മത്സരം റയൽ തട്ടകത്തിൽ , പരിശീലകൻ അലോൺസോയ്‌ക്ക് നിർണായകം
print edition റയലിന് മുന്നിൽ സിറ്റി

റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിൽ

Sports Desk
Published on Dec 10, 2025, 12:00 AM | 1 min read
മാഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ സാബി അലോൺസോയുടെ റയൽ മാഡ്രിഡും പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്‌റ്റർ സിറ്റിയും ഇന്ന് നേർക്കുനേർ. സ്‌പാനിഷ് ലീഗിലെ കനത്ത തിരിച്ചടികൾക്കിടെയാണ് റയൽ ഇന്ന് സിറ്റിക്കെതിരെ ഇറങ്ങുന്നത്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് കളി. ലീഗിൽ കഴിഞ്ഞ ദിവസം ബെർണബ്യൂവിൽ സെൽറ്റ വിഗോയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റയൽ തോറ്റത്. തോൽവിയിൽ രോഷാകുലരായ കാണികൾ ടീമിനെ കൂവി വിളിച്ചിരുന്നു. ഇൗ സമ്മർദത്തിനിടയിലാണ് അലോൺസോയും കൂട്ടരും സിറ്റിക്കെതിരെ ഇറങ്ങുന്നത്.
എർലിങ് ഹാലണ്ടിന്റെ ഗോളടി മികവിൽ മുന്നേറുന്ന സിറ്റി ചാമ്പ്യൻസ് ലീഗിലെ അവസാന കളിയിൽ ബയേർ ലെവർകൂസനോട് തോറ്റിരുന്നു. കഴിഞ്ഞ സീസണിൽ രണ്ട് തവണയും റയലിനോട് സിറ്റി കീഴടങ്ങിയതാണ്.
സ്‌പാനിഷ് ലീഗിൽ കഴിഞ്ഞ അഞ്ച് കളിയിൽ ഒരെണ്ണത്തിൽ മാത്രമാണ് റയലിന് ജയിക്കാനായത്. ക്ലബ് പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരെസ് ടീമിന്റെ പ്രകടനത്തിൽ അസ്വസ്ഥനാണ്. ടീമിനുള്ളിലും അസ്വാരസ്യമുണ്ടെന്നാണ് സൂചന. കിലിയൻ എംബാപ്പെ സ്വന്തം റെക്കോഡിൽ മാത്രം ശ്രദ്ധിക്കുന്നുവെന്നാണ് ആരോപണം. വിനീഷ്യസ് ജൂനിയറിന് ടീമിലെ ആധിപത്യം നഷ്ടമാകുമോയെന്ന ഭയമുണ്ട്. അതേസമയം, ക്യാപ്‌റ്റനെന്ന നിലയിൽ ഫെഡറികോ വാൽവെർദെ പക്വത കാണിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. ഇതിനിടെയാണ് പ്രതിരോധനിരയിലെ കൂട്ടപ്പരിക്ക്.
ഏദെർ മിലിറ്റാവോയാണ് പട്ടികയിൽ അവസാനമായി എത്തിയത്. സെൽറ്റയുമായുള്ള കളിക്കിടെയാണ് ബ്രസീലുകാരന് പരിക്കേറ്റത്. ട്രെന്റ് അലെക്‌സാണ്ടർ ആർണോൾഡ്, ഡാനി കർവഹാൽ, ഡീൻ ഹുയ്‌സെൻ, ഡേവിഡ് അലാബ എന്നിവർ പരിക്കുകാരണം പുറത്താണ്. മുന്നേറ്റക്കാരൻ എംബാപ്പെ പരിക്കുകാരണം പരിശീലനത്തിനിറങ്ങിയിരുന്നില്ല.
ചാന്പ്യൻമാരായ പിഎസ്‌ജിക്ക് ഇന്ന് അത്‌ലറ്റികോ ബിൽബാവോയാണ് എതിരാളി. പിഎസ്‌ജിയെയും പരിക്ക് വലയ്‌ക്കുന്നുണ്ട്. തുടർജയങ്ങളുമായി കുതിക്കുന്ന അഴ്‌സണൽ ക്ലബ് ബ്രുജിനെ നേരിടും.










0 comments