കേരളത്തെ നയിക്കാൻ സഞ്ജു: വിഘ്നേഷ് പുത്തൂർ ടീമിൽ; മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമായി

സഞ്ജു സാംസൺ, വിഘ്നേഷ് പുത്തൂർ
തിരുവനന്തപുരം: സയ്‌ദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ. 18 അംഗ ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ മലയാളി സ്‌പിന്നർ വിഘ്നേഷ് പുത്തൂരും സഞ്ജുവിന്റെ ചേട്ടൻ സാലി സാംസണും ഇടംപിടിച്ചു. മുൻ ക്യാപ്‌റ്റൻ സച്ചിൻ ബേബി ടീമിലില്ല. നവംബർ 26 മുതൽ ഡിസംബർ എട്ട് വരെ ലഖ്നൗവിലാണ് ടൂർണ്ണമെൻ്റ് നടക്കുന്നത്. മുംബൈ, വിദർഭ ഉൾപ്പെടെ കരുത്തരായ ടീമുകളുള്ള ഗ്രൂപ്പ് എയിലാണ് ഇക്കുറി കേരളം.
കഴിഞ്ഞ ഐപിഎല്ലിൽ മുംബൈയ്ക്കായി ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ച വിഘ്നേഷ് പുത്തൂർ ആദ്യമായാണ് കേരള സീനിയർ ടീമിലെത്തുന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ മൂന്ന് വിക്കറ്റെടുത്ത് ഇടംകൈയൻ ബൗളർ ഐപിഎൽ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. പരിക്കേറ്റ് പുറത്തായതോടെ ഇത്തവണ മുംബൈ ടീമിൽ ഇടം നേടിയില്ല. അതേസമയം കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ക്യാപ്റ്റനായി കിരീടം നേടി കൊടുത്താണ് സാലി സാംസൺ ടീമിൽ ഇടം നേടിയത്.
കേരള ടീം: സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, വിഷ്ണു വിനോദ്, കൃഷ്ണ ദേവൻ, അബ്ദുൾ ബാസിത്ത്, സാലി സാംസൺ, സൽമാൻ നിസാർ, കൃഷ്ണ പ്രസാദ്, സിബിൻ പി ഗിരീഷ്, അങ്കിത് ശർമ്മ, അഖിൽ സ്കറിയ, ബിജു നാരായണൻ, ആസിഫ് കെ എം, എം ഡി നിധീഷ്, വിഘ്നേശ് പുത്തൂർ, ഷറഫുദ്ദീൻ എൻ എം








0 comments