'മിത്ര' ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

veena 181
വെബ് ഡെസ്ക്

Published on Dec 01, 2025, 05:10 PM | 1 min read

തിരുവനന്തപുരം: വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് വിവിധ സേവനങ്ങൾ ഉറപ്പാക്കി മിത്ര ഹെൽപ്പ് ലൈൻ. കൂടുതൽ സ്ത്രീകൾക്ക് സഹായകരമാകുന്ന രീതിയിൽ സേവനം വിപുലപ്പെടുത്തിയതായി വനിത വികസന കോർപറേഷൻ അറിയിച്ചു. 181 എന്ന ടോൾ ഫ്രീ നമ്പരിലൂടെ വനിതകൾക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കുന്ന സംവിധാനമാണ് മിത്ര. 2017ൽ ഹെൽപ്പ് ലൈൻ ആരംഭിച്ചത് മുതൽ ഇതുവരെ 5,66,412 കോളുകൾ ആണ് ഹെൽപ്പ് ലൈനിൽ സ്വീകരിച്ചത്. അതിൽ ആവശ്യമായ രണ്ടു ലക്ഷത്തോളം കേസുകളിൽ പൂർണ്ണ സഹായമെത്തിച്ചതായും വനിത വികസന കോർപ്പറേഷൻ അറിയിച്ചു.


എല്ലാ സ്ത്രീകളും മിത്ര 181 നമ്പർ ഓർത്ത് വയ്ക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ സേവനം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാനും, പ്രതിസന്ധികളെ അതിജീവിക്കാനും, ജീവിതത്തിലെ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാനും സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ടെന്നും, കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെൽപ്പ് ലൈൻ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.


മിത്ര 181 ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നവർക്ക് പൊലീസ്, ആശുപത്രി, ആംബുലൻസ് സേവനങ്ങൾ, മറ്റ് സംവിധാനങ്ങൾ പോലുള്ള ഉചിതമായ ഏജൻസികളിലേക്കുള്ള റഫറലുകൾ വഴി സേവനം ഉറപ്പാക്കും. കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗാർഹിക പീഡനം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ, ട്രാൻസ്ജെൻഡർ എന്നിവർക്ക് മിത്ര 181 ഹെൽപ്പ് ലൈനിന്റെ 24/7 സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.


ശരാശരി 300 കോളുകളാണ് പ്രതിദിനം മിത്ര 181ൽ എത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ വിളിക്കുന്ന കോളുകളും വിവരാന്വേഷണത്തിനായി വിളിക്കുന്ന കോളുകളുമാണ് അധികവും. 3 ഷിഫ്റ്റുകളിൽ 12 വനിതകളാണ് മിത്ര 181ൽ സേവനമനുഷ്ഠിക്കുന്നത്. നിയമം അല്ലെങ്കിൽ സോഷ്യൽവർക്ക് മേഖലയിൽ ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് ഇതിൽ നിയമിച്ചിട്ടുള്ളത്. വിദഗ്ധ പരിശീലനവും തുടർ പരിശീലനവും ഇവർക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്താൻ കർമ്മനിരതമാണ് മിത്ര 181 എന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home