രഞ്ജിയിൽ കേരളത്തിന് മികച്ച തുടക്കം; എം ഡി നിധീഷിന് അഞ്ച് വിക്കറ്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. അഞ്ചു വിക്കറ്റുമായി എം ഡി നിധീഷ് തിളങ്ങി.
ആദ്യ ദിനത്തിൽ ഏഴ് റൺസെടുക്കുന്നതിനിടെ സൗരാഷ്ട്രയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. എം ഡി നിധീഷാണ് മൂന്ന് പേരെയും പുറത്താക്കിയത്. കളിയുടെ ആദ്യ ഓവറിൽ തന്നെ നിധീഷ് കേരളത്തിനായി വിക്കറ്റ് കണ്ടെത്തി. ഓപ്പണർ എച്ച് ദേശായിയെ രോഹൻകുന്നുമ്മലിന്റെ കൈകളിലെത്തിച്ചാണ് നിധീഷ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് ആറാം ഓവറിൽ തുടർച്ചയായി രണ്ട് പേരെയും പുറത്താക്കി. നിലവിൽ 37 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിലാണ് സൗരാഷ്ട്ര.

കർണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളത്തിന് നിർണായകമാണ് ഇൗ മത്സരം. എലൈറ്റ് ബി ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് പോയിന്റുമായി ഏഴാമതാണ്. മൂന്ന് സമനിലവഴി സൗരാഷ്ട്രയ്‌ക്ക് ഏഴ് പോയിന്റുണ്ട്. മഹാരാഷ്‌ട്ര(12) , കർണാടക(11), ഗോവ(11) ടീമുകളാണ് മുന്നിൽ.
സി കെ നായിഡു ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ വരുൺ നായനാർ, ആകർഷ് എ കൃഷ്ണമൂർത്തി, കെസിഎല്ലിൽ മികവ് തെളിയിച്ച സിബിൻ പി ഗിരീഷ് എന്നിവർ പുതുതായി ടീമിലെത്തി. മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്ഘട്ടാണ് സൗരാഷ്‌ട്രയെ നയിക്കുന്നത്.
കേരള ടീം: മുഹമ്മദ് അസ്‌ഹറുദീൻ, ബാബ അപരാജിത്, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ആകർഷ് എ കൃഷ്ണമൂർത്തി, വരുൺ നായനാർ, അഭിഷേക് പി നായർ, സച്ചിൻ സുരേഷ്, അങ്കിത് ശർമ, എം യു ഹരികൃഷ്ണൻ, എം ഡി നിധീഷ്, എൻ പി ബേസിൽ, ഏദൻ ആപ്പിൾ ടോം, സിബിൻ പി ഗിരീഷ്.









0 comments