അറ്റ്‌ലാന്റിക്കിലെ നീല സ്രാവുകൾ


Sports Desk
Published on Oct 15, 2025, 01:11 AM | 2 min read
പ്രയിയ (കേപ് വെർദെ)
ആഫ്രിക്കയുടെ പശ്‌ചിമ കടൽത്തീരത്തുള്ള ദ്വീപസമൂഹം ഇനിമുതൽ ലോക ഫുട്‌ബോൾ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ. ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയാണ് കേപ് വെർദെ എന്ന കൊച്ചുരാജ്യം അത്ഭുതപ്പെടുത്തിയത്. ആഫ്രിക്കൻ മേഖലയിൽ കാമറൂൺ ഉൾപ്പെട്ട വന്പൻമാരെ പിന്തള്ളി ഗ്രൂപ്പ് ജേതാക്കളായാണ് കുതിപ്പ്.
യോഗ്യതാമത്സരത്തിൽ എഷ്വാടിനിയെ മൂന്ന് ഗോളിന് തോൽപ്പിച്ച് പത്ത് കളിയിൽ 23 പോയിന്റുമായി ഒന്നാംസ്ഥാനക്കാരായി. യോഗ്യതാ റൗണ്ടിൽ തോറ്റത് ഒറ്റക്കളിയിൽ മാത്രം.
ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്. 2018 ലോകകപ്പ് കളിച്ച ഐസ്‌ലൻഡാണ് ഏറ്റവും ചെറുത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ അഗ്‌നിപർവതങ്ങൾ നിറഞ്ഞ പത്ത് ദ്വീപുകൾ ഉൾപ്പെട്ടതാണ് കേപ് വെർദെ എന്ന രാജ്യം. 5,25,000ആണ് ജനസംഖ്യ. ഫിഫ റാങ്കിങ്ങിൽ എഴുപതാം സ്ഥാനം. പോർച്ചുഗീസ് കോളനിയായിരുന്നു. 1975ൽ സ്വതന്ത്രമായി.
15,000 പേർക്ക് ഇരിക്കാവുന്ന നാഷണൽ സ്‌റ്റേഡിയത്തിലായിരുന്നു കളി. ‘നീല സ്രാവുകൾ’ എന്നാണ് ടീമിന്റെ വിളിപ്പേര്. ആദ്യമായി ലോകകപ്പ് യോഗ്യതയ്‌ക്കായി ശ്രമിക്കുന്നത് 2002ലെ കൊറിയ–ജപ്പാൻ ലോകകപ്പിൽ. 2013ലായിരുന്നു ആഫ്രിക്കൻ നേഷൻസ് കപ്പിലെ അരങ്ങേറ്റം. ക്വാർട്ടർവരെ മുന്നേറി. 2023ലും ക്വാർട്ടറിൽ കടന്നു. നേഷൻസ് കപ്പിലെ ഏറ്റവും വലിയ നേട്ടവും ഇതുതന്നെ.
കായികരംഗത്ത് വലിയ നേട്ടങ്ങളൊന്നുമില്ല. 2024ൽ ഒളിമ്പിക്‌സിൽ ഒരുവെങ്കലം കിട്ടി. കായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ബോക്‌സിങ്ങിലാണ്.
രാജ്യത്തെ ഫുട്‌ബോൾ ലീഗിൽ 12 ടീമുകൾ മാത്രമാണ് കളിക്കുന്നത്. പോർച്ചുഗീസ് വംശജരാണ് കൂടുതലും. പോർച്ചുഗലിലും അയർലൻഡിലും നെതർലൻഡ്‌സിലുമൊക്കയുള്ള വെർദെ വംശജരാണ് ടീമിൽ. കുറച്ചുവർഷമായി ഫുട്‌ബോൾ വികസനത്തിനായി വിദേശത്തുള്ള കളിക്കാരെ എത്തിക്കുന്നുണ്ട്.
യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ കളിക്കുന്ന ഒരുകളിക്കാരനും ടീമിലില്ല. നെതർലൻഡ്‌സിൽ ജനിച്ച ഡയ്‌ലൺ ലിവ്‌റമെന്റോയാണ് യോഗ്യതാ റൗണ്ടിലെ ടോപ് സ്‌കോറർ. പോർച്ചുഗൽ ലീഗിലെ കാസ പിയ ക്ലബ്ബിനാണ് കളിക്കുന്നത്. എഷ്വാടിനിക്കെതിരെ ലിവ്‌റമെന്റോ ഗോളടിച്ചു. മറ്റൊരു ഗോളടിക്കാരൻ വില്ലി സെമെദോ ഫ്രാൻസിലാണ് ജനിച്ചത്. മൂന്നാം ഗോൾ നേടിയ സ്‌റ്റോപിറ ഏറെക്കാലമായി പോർച്ചുഗൽ ക്ലബ്ബുകളിലാണ് പന്ത് തട്ടുന്നത്.
അന്പത്തഞ്ചുകാരനായ ബൗബിസ്‌റ്റയാണ് പരിശീലകൻ. അഞ്ച് വർഷംമുമ്പാണ് ചുമതലയേറ്റത്. സെപ്‌തംബറിൽ കരുത്തരായ കാമറൂണിനെ ഒറ്റഗോളിന് തോൽപ്പിച്ചാണ് കരുത്തുകാട്ടിയത്. ഗ്രൂപ്പിൽ നാല് പോയിന്റ് പിന്നിലാണ് കാമറൂൺ. രണ്ടാംസ്ഥാനത്തുള്ള കാമറൂണിന് ഇനി പ്ലേ ഓഫിലാണ് പ്രതീക്ഷ.
ആഫ്രിക്കയിൽനിന്ന് ആറ് ടീമുകൾ
ആഫ്രിക്കയിൽനിന്ന് ആറ് ടീമുകളാണ് യോഗ്യത നേടിയത്. അൾജീരിയ, കേപ് വെർദെ, ഇൗജിപ്‌ത്, ഘാന, മൊറോക്കോ, ടുണീഷ്യ. ആകെ ഒമ്പത് ടീമുകൾക്കാണ് യോഗ്യത. സെനെഗൽ, ബെനിം, ഐവറി കോസ്‌റ്റ് ടീമുകൾ അരികെയാണ്. കോംഗോ, ഗാബോൺ, ദക്ഷിണാഫ്രിക്ക ടീമുകളും പ്രതീക്ഷയിലാണ്. നവംബറിലാണ് ശേഷിക്കുന്ന യോഗ്യതാ മത്സരങ്ങൾ.








0 comments