കഴിഞ്ഞ തവണ റണ്ണറപ്പ് , അസ്‌ഹറുദ്ദീൻ ക്യാപ്‌റ്റൻ , സഞ്‌ജു സാംസൺ ടീമിൽ
മധുരോർമയിൽ കേരളം ; രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ കളിയിൽ ഇന്ന് മഹാരാഷ്‌ട്രയോട്

കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (ഇടത്ത്) കോച്ച് അമേയ് ഖുറേസിയയും പരിശീലനത്തിനിടയിൽ
തിരുവനന്തപുരം
പോയ സീസൺ മധുരകാലമായതിന്റെ ഓർമകളിലാണ് കേരളം. രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്നു. ഒറ്റ കളിയും തോറ്റില്ല. വിദർഭക്കെതിരായ കിരീടപ്പോരാട്ടം സമനിലയായെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയത് തിരിച്ചടിയായി. നിലവിലെ റണ്ണറപ്പെന്ന ബഹുമതിയോടെ ഇന്ന് ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ നേരിടും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ രാവിലെ 9.30ന് കളി തുടങ്ങും. ജിയോ ഹോട്ട് സ്‌റ്റാറില്‍ തത്സമയം കാണാം.
എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവയാണ് മറ്റ് ടീമുകൾ. മുഹമ്മദ് അസ്‌ഹറുദ്ദീൻ നയിക്കുന്ന ടീമിൽ ഇന്ത്യൻ താരം സഞ്‌ജു സാംസണ്‍ കളിക്കും. കഴിഞ്ഞ തവണത്തെ ഭൂരിഭാഗം കളിക്കാരും ടീമിനൊപ്പമുണ്ട്.
ബാറ്റിങ്ങിൽ സഞ്ജുവിന്റെ സാന്നിധ്യം ആത്മവിശ്വാസം കൂട്ടും. പക്ഷേ, എത്ര കളിയിലുണ്ടാകുമെന്നത് പ്രധാനമാണ്. കഴിഞ്ഞ സീസണിൽ കൂടുതൽ റണ്ണടിച്ചത് അസ്‌ഹറാണ്. മധ്യനിരയുടെ കരുത്തായി മുൻ ക്യാപ്‌റ്റൻ സച്ചിൻ ബേബിയും സൽമാൻ നിസാറുമുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച ഫോമിലായിരുന്ന രോഹൻ കുന്നുമ്മൽ ഓപ്പണറാണ്. യുവതാരങ്ങളായി അഹമ്മദ് ഇമ്രാനും വത്സൽ ഗോവിന്ദുമുണ്ട്.
ബൗളിങ്നിരയിൽ ബേസിൽ തമ്പിയില്ല. എം ഡി നിധീഷ്, എൻ പി ബേസിൽ, ഏദൻ ആപ്പിൾ ടോം എന്നിവരാണ് പന്തെറിയാനുള്ളത്. ബാബ അപരാജിതും അങ്കിത് ശർമയുമാണ് അതിഥിതാരങ്ങൾ. തമിഴ്‌നാട്ടുകാരനായ അപരാജിതാണ് വൈസ് ക്യാപ്റ്റൻ. അങ്കിത് മധ്യപ്രദേശിൽനിന്നാണ്. അങ്കിത് ബാവ്നയാണ് മഹാരാഷ്ട്രയുടെ ക്യാപ്റ്റൻ. പൃഥ്വി ഷായും ഋതുരാജ് ഗെയ്‌ക്ക്‌വാദുമാണ് ബാറ്റിങ് നിരയുടെ കരുത്ത്.
പരിശീലന മത്സരത്തിൽ പൃഥ്വി ഷാ പഴയ ടീമായ മുംബൈക്കെതിരെ സെഞ്ചുറി നേടിയിരുന്നു. ഏഴ് മത്സരങ്ങളിൽ നാലെണ്ണം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലാണ്. പഞ്ചാബ്, മധ്യപ്രദേശ്, ഗോവ എന്നിവക്കെതിരെയാണ് കേരളത്തിന്റെ എവേ മത്സരങ്ങൾ.
എതിർകുപ്പായത്തിൽ ജലജ്
ഓൾറൗണ്ടർ ജലജ് സക്‌സേനയാണ് കളിയിലെ ശ്രദ്ധേയതാരം. ഒമ്പത് വർഷം കേരളത്തിനായി കളിച്ച് ഇൗ സീസണിൽ ടീം വിട്ട ജലജ് മഹാരാഷ്‌ട്രയിലാണ് ചേക്കേറിയത്.
മഹാരാഷ്‌ട്ര കുപ്പായത്തിലെ ആദ്യ കളി കേരളത്തിനെതിരെയെന്നത് കൗതുകവുമായി. 2016ലാണ് മധ്യപ്രദേശുകാരൻ അതിഥി താരമായി കേരളത്തിലെത്തിയത്. 125 കളിയിൽ 3153 റണ്ണും 352 വിക്കറ്റും നേടി.
കഴിഞ്ഞ തവണ റണ്ണറപ്പാക്കുന്നതിലും നിർണായകമായി. രഞ്ജിയിൽ 58 കളിയിൽ മൂന്ന് സെഞ്ചുറി ഉൾപ്പെടെ 2252 റണ്ണാണ് നേടിയത്. 269 വിക്കറ്റുമുണ്ട്. 23 തവണ അഞ്ച് വിക്കറ്റ് പ്രകടനവുമുണ്ടായി. കെ എൻ അനന്തപത്മനാഭനുശേഷം (310) രഞ്ജിയിൽ കേരളത്തിന്റെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്.









0 comments