ഫുട്ബോളിൽ കുഞ്ഞന്മാരല്ല കേപ് വെർദെ; 5 ലക്ഷം ജനസംഖ്യയുള്ള രാജ്യം ലോകകപ്പിന്

ജിബൂട്ടി സിറ്റി: ആഫ്രിക്കൻ കരുത്തുമായി കേപ് വെർദെയും ഇത്തവണ ഫുട്ബോൾ ലോകകപ്പിൽ പന്തുതട്ടും. ആഫ്രിക്കൻ മേഖലയിൽനിന്ന് യോഗ്യത നേടുന്ന ആറാമത്തെ രാജ്യമായാണ് 'കുഞ്ഞന്മാർ' കളത്തിലെത്തുന്നത്. ഐസ്‌ലൻഡ് കഴിഞ്ഞാൽ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന നേട്ടമാണ് കേപ് വെർദെ സ്വന്തമാക്കിയത്. 5.2 ലക്ഷം മാത്രമാണ് ജനസംഖ്യ.
എസ്വാറ്റിനിയെ 3-0നു തോൽപിച്ചാണ് കേപ് വെർദെ ലോകകപ്പ് ടിക്കറ്റ് നേടിയത്. ഫിഫ റാങ്കിങ്ങിൽ നിലവിൽ 70-ാം സ്ഥാനത്തുള്ള ടീം 10 മത്സരങ്ങളിൽ നിന്ന് ഏഴു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി 23 പോയൻറുമായാണ് യോഗ്യത നേടിയത്. ഘാന, അൾജീരിയ, മൊറോക്കോ, ടുണീഷ്യ, ഇൗജിപ്‌ത് ടീമുകൾ ഇതിനകം യോഗ്യത ഉറപ്പാക്കി. ആകെ ഒമ്പത് ടീമുകൾക്കാണ് നേരിട്ട് യോഗ്യത. കേപ്പ് വെർദെയുടെ വരവോടെ ലോകകപ്പിനു യോഗ്യത നേടിയ ടീമുകളുടെ എണ്ണം 22 ആയി.
അമേരിക്ക, കനഡ, മെക്‌സിക്കോ (ആതിഥേയർ), അർജന്റീന, ബ്രസീൽ, ഉറുഗ്വേ, ഇക്വഡോർ, കൊളംബിയ, പരാഗ്വേ (ലാറ്റിനമേരിക്ക), ഓസ്‌ട്രേലിയ, ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ (ഏഷ്യ), ന്യൂസിലൻഡ് (ഓഷ്യാനിയ) എന്നിവരാണ് മറ്റ് ടീമുകൾ.








0 comments