രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160 റൺസിന് പുറത്താക്കി കേരളം; നിധീഷിന് ആറ് വിക്കറ്റ്, രോഹന് അർധ സെഞ്ചുറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിന് അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്.
ടോസ് നേടി സൗരാഷ്ട്രയെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ച കേരളത്തിന് വേണ്ടി ബൗളർമാർ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ചു. അക്കൗണ്ട് തുറക്കും മുൻപേ തന്നെ ഹാർവിക് ദേശായിയെ പുറത്താക്കി നിധീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ തുടർച്ചയായ പന്തുകളിൽ ചിരാഗ് ജാനിയെയും അർപ്പിത് വസവദയെയും പുറത്താക്കി നിധീഷ് സൗരാഷ്ട്രയെ ഞെട്ടിച്ചു. ഇതോടെ 3 വിക്കറ്റിന് 7 റൺസെന്ന നിലയിലായ സൗരാഷ്ട്രയെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്, ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു.
ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് പ്രേരക് മങ്കാദിനെ പുറത്താക്കിയ നിധീഷ്, അടുത്ത ഓവറിൽ അൻഷ് ഗോസായിയെ കൂടി വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. മറുവശത്ത് ഉറച്ചുനിന്ന ജയ് ഗോഹിൽ 84 റൺസെടുത്ത് പുറത്തായി. ഏദൻ ആപ്പിൾ ടോമാണ് ഗോഹിലിനെ പുറത്താക്കിയത്. തുടർന്നെത്തിയവരെ ബാബ അപരാജിത് വീഴ്ത്തിയതോടെ സൗരാഷ്ട്രയുടെ ചെറുത്തുനിൽപ്പിന് അവസാനമായി. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിനെ പുറത്താക്കി നിധീഷ് തന്റെ ആറാം വിക്കറ്റും തികച്ചു. നിധീഷിന് പുറമെ ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും എ കെ ആകർഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. രോഹൻ കുന്നുമ്മൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിൻ്റെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കെ ആകർഷിൻ്റെയും സച്ചിൻ ബേബിയുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ആകർഷ് 18ഉം സച്ചിൻ ബേബി ഒരു റണ്ണും നേടിയാണ് പുറത്തായത്. ഹിതെൻ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. കളി നിർത്തുമ്പോൾ രോഹൻ 59ഉം അഹ്മദ് ഇമ്രാൻ രണ്ട് റൺസുമായി ക്രീസിലുണ്ട്. 58 പന്തുകളിൽ ഒൻപത് ഫോറും ഒരു സിക്സുമടക്കമാണ് രോഹൻ 59 റൺസ് നേടിയത്.









0 comments