ad
Deshabhimani

രഘുവംശിക്ക് പിഴയും ഡിമെറിറ്റ് പോയിന്റും; വിവാദ പുറത്താകലിന് പിന്നാലെ അച്ചടക്ക നടപടി

Ankrish Raguvanshi

വിവാദ പുറത്താകലിന് ശേഷം അമ്പയർമാരോട് തർക്കിക്കുന്ന രഘുവംശി. Photo Credit|PTI

വെബ് ഡെസ്ക്

Published on Apr 27, 2026, 03:56 PM | 1 min read

ലഖ്‌നൗ: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അങ്ക്രിഷ് രഘുവംശിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ വിധിച്ചു. വിവാദമായ രീതിയിൽ പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലെ ഉപകരണങ്ങളോട് രൂക്ഷമായി പെരുമാറിയതിനാണ് താരത്തിന് പിഴയും ഒരു ഡെമെറിറ്റ് പോയിന്റും നൽകിയത്. ഐപിഎൽ കോഡ് ഓഫ് കണ്ടക്ട് ആർട്ടിക്കിൾ 2.2 പ്രകാരമുള്ള കുറ്റമാണ് താരം ചെയ്തതെന്ന് മാച്ച് റഫറി ജവഗൽ ശ്രീനാഥ് വിലയിരുത്തി.


മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു വിവാദങ്ങൾക്ക് ആസ്പദമായ സംഭവം. റണ്ണിനായി ഓടിയ രഘുവംശി, മുഹമ്മദ് ഷമിയുടെ ത്രോയിൽ നിന്ന് രക്ഷപ്പെടാനായി ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ പന്ത് താരത്തിന്റെ ശരീരത്തിൽ കൊള്ളുകയായിരുന്നു. രഘുവംശി മനഃപൂർവ്വം ഓട്ടത്തിന്റെ ദിശ മാറ്റി പന്ത് തടഞ്ഞുവെന്ന് ലഖ്‌നൗ താരങ്ങൾ അപ്പീൽ ചെയ്തു. റീപ്ലേകൾ പരിശോധിച്ച തേർഡ് അമ്പയർ രോഹൻ പണ്ഡിറ്റ് താരത്തെ ഔട്ട് വിധിച്ചു. എന്നാൽ ഈ തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രഘുവംശി പവലിയനിലേക്ക് മടങ്ങുന്നതിനിടെ ബാറ്റ് കൊണ്ട് ബൗണ്ടറി കുഷ്യനിൽ അടിക്കുകയും ഹെൽമെറ്റ് വലിച്ചെറിയുകയും ചെയ്തു.


അമ്പയറുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. രഘുവംശി മനഃപൂർവ്വം ദിശ മാറിയിട്ടില്ലെന്നും അമ്പയറുടെ തീരുമാനം കടുപ്പമേറിയതാണെന്നും മുൻ താരങ്ങളായ ഷോൺ പൊള്ളോക്കും വീരേന്ദർ സെവാഗും അഭിപ്രായപ്പെട്ടു. ലഖ്‌നൗ നായകൻ റിഷഭ് പന്ത് പോലും ഈ വിക്കറ്റിനായി ശക്തമായി അപ്പീൽ ചെയ്തിരുന്നില്ലെന്ന് പൊള്ളോക്ക് ചൂണ്ടിക്കാട്ടി. കൊൽക്കത്ത പരിശീലകൻ അഭിഷേക് നായരും അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമ്പയറുമായി തർക്കിച്ചിരുന്നു.


അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് മാച്ച് റഫറി ചുമത്തിയ ശിക്ഷാ നടപടികൾ രഘുവംശി അംഗീകരിച്ചിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനമായാണ് ഇത് കണക്കാക്കുന്നത്. ഇതോടെ താരത്തിന്റെ ഔദ്യോഗിക റെക്കോർഡിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home