വോട്ടുകൾ വെട്ടിയതിനു പിന്നാലെയാണ് അടുത്ത വിവാദ നീക്കവുമായി കേന്ദ്രം എത്തിയിരിക്കുന്നത്. സ്വകാര്യ അധ്യാപകരെയും മറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും നിയമിക്കാമെന്നിരിക്കെ ബിജെപി ആർഎസ്എസ് അനുകൂല വ്യക്തികളെ എളുപ്പത്തിൽ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കാം. ഇതു കൂടാതെ കൃത്യമായ കണക്കുകൾ ഔദ്യോഗികമായി പുറത്തുവരുന്നതിനുമുമ്പുതന്നെ ജനങ്ങളുടെ വിവരങ്ങളും കണക്കുകളും സംഘപരിവാർ നേതൃത്വത്തിനു ലഭിക്കും. എസ്ഐആർ വഴി പലയിടങ്ങളിലായി വോട്ട് വെട്ടുന്ന സംഘപരിവാറിന് ഇത് കൂടുതൽ സഹായമാകും. ഇതിനായി തന്നെ ലക്ഷ്യം വച്ചാണ് സ്വകാര്യ വ്യക്തികളെ സെൻസസിന് നിയോഗിക്കുന്നതെന്ന് വ്യക്തം. ഇിതനുപുറമെ സ്വകാര്യ വ്യക്തികളെ കണക്കെടുപ്പിന് നിയോഗിക്കുന്നത് വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.
നടപടികൾ ഡിസംബർ ഒന്നുമുതൽ
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഡിസംബർ ഒന്നുമുതൽ 2027 ജനുവരി നാലുവരെയാണ് രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 ഫെബ്രുവരിയിലാണ് നടപടികൾ നടക്കുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ് നടക്കുന്നത്. വീടുകളുടെയും പാർപ്പിട സൗകര്യങ്ങളുടെയും വിവരശേഖരണമാണ് ആദ്യഘട്ടം. ജനസംഖ്യാ കണക്കെടുപ്പും ജാതിവിവര ശേഖരണവുമാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.








0 comments