ഇന്ത്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചത് ജെമീമ റോഡ്രിഗസ്
print edition ഗിറ്റാറിലൊരു വിജയഗാനം പാടാം

വനിതാ ഏകിദന ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമി മത്സരത്തിനിടെ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്
നവി മുംബൈ
ബാറ്റ് കഴിഞ്ഞാൽ ഗിറ്റാറാണ് ജെമീമ റോഡ്രിഗസിന് പ്രിയം. ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പാട്ടിലാണ് സന്തോഷം. ബാറ്റ് മാറ്റിവച്ച് ഗിറ്റാറെടുക്കും. അതവൾക്ക് മറ്റൊരു ലോകമാണ്. സമ്മർദം അതിജീവിക്കുന്നത് സംഗീതത്തിലൂടെയാണെന്ന് ജെമീമ പറഞ്ഞിട്ടുണ്ട്. ക്രീസിലെത്തിയാൽ ഇടയ്‌ക്ക് ഒന്നുമൂളും. മനസ്സിൽ താളം കണ്ടെത്തും. ഓസ്‌ട്രേലിയക്കെതിരായ സെമിയിൽ ഇരുപ്പത്തഞ്ചുകാരി മനസ്സിൽ പാട്ട് പാടിയിട്ടുണ്ടാകും.
എല്ലാം മറന്ന് ബാറ്റ് വീശാൻ ഒരു താളം കണ്ടെത്തിയിട്ടുണ്ടാകും. വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരും ഏഴുവട്ടം ലോകകപ്പുയർത്തുകയും ചെയ്‌ത ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത് ജെമീമയാണ്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് വനിതാ ലോകകപ്പിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്‌സ്. 134 പന്തിൽ പുറത്താകാതെ നേടിയത് 127 റൺ.
ക്രിക്കറ്റും ഹോക്കിയും ഒരുപോലെ വഴങ്ങുമായിരുന്നു ജെമീമയ്‌ക്ക്. നാലാം വയസ്സിൽ കളി തുടങ്ങിയതാണ്. മുംബൈ നഗരത്തിന്റെ എല്ലാ പൊലിമയുമുള്ള ബാന്ദ്രയിലാണ് ജനനം. അച്ഛൻ ഇവാൻ റോഡ്രിഗസാണ് ആദ്യപരിശീലകൻ. മഹാരാഷ്‌ട്ര അണ്ടർ 17,19 ഹോക്കി ടീമിലുണ്ടായിരുന്നു. ക്രിക്കറ്റിൽ അണ്ടർ 19ലും. ഹോക്കി വിട്ട് ഒടുവിൽ ക്രിക്കറ്റിൽ കേന്ദ്രീകരിക്കുകയായിരുന്നു. മഹാരാഷ്‌ട്ര ജൂനിയർ ടീമിനായി തകർപ്പൻ കളിയായിരുന്നു. 2018 സീസണിൽ 1,013 റണ്ണടിച്ചു. ഒരു ഇരട്ടസെഞ്ചുറിയും അഞ്ച് സെഞ്ചുറിയും ഉൾപ്പെടും. ഇതേവർഷം ഇന്ത്യക്കായി അരങ്ങേറി. ഏകദിനത്തിലും ട്വന്റി20യിലും കളിച്ചു. പിന്നീടങ്ങോട്ട് മധ്യനിരയിൽ സ്ഥിരസാന്നിധ്യമായി. പക്ഷേ 2022 ലോകകപ്പ് ടീമിൽ ഇടംകാണാനായില്ല.
ഇത്തവണ ആദ്യ ലോകകപ്പായിരുന്നു. അഞ്ചാം നമ്പറിൽ മോശം കളിയായിരുന്നു. ആദ്യ നാല് കളിയിൽ രണ്ടിലും റൺ കണ്ടെത്തിയില്ല. 33, 32 ആയിരുന്നു മറ്റ് സ്‌കോർ. ന്യൂസിലൻഡിനെതിരെ മൂന്നാം നമ്പറിലെത്തി 55 പന്തിൽ 76 റണ്ണടിച്ചു. ഓസീസിനെതിരെയും മൂന്നാമതെത്തി ആത്മവിശ്വാസത്തോടെ കളിച്ചു. ഒരു മാസമായി വിഷാദത്തിലാണെന്നും കരയാത്ത ദിവസമില്ലെന്നും മത്സരശേഷം ജെമീമ പറഞ്ഞു. ‘കടുത്ത സമ്മർദത്തിലായിരുന്നു. ഒന്നും ആഗ്രഹിച്ചതുപോലെ നടന്നില്ല’–വലംകൈ ബാറ്റർ അറിയിച്ചു. ദക്ഷിണാഫ്രിയ്‌ക്കെതിരായി നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യക്ക് ആദ്യ ലോകകിരീടം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ഇൗ മിടുമിടുക്കി.










0 comments