ഇന്ത്യ x ദ.ആഫ്രിക്ക ഫെെനൽ ഞായറാഴ്ച നവി മുംബെെയിൽ പകൽ മൂന്നിന്
print edition നന്ദി ജെമീമ ; ഇന്ത്യക്ക് മൂന്നാം ലോകകപ്പ് ഫെെനൽ

ഓസ്ട്രേലിയയെ തോൽപ്പിച്ച് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫെെനലിലെത്തിയശേഷം ഇന്ത്യയുടെ വിജയശിൽപ്പിയായ ജെമീമ റോഡ്രിഗസ് കണ്ണീരോടെ കെെകൂപ്പുന്നു
നവി മുംബൈ
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക ഇന്നിങ്സ് കാഴ്‌ചവച്ച ജെമീമ റോഡ്രിഗസിനെ രണ്ട് തവണ വിട്ടുകളഞ്ഞതിന് ഓസ്‌ട്രേലിയ വലിയ വില നൽകേണ്ടിവന്നു. സ്‌കോർ 82ലും 106ലും നിൽക്കുമ്പോഴാണ് ക്യാച്ചുകൾ വിട്ടുകളഞ്ഞത്. പിന്നീട് ബൗളർമാരെ കശാപ്പ് ചെയ്ത് മുന്നേറിയ ഇരുപത്തഞ്ചുകാരി അവിശ്വസനീയ ജയമൊരുക്കി. മൂന്ന് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റിനാണ് ജയം. 134 പന്തിൽ 127 റണ്ണടിച്ചുകൂട്ടിയ ജെമീമയുടെ ബാറ്റിങ് വനിതാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇന്നിങ്സുകളിലൊന്നാണ്. 14 ഫോറുകൾ മുംബൈക്കാരിയുടെ ബാറ്റിൽ വിരിഞ്ഞു.
സ്‌കോർ: ഓസ്‌ട്രേലിയ 338 (49.5), ഇന്ത്യ 339/5(48.3)
ലോകകപ്പ് ചരിത്രത്തിൽ കൂറ്റൻ സ്‌കോർ പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ്. ഓപ്പണർമാരായ ഷഫാലി വർമയും (10) സ്‌മൃതി മന്ദാനയും (24) പുറത്തായശേഷം ജെമീമയും ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും ചേർന്ന് നേടിയ 167 റണ്ണാണ് വിജയത്തിലേക്ക് നയിച്ചത്. 36–ാം ഓവറിൽ ഹർമൻ പുറത്തായെങ്കിലും ദീപ്‌തി ശർമയും (24) റിച്ചാ ഘോഷും (26) ജെമീമയ്‌ക്ക് മികച്ച പിന്തുണ നൽകി. രണ്ട് ഫോറടിച്ച് അമൻജോത് കൗർ (15) വിജയറൺ നേടി. എട്ടുവർഷത്തിനുശേഷമാണ് കിരീടപ്പോരാട്ടത്തിന് അർഹത നേടുന്നത്.
ലോകകപ്പിൽ തുടർച്ചയായി 15 ജയത്തിനുശേഷമാണ് ഓസീസിന്റെ തോൽവി. ഇൗ ലോകകപ്പിൽ ഓസീസിനോടടക്കം മൂന്ന് കളി തോറ്റശേഷമാണ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്.ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആറാം ഓവറിൽ അഞ്ച് റണ്ണെടുത്ത ഓപ്പണർ അലിസ ഹീലിയെ നഷ്‌ടമായി. യുവപേസർ ക്രാന്തി ഗൗഡിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. ഫീബി ലിച്ച്‌ഫീൽഡും എല്ലിസെ പെറിയും ചേർന്ന് ഓസീസിനെ ഉയർത്തി. ഇന്ത്യൻ ഫീൽഡർമാരുടെ പിഴവും തുണയായി.
ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 155 റണ്ണടിച്ചു. ലിച്ച്‌ഫീൽഡ് 93 പന്തിൽ 119 റണ്ണെടുത്തു. 17 ഫോറും മൂന്ന് സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. എല്ലിസെ പെറി 88 പന്തിൽ 77 റൺ നേടി. ആറ് ഫോറും രണ്ട് സിക്‌സറും ഉൾപ്പെട്ടു. അടുത്ത ഉൗഴം ആഷ്‌ലി ഗാർഡനറുടേതായിരുന്നു. 45 പന്തിൽ നാല് വീതം ഫോറും സിക്‌സറുമടിച്ച് 63 റണ്ണെടുത്തു.
ഇന്ത്യക്കായി സ്‌പിന്നർമാരായ ശ്രീചരണിയും ദീപ്‌തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.










0 comments