ad
Deshabhimani

പോർച്ചുഗലിന്റെ ലോകറെക്കോർഡ് തകർത്തു; ട്വന്റി 20 ക്രിക്കറ്റിൽ ചരിത്ര വിജയം സ്വന്തമാക്കി കാമറൂൺ

camaroon

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 25, 2026, 07:25 PM | 2 min read

കിഗാലി: ട്വന്റി 20 ലോകകപ്പ് ആഫ്രിക്ക ക്വാളിഫയറിൽ കുറഞ്ഞ സ്കോർ പിറന്നിട്ടും അങ്ങേയറ്റം ആവേശകരമായ പോരാട്ടത്തിൽ സിയറ ലിയോണിനെ തോൽപ്പിച്ച് കാമറൂൺ ചരിത്ര വിജയം സ്വന്തമാക്കി.


സിയറ ലിയോൺ ഉയർത്തിയ 65 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കാമറൂൺ, ഒൻപത് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 16-ാം ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്.


ഇതോടെ അവശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തിൽ പുരുഷ ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'ഒരു വിക്കറ്റ് വിജയം' എന്ന ലോകറെക്കോർഡ് കാമറൂൺ സ്വന്തം പേരിലാക്കി.


ഇന്നിങ്സിൽ 26 പന്തുകൾ ബാക്കിനിൽക്കെയാണ് കാമറൂൺ ലക്ഷ്യം കണ്ടത്. 2023-ൽ ജിബ്രാൾട്ടറിനെതിരെ 19 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റിന് ജയിച്ച പോർച്ചുഗലിന്റെ റെക്കോർഡാണ് കാമറൂൺ തകർത്തത്. ഇരു ടീമുകളിലെയും ഓരോ ബൗളർമാർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അപൂർവ്വ നിമിഷത്തിനും മത്സരം സാക്ഷ്യം വഹിച്ചു.


കാമറൂണിന്റെ ജൂലിയൻ അബേഗ 24 റൺസിന് അഞ്ച് വിക്കറ്റും, സിയറ ലിയോണിന്റെ സാമുവൽ കോണ്ടെ 23 റൺസിന് അഞ്ച് വിക്കറ്റും വീഴ്ത്തി. പുരുഷ അന്താരാഷ്ട്ര ട്വന്റി 20 ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഒരേ മത്സരത്തിൽ രണ്ട് ബൗളർമാർ അഞ്ച് വിക്കറ്റ് വീതം നേടുന്നത്.


ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട ഇരു ടീമുകളും കന്നി വിജയത്തിനായാണ് കളത്തിലിറങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിയറ ലിയോണിനെ കാമറൂൺ ബൗളർ ജൂലിയൻ അബേഗ തുടക്കത്തിലേ തകർത്തു. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യെഗ്ബെ ജല്ലോയെ ക്ലീൻ ബൗൾഡാക്കിയ അബേഗ, തന്റെ തൊട്ടടുത്ത ഓവറിലും വിക്കറ്റ് വേട്ട തുടർന്നു.


കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ സിയറ ലിയോൺ വെറും 64 റൺസിന് എല്ലാവരും പുറത്തായി. സിയറ ലിയോൺ നിരയിൽ ഒരു ബാറ്റർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.


65 റൺസെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കാമറൂണിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സാമുവൽ കോണ്ടെയുടെ തകർപ്പൻ ബൗളിങ്ങിൽ കാമറൂണിന്റെ ആദ്യ മൂന്ന് ബാറ്റർമാരും പൂജ്യത്തിനാണ് പുറത്തായത്. ഇതോടെ വെറും നാല് പന്തുകൾക്കുള്ളിൽ മൂന്ന് റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് അവർ വീണു.


പിന്നീട് ഡിപ്ത ലോയിക്കും വെറോൺ ബോംന്യൂയിയും ചേർന്ന് പടുത്തുയർത്തിയ 36 റൺസിന്റെ കൂട്ടുകെട്ടാണ് കാമറൂണിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.


തുടർന്ന് വീണ്ടും തകർച്ച നേരിട്ട കാമറൂൺ ഒരു ഘട്ടത്തിൽ ഒൻപത് വിക്കറ്റിന് 58 റൺസ് എന്ന നിലയിലായെങ്കിലും, 26 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ട് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. കാമറൂൺ നിരയിലും രണ്ട് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home