മഴ കളിച്ചാൽ ഐപിഎല്ലിൽ കപ്പടിക്കുന്നത് ആര്! എന്താണ് ബിസിസിഐ നിയമം?

Photo Credit: Social Media
അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ ഇരുടീമുകളും തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ആർസിബി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. അതേസമയം, അഞ്ച് വർഷത്തിനിടെ തങ്ങളുടെ മൂന്നാമത്തെ ഫൈനലിനാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്ന് പാഡണിയുന്നത്.
പാട്ടിദാറിന് ചരിത്രനേട്ടത്തിനുള്ള അവസരം
ക്വാളിഫയർ 1 പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ആർസിബി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ആർസിബിയോട് പരാജയപ്പെട്ടെങ്കിലും ക്വാളിഫയർ 2-ൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ഫൈനലിലേക്ക് വീണ്ടും വഴിതുറക്കുകയായിരുന്നു.
ഇന്നത്തെ ഫൈനലിൽ വിജയിക്കാനായാൽ എംഎസ്.ധോണിക്കും രോഹിത് ശർമ്മയ്ക്കും ശേഷം തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന ചരിത്രനേട്ടം ആർസിബി നായകൻ രജത് പാട്ടിദാറിനെ തേടിയെത്തും.
വില്ലനായി മഴയെത്തുമോ? ടൈറ്റൻസ് ക്യാമ്പിൽ ആശങ്ക
അക്യുവെതർ പ്രവചനപ്രകാരം ഇന്ന് അഹമ്മദാബാദിൽ മഴ പെയ്യാൻ 5 ശതമാനം മാത്രമാണ് സാധ്യത. ചണ്ഡീഗഢിൽ നടന്ന രണ്ടാം ക്വാളിഫയറിന് ശേഷം വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുണ്ടായ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും കാരണം ഗുജറാത്ത് ടീമിന്റെ അഹമ്മദാബാദിലേക്കുള്ള യാത്ര വൈകിയത് ക്യാമ്പിൽ നേരിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ നിലവിലെ പ്രാദേശിക കാലാവസ്ഥാ പ്രവചനം അനുകൂലമായതിനാൽ അഹമ്മദാബാദിൽ മത്സരം തടസ്സപ്പെടാൻ സാധ്യത വളരെ കുറവാണ്.
മത്സരം മഴ മൂലം മുടങ്ങിയാൽ എന്ത് സംഭവിക്കും?
മറ്റ് പ്ലേ ഓഫ് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ഫൈനലിനായി ബിസിസിഐ ഒരു റിസർവ് ദിനം (ജൂൺ 1, തിങ്കളാഴ്ച) മാറ്റിവെച്ചിട്ടുണ്ട്. ഞായറാഴ്ച മത്സരം ആരംഭിച്ച് മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് തടസ്സപ്പെടുകയാണെങ്കിൽ, തിങ്കളാഴ്ച മത്സരം എവിടെയാണോ നിർത്തിയത് അവിടെനിന്നുതന്നെ (അതേ സ്കോറിലും പന്തിലും) പുനരാരംഭിക്കും.
സൂപ്പർ ഓവർ പോലും സാധ്യമാകാത്ത രീതിയിൽ റിസർവ് ദിനത്തിലും കനത്ത മഴയെ തുടർന്ന് മത്സരം പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വന്നാൽ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കും. ഈ സീസണിലെ ലീഗ് ഘട്ട പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസിനേക്കാൾ മുന്നിൽ ഫിനിഷ് ചെയ്തത് ആർസിബി ആയതിനാലാണ് കപ്പ് അവർക്ക് ലഭിക്കുക.










0 comments