സ്‌പോർടിങ് ക്ലബ് ഡൽഹിയുടെ താരം , വയനാട് മീനങ്ങാടി സ്വദേശി
print edition വയനാടൻ കരുത്തുമായി അലൻ

ജാഷിദ് കരീം
Published on Nov 13, 2025, 03:00 AM | 1 min read
കൽപ്പറ്റ
ഇന്ത്യൻ കുപ്പായത്തിൽ തിളങ്ങാൻ അലൻ സജി. തായ്‌ലൻഡിനെതിരായ സൗഹൃദ മത്സരത്തിനുള്ള അണ്ടര്‍ 23 ദേശീയ ടീമിലാണ് പത്തൊമ്പതുകാരൻ ഇന്ത്യയുടെ അണ്ടർ 23 ടീമിൽ ഇടം നേടിയത്. വയനാട് മീനങ്ങാടി സ്വദേശിയായ അലൻ സ്‌പോർട്ടിങ് ക്ലബ് ഡൽഹിയുടെ താരമാണ്. സൂപ്പർ കപ്പിൽ ടീമിനായി ഗോളും നേടിയിരുന്നു.
പ്രതിരോധതാരം അലെക്‌സ് സജിയുടെ സഹോദരനാണ്. പതിനൊന്നാം വയസ്സിൽ മുംബൈയിലെ റിലയൻസ് അക്കാദമിയിലെത്തിയതാണ് അലന്റെ കളി ജീവിതത്തിൽ വഴിത്തിരിവായത്. ആദ്യം പ്രതിരോധത്തിൽ. പിന്നീട് മുന്നേറ്റ നിരയിലേക്ക് മാറി. അത് നിർണായകമായി. ജപ്പാനില്‍ നടന്ന സാനിക്‌സ് കപ്പില്‍ അക്കാദമിക്കായി മൂന്ന് വർഷം ബൂട്ടണിഞ്ഞു. മൂന്നാംവര്‍ഷത്തില്‍ മൂന്ന് ഗോള്‍ നേടി ടൂര്‍ണമെന്റിലെ മികച്ച സ്‌ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ഐഎസ്എല്‍ ക്ലബായ എഫ്സി ഗോവയിൽ ചേർന്നു.
അലെക്‌സ് സജി, സുശാന്ത് മാത്യു, എമില്‍ ബെന്നി എന്നിവർക്ക് ശേഷം വയനാടിൽനിന്നും ഐഎസ്‌എൽ കളിക്കുന്ന താരമായി. മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍നിന്ന് പന്തുതട്ടിത്തുടങ്ങിയ അലനെ മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യപരിശീലകന്‍ ബിനോയിയും മാനേജര്‍ ഫൗജ് അബ്ബാസുമാണ് മിനുക്കിയെടുത്തത്. മീനങ്ങാടി ചീരാംകുന്നിലെ സജിയുടെയും സന്ധ്യയുടെയും മകനാണ്.
ഇന്ത്യൻ ടീമിൽ ആറ് മലയാളികൾ
ഇന്ത്യൻ അണ്ടർ 23 ഫുട്‌ബോൾ ടീമിലിടം പിടിച്ച് ആറ് മലയാളി താരങ്ങൾ. വിബിൻ മോഹനൻ, അലൻ സജി, രാഹുൽ രാജു, എ കെ കമാലുദ്ദീൻ, ജോസഫ് ജസ്റ്റിൻ, മുഹമ്മദ് അയ്‌മെൻ എന്നിവരാണ് ഇടംപിടിച്ചത്. മലയാളിയായ ജാബിർ തട്ടാരത്തോടിയാണ് ഫിസിയോ. 15ന് ബാംഗോക്കിൽ തായ്‌ലൻഡിനെതിരെയാണ് സൗഹൃദ മത്സരം.








0 comments