ad
Deshabhimani

രഞ്ജി ട്രോഫി: ഗോവയെ തകർത്ത് കേരളം; ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം

ankith sharma

അങ്കിത് ശർമ്മ

വെബ് ഡെസ്ക്

Published on Feb 01, 2026, 07:57 PM | 2 min read

ഗോവ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം. 29 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നേരത്തെ 171 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്സിൽ 199 റൺസിന് പുറത്തായിരുന്നു. രണ്ട് ഇന്നിങ്സുകളിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ്മയാണ് കളിയിലെ താരം.സ്കോർ: ഗോവ 355, 199. കേരളം: 526/9d, 29/.


ആദ്യ ഇന്നിങ്സിൽ വലിയ ലീഡ് വഴങ്ങിയ ഗോവയ്ക്ക് രണ്ടാം ഇന്നിങ്സിലും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 18 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് ആദ്യ പന്തിൽ തന്നെ ഓപ്പണർ സുയാഷ് പ്രഭുദേശായിയെ നഷ്ടമായി. 14 റൺസെടുത്ത സുയാഷിനെ എം ഡി. നിധീഷിന്റെ പന്തിൽ മാനവ് കൃഷ്ണ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ കശ്യപ് ബക്ല (15), അഭിനവ് തേജ്രാന (17) എന്നിവരെയും നിധീഷ് തന്നെ മടക്കി. ക്യാപ്റ്റൻ സ്നേഹൽ കൗതങ്കർ, എൻ പി ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി.


നാല് വിക്കറ്റിന് 46 റൺസെന്ന നിലയിലായ ഗോവയ്ക്ക് ലളിത് യാദവും (27) അമൂല്യ പാണ്ഡ്രേക്കറും (32) ചേർന്ന 44 റൺസിന്റെ കൂട്ടുകെട്ട് നേരിയ പ്രതീക്ഷ നൽകി. എന്നാൽ ഇരുവരെയും പുറത്താക്കി അങ്കിത് ശർമ്മ കളി വീണ്ടും കേരളത്തിന്റെ നിയന്ത്രണത്തിലാക്കി. ഒമ്പതാം വിക്കറ്റിൽ ദർശൻ മിസലും അർജുൻ ടെണ്ടുൽക്കറും ചേർന്നുള്ള 60 റൺസിന്റെ കൂട്ടുകെട്ടാണ് ഗോവയെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. 24 റൺസെടുത്ത അർജുൻ ടെണ്ടുൽക്കറെ പുറത്താക്കി അങ്കിത് ശർമ്മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 55 റൺസെടുത്ത ദർശൻ മിസലിനെ പുറത്താക്കി നിധീഷ് എം ഡി അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു. അങ്കിത് ശർമ്മ മൂന്നും ബേസിൽ എൻ പി, അഹമ്മദ് ഇമ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ നായരും സച്ചിൻ ബേബിയുമാണ് ഇന്നിങ്സ് തുറന്നത്. ഒരു റണ്ണെടുത്ത സച്ചിൻ തുടക്കത്തിൽ തന്നെ പുറത്തായി. എന്നാൽ അഭിഷേക് ജെ നായരും (19) സൽമാൻ നിസാറും (9) ചേർന്ന് കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home