'ഞാനൊരു തൊഴിലാളിയാണ്, പന്തെറിയുക മാത്രമാണ് ജോലി'; ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിനെ കുറിച്ച് ഷമി

കൊല്‍ക്കത്ത : ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാത്തതില്‍ പ്രതികരണവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം മുഹമ്മദ് ഷമി. നമ്മള്‍ ഒരു തൊഴിലാളിയെ (മസ്ദൂര്‍) പോലെയാണെന്നും പന്തെറിയുക എന്നത് മാത്രമാണ് തന്റെ ജോലിയെന്നും ഷമി പറഞ്ഞു. ബംഗാള്‍ പ്രോ ട്വന്റി20 ലീഗിന്റെ മൂന്നാം സീസണ്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകളും പരിക്കുകളും സ്വാഭാവികമാണ്. എന്നാല്‍ കഠിനാധ്വാനം ഒരിക്കലും മറക്കരുത്. ആഢംബരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പിന്നാലെ പോയാല്‍ അത് നമ്മുടെ ബലഹീനതയായി മാറും," ഷമി വ്യക്തമാക്കി. കര്‍ഷക കുടുംബത്തില്‍ ജനിച്ച താന്‍ തന്റെ വേരുകള്‍ മറന്നിട്ടില്ലെന്നും കളിയോടുള്ള അഭിനിവേശം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഐപിഎല്ലില്‍ തന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനൊരുങ്ങുകയാണ് താരം. ഈഡനിലെ സാഹചര്യങ്ങള്‍ തനിക്ക് നന്നായി അറിയാമെന്നും ലഖ്‌നൗവിന് വേണ്ടി കളിക്കുമ്പോള്‍ ആ ആനുകൂല്യം ലഭിക്കുമെന്നും ഷമി പറഞ്ഞു. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലോവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ഷമി മികച്ച ഫോമിലായിരുന്നു. അജിങ്ക്യ രഹാനെ, റിങ്കു സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.










0 comments