ന്യൂസിലൻഡിൽ പിറന്ന ആ ക്രിക്കറ്റ് റെക്കോഡിന് 50 വർഷം

ഡോ. വസിഷ്ഠ് എം സി
Published on Nov 09, 2026, 05:58 PM | 2 min read
അൻപത് വർഷങ്ങൾക്ക് മുമ്പ്, ന്യൂസിലാൻഡിൽ വെച്ച് ഇന്ത്യൻ ബാറ്റർ സുരിന്ദർ അമർനാഥ് അപൂർവ്വമായ ഒരു ക്രിക്കറ്റ് റെക്കോഡ് സൃഷ്ടിച്ചു. തന്റെ പിതാവായ ലാലാ അമർനാഥിന്റെ പാത പിന്തുടർന്ന പ്രതിഭാശാലിയായ ക്രിക്കറ്ററായിരുന്നു അദ്ദേഹം. 1976 ജനുവരി 24ന് ഓക്ലൻഡിൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സുരിന്ദർ തന്റെ അരങ്ങേറ്റത്തിൽ തന്നെ സ്മരണീയമായ ഒരു സെഞ്ചുറി നേടി. ആ ഇന്നിംഗ്സിലൂടെ, തന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് കൈവരിച്ച അസാധാരണമായ നേട്ടം അദ്ദേഹം ആവർത്തിച്ചു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആദ്യ അച്ഛനും മകനുമായി അമർനാഥുമാർ മാറി.
ബ്രിട്ടീഷ് ഭരണകാലത്ത് അതായത് മഹാത്മാഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹം കഴിഞ്ഞ് ഇന്ത്യൻ സ്വാതന്ത്ര്യസമരം നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുന്ന സന്ദർഭത്തിലാണ് ഇന്ത്യയിൽ വെച്ച് ഇംഗ്ലണ്ടിനെ ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ നേരിടുന്നത്. 1933 ഡിസംബർ 17ന് ബോംബെയിൽ ഇംഗ്ലണ്ടിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ലാലാ അമർനാഥ് 118 റൺസ് നേടിയതോടെയാണ് ഈ കഥ ആരംഭിക്കുന്നത്. ലാലാ അമർനാഥിന്റെ ഇന്നിംഗ്സ് 21 ഫോറുകളോടെ 185 മിനിറ്റ് നീണ്ടുനിന്നു. അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി അദ്ദേഹത്തെ മാറ്റി. അദ്ദേഹത്തിന്റെ വിരോചിതമായ ശ്രമം ഉണ്ടായിരുന്നിട്ടും ടെസ്റ്റിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് ഇംഗ്ലണ്ടിനോട് തോറ്റു. എങ്കിലും, ലാലായുടെയും സുരിന്ദറിന്റെയും ഇന്നിംഗ്സുകൾ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളായി അടയാളപ്പെടുത്തപ്പെട്ടു.
രസകരമെന്നു പറയട്ടെ ശ്രദ്ധേയമായ വസ്തുത ലാലായ്ക്കോ സുരിന്ദറിനോ തങ്ങളുടെ പ്രകടമായ കഴിവുകളെ ദൈർഘ്യമേറിയതും തിളക്കമാർന്നതുമായ ടെസ്റ്റ് കരിയറുകളാക്കി മാറ്റാൻ പൂർണ്ണമായി കഴിഞ്ഞില്ല. അരങ്ങേറ്റ സെഞ്ചുറികൾക്ക് പുറമേ, ഇവർക്ക് പിന്നീട് സെഞ്ചുറികളൊന്നും തന്നെ നേടാൻ സാധിച്ചില്ല. ഇരുവർക്കും ഓരോ ടെസ്റ്റ് സെഞ്ചുറി മാത്രമാണ് നേടാനായത്. ലാലായുടെ അന്താരാഷ്ട്ര കരിയർ അദ്ദേഹത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ വെട്ടിച്ചുരുക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തിന്റെ കരിയറിന് തടസ്സം സൃഷ്ടിക്കുന്നതിന് മുമ്പ് അദ്ദേഹം മൂന്ന് ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. എങ്കിലും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനായി 1951-52 ൽ പാകിസ്ഥാനെതിരെ ഇന്ത്യയെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 24 മത്സരങ്ങളിൽ നിന്ന് നാല് ഫിഫ്റ്റികളും ഒരു സെഞ്ചുറിയും ഉൾപ്പെടെ 878 റൺസോടെയാണ് ലാലാ തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. കൂടാതെ 43 വിക്കറ്റുകളും അദ്ദേഹം നേടി. 10,000ത്തിലധികം റൺസും 500ഓളം വിക്കറ്റുകളും നേടിയ മികച്ച ഫസ്റ്റ് ക്ലാസ് കരിയറോടെ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സംഭാവന അളവറ്റതായിരുന്നു.
സുരിന്ദർ അമർനാഥിനും ഹ്രസ്വമായ അന്താരാഷ്ട്ര കരിയർ മാത്രമാണുണ്ടായിരുന്നത്. അരങ്ങേറ്റ സെഞ്ചുറിക്ക് ശേഷം, അദ്ദേഹം രണ്ട് അർദ്ധസെഞ്ചുറികൾ കൂടി നേടി. ഒന്ന് 1976-77 ൽ ഇംഗ്ലണ്ടിനെതിരെയും മറ്റൊന്ന് പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ, സർഫ്രാസ് നവാസ് തുടങ്ങിയ കരുത്തരായ ബൗളർമാരെ നേരിട്ടുകൊണ്ടും.
1983ൽ ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച മോഹീന്ദർ അമർനാഥ് അച്ഛന്റെയും ചേട്ടന്റെയും പാരമ്പര്യം കൂടുതൽ മുന്നോട്ട് കൊണ്ടു പോയി. 1980 കളിൽ ഫാസ്റ്റ് ബോളിങ്ങിനെ നേരിടാൻ കഴിവുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്നു മോഹീന്ദർ അമർനാഥ്. ഫാസ്റ്റ് ബൗളിംഗിനെ നേരിടുന്ന മികച്ച കളിക്കാരിൽ ഒരാളായി ഉയർന്നുവരികയും 1983 ലോകകപ്പിലെ സെമിഫൈനലിലും ഫൈനലിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ഇളയവനായ രാജീന്ദർ അമർനാഥ് ശക്തമായ ഫസ്റ്റ് ക്ലാസ് കരിയർ സ്വന്തമാക്കിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചില്ല.
റെക്കോര്ഡുകൾ തകർക്കപ്പെടാനുള്ളതാണ്, എന്നാൽ അച്ഛനും മകനും അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഈ അപൂർവ്വ ടെസ്റ്റ് റെക്കോഡ് ഇനിയൊരു മാറ്റുരയ്ക്കപ്പെടാൻ സാധ്യതയില്ല. ക്രിക്കറ്റിന്റെ വിശാലമായ ആകാശത്ത്, കേവലം കണക്കുകൾക്കപ്പുറം തങ്ങളുടെ പാരമ്പര്യം കൊണ്ട് അമർനാഥുമാർ തുടർന്നും ക്രിക്കറ്റ് ചരിത്രത്തിൽ തിളങ്ങിനിൽക്കും.








0 comments