ad
Deshabhimani

print edition ഷമി തിരിച്ചെത്തുമോ ; ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം പ്രഖ്യാപനം ഇന്ന്‌

Mohammed Shami
വെബ് ഡെസ്ക്

Published on Jan 03, 2026, 12:19 AM | 2 min read


മുംബെെ

ന്യൂസിലൻഡുമായുള്ള ഏകദിന ക്രിക്കറ്റ്‌ പരന്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന്‌ പ്രഖ്യാപിക്കാനിരിക്കെ പേസർ മുഹമ്മദ്‌ ഷമി ശ്രദ്ധാകേന്ദ്രം. ഏറെ നാളായി ടീമിന്‌ പുറത്തുനിൽക്കുന്ന ഷമി ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ കളിയാണ്‌ പുറത്തെടുക്കുന്നത്‌. ഇന്ന്‌ മുംബൈയിൽ സെലക്ഷൻ സമിതി തലവൻ അജിത്‌ അഗാർക്കറിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗം 15 അംഗ ടീമിനെ തെരഞ്ഞെടുക്കും. ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട്‌ പേസർ ജസ്‌പ്രീത്‌ ബുമ്ര, ഓൾ റ‍ൗണ്ടർ ഹാർദിക്‌ പാണ്ഡ്യ എന്നിവർക്ക്‌ വിശ്രമം അനുവദിച്ചിട്ടുണ്ട്‌.


2023ലെ ഏകദിന ലോകകപ്പിൽ 24 വിക്കറ്റ്‌ വീഴ്‌ത്തിയ ഷമി പരിക്കുകാരണമാണ്‌ ടീമിന്‌ പുറത്തായത്‌. കഴിഞ്ഞ വർഷം മാർച്ചിൽ തിരിച്ചെത്തി. ചാന്പ്യൻസ്‌ ട്രോഫിയിൽ അഞ്ച്‌ കളിയിൽ ഒന്പത്‌ വിക്കറ്റ്‌ നേടി. തുടർന്ന്‌ പരിക്കുകാരണം വീണ്ടും പുറത്തായി. ശാരീരികക്ഷമത വീണ്ടെടുത്ത്‌ ആഭ്യന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചെത്തിയെങ്കിലും ഇന്ത്യൻ ടീമിലേക്ക്‌ പരിഗണിക്കപ്പെട്ടില്ല.


ഇ‍ൗ സീസണിൽ മിന്നുന്ന പ്രകടനമാണ്‌ ബംഗാൾ പേസറുടേത്‌. വിജയ്‌ ഹസാരെയിലും സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയിലുമായി ആറ്‌ കളിയിൽ 17 വിക്കറ്റെടുത്തു. നാല്‌ രഞ്‌ജി മത്സരങ്ങളിൽ 20 വിക്കറ്റും നേടി.


അതേസമയം, മറ്റൊരു പേസർ മുഹമ്മദ്‌ സിറാജ്‌ തിരിച്ചെത്തുന്ന കാര്യത്തിൽ സംശയമാണ്‌. ടെസ്‌റ്റിൽ ഇന്ത്യൻ ടീമിലെ പ്രധാനിയായ സിറാജ്‌ ഏകദിനത്തിലും സ്ഥിരതയോടെ പന്തെറിയുന്ന ബ‍ൗളറാണ്‌. പക്ഷേ, സമീപകാലത്ത്‌ അവസരങ്ങൾ കുറവാണ്‌ ഹൈദരാബാദുകാരന്‌. ഒക്‌ടോബറിൽ ഓസ്‌ട്രേലിയക്കെതിരെ മൂന്ന്‌ കളിയിൽ ഇറങ്ങി രണ്ട്‌ വിക്കറ്റാണ്‌ നേടിയത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരിഗണിക്കപ്പെട്ടില്ല.


വിജയ്‌ ഹസാരെയിലെ പ്രകടനവും കൂടി കണക്കിലെടുത്താകും ടീം തെരഞ്ഞെടുപ്പ്‌. ബാറ്റിങ്‌ നിരയിലാണ്‌ സെലക്ടർമാരുടെ വെല്ലുവിളി. രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും ശുഭ്‌മാൻ ഗില്ലും കെ എൽ രാഹുലും ഉൾപ്പെടുന്ന ബാറ്റിങ്‌ നിരയിൽ ആരെ പുതുതായി ഉൾപ്പെടുത്തുമെന്നതാണ്‌ ആശങ്ക. അവസാന കളിയിൽ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാൾ ടീമിൽ തുടർന്നേക്കും. പരിക്കുമാറി ക്യാപ്‌റ്റൻ ഗിൽ എത്തിയാൽ ഓപ്പണിങ്‌ സ്ഥാനം നഷ്ടമാകും. പരിക്കേറ്റ വൈസ്‌ ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർക്ക്‌ പകരം നാലാം നന്പറിൽ കളിച്ച ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും കഴിഞ്ഞ പരന്പരയിൽ സെഞ്ചുറി നേടിയതാണ്‌. വിജയ്‌ ഹസാരെയിൽ തുടർച്ചയായ മൂന്ന്‌ സെഞ്ചുറി നേടിയ ദേവ്‌ദത്ത്‌ പടിക്കലിന്‌ അവസരം കിട്ടാൻ സാധ്യതയില്ല. ധ്രുവ്‌ ജുറേൽ, സർഫറാസ്‌ ഖാൻ എന്നിവരും കാത്തിരിക്കേണ്ടിവരും. അതേസമയം, ഋഷഭ്‌ പന്തിന്‌ പകരം രണ്ടാം വിക്കറ്റ്‌ കീപ്പറായി ഇഷാൻ കിഷൻ എത്താൻ സാധ്യതയുണ്ട്‌.


മൂന്ന്‌ മത്സര പരന്പരയിലെ ആദ്യ കളി 11ന്‌ വഡോദരയിലാണ്‌. 14ന്‌ രാജ്‌കോട്ടിലും 18ന്‌ ഇൻഡോറിലുമാണ്‌ മറ്റ്‌ മത്സരങ്ങൾ. തുടർന്ന്‌ അഞ്ച്‌ മത്സര ട്വന്റി20 പരന്പര അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home