ഒരു പെണ്ണാകാനില്ല

gaza women
avatar
സാജൻ എവുജിൻ

Published on Sep 21, 2025, 10:00 AM | 3 min read

എത്രകാലം ഇ‍ൗ സഹനം

എന്നു തരും പ്രകൃതി എനിക്കൊരു മോചനം?

എവിടെയാണ്‌ നീതിയുടെ ആലയം?

ആരെഴുതി എന്റെ ഭാഗധേയം?

അവനോട്‌ പറയൂ അവനോട്‌ പറയൂ

അവനോട്‌ പറയൂ ഞാൻ

പ്രകൃതിയിലെ എന്തുമാകാം

പക്ഷേ, ഒരു പെണ്ണാകാനില്ല

ഒരു അഫ-്‌ഗാൻ പെണ്ണാകാനില്ല- റോയ കാബൂൾ‍, 2009

അടിച്ചമർത്തലുകളുടെയും യുദ്ധങ്ങളുടെയും അധിനിവേശ ആക്രമണങ്ങളുടെയും ഇരകളായി മാറുന്ന മനുഷ്യരിൽ ദുരിതങ്ങളുടെ തീവ്രത കൂടുതൽ സഹിക്കേണ്ടിവരുന്നത്‌ സ്‌ത്രീകളാണ്‌. മരണംമാത്രമല്ല അവരെ കാത്തിരിക്കുന്നത്‌, ജീവിതയാത്രയിലെ ഓരോ നിമിഷവും സ്‌ത്രീകൾക്ക്‌ താരതമ്യേന കൂടുതൽ കഠിനമാണ്‌. യുദ്ധത്തിൽ പ്രിയപ്പെട്ടവരുടെ വിയോഗം, യുദ്ധമുറ എന്ന നിലയിൽ പരിഷ്‌കൃത സമൂഹത്തിലും നടക്കുന്ന ബലാത്സംഗങ്ങൾ, ബന്ദിയാക്കപ്പെടൽ, അടിസ്ഥാനസ‍ൗകര്യങ്ങളുടെ തകർച്ച തുടങ്ങി രാഷ്‌ട്രീയ അനിശ്‌ചിതത്വം വരെയുള്ള സാഹചര്യങ്ങൾ സ്‌ത്രീകളുടെ സമാധാനജീവിതം തകർക്കുന്നു. ആഗോളസമാധാനത്തിന്റെ പ്രധാന്യം ഓർമപ്പെടുത്താൻ ഐക്യരാഷ്‌ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 1981 മുതൽ എല്ലാ വർഷവും സെപ്‌തംബർ 21 ലോക സമാധാനദിനമായി ആചരിക്കുന്നുണ്ട്‌. എല്ലാ ഭിന്നതകൾക്കും അതീതമായി സമാധാനത്തിന്റെ സംസ്‌കാരം കെട്ടിപ്പടുക്കുക എന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്‌ട്ര സംഘടന ഐകകണ്-േഠ്യന പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ദിനാചരണം. അതേസമയം, വെറുപ്പിന്റെ ആരാധകർ ലോകമെങ്ങും പ്രചരിപ്പിക്കുന്ന വിദ്വേഷ സംസ്‌കാരം സമാധാന ജീവിതം അസാധ്യമാക്കി മാറ്റിയിരിക്കുന്നു. യുദ്ധങ്ങളും സംഘർഷങ്ങളും സ്‌ത്രീജീവിതത്തെ അനുദിനം താറുമാറാക്കുകയാണ്‌. യുദ്ധക്കൊതിയന്മാരും സാമ്രാജ്യത്വവും കോർപറേറ്റ്‌ശക്തികളും ചേർന്ന്‌ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ആത്യന്തിക ഇരകൾ സ്‌ത്രീകളാണ്‌.

ഗാസയിലെ ആധികൾ

ഗാസയിൽ കീറിപ്പറിഞ്ഞ കൂടാരങ്ങളിൽ ബോംബ്‌വർഷവും ഷെൽആക്രമണവും ഭയന്ന്‌ കഴിയുന്ന ലക്ഷക്കണക്കിന്‌ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും ആർത്തവകാലത്ത്‌ ആധി ഇരട്ടിയാകും. അസ‍ൗകര്യങ്ങളുടെ പര്യായമായ, തിങ്ങിക്കൂടി കഴിയുന്ന ഇടങ്ങളിൽ സാനിട്ടറി പാഡുകൾ കിട്ടാക്കനിയാണ്‌. ആഹാരമോ വെള്ളമോ വാങ്ങാൻ പാങ്ങില്ലാത്തവർക്ക്‌ സാനിട്ടറി പാഡ്‌ അത്യാഡംബര വസ്‌തുവാണ്‌. ഒരു ബക്കറ്റ്‌ വെള്ളത്തിന്‌ മണിക്കൂറുകൾ വരി നിൽക്കണം. അഴുക്കുപുരണ്ട തുണിക്കഷണങ്ങളാണ്‌ അവർക്ക്‌ ഇ‍ൗ സാഹചര്യത്തിൽ ആശ്രയം. ജീവിച്ചുപോകാനുള്ള ത്വരയാണ്‌ അഭിമാനക്ഷതത്തെ മറികടക്കാൻ പ്രേരിപ്പിക്കുന്നത്‌. ഓരോ ചുവടും ഇവർക്ക്‌ മരണത്തെ തേൽപ്പിക്കാനുള്ള ഓട്ടപ്പന്തയമാണ്‌. ഗാസയിൽ ആശുപത്രികൾ, സ്‌കൂളുകൾ, പള്ളികൾ, ഐക്യരാഷ്‌ട്ര സംഘടനയുടെ കേന്ദ്രങ്ങൾ എന്നിവയെല്ലാം തകർക്കപ്പെടുകയാണ്‌. ഇസ്രയേൽ ആക്രമണം തകർത്ത ഭ‍ൂമിയിൽ പ്രതിദിനം ശരാശരി 180 കുഞ്ഞുങ്ങളാണ്‌ അടിസ്ഥാന പരിചരണം ലഭിക്കാതെ പിറന്നുവീഴുന്നത്‌ (ഇക്കൊല്ലം ആദ്യമാസങ്ങളിലെ കണക്ക്‌. യാങ്കിപ്പടയുടെ കരയാക്രമണം ശക്തിയാർജിച്ചതോടെ ഗാസയിൽ ജീവന്റെ തുടിപ്പുകൾ ഏതാണ്ട്‌ പൂർണമായും അസ്‌തമിക്കുകയാണ്‌).


gaza women

തീരാത്ത യുദ്ധങ്ങൾ; മഹാദുരിതങ്ങൾ

ഏഴരക്കോടി മനുഷ്യരുടെ ജീവനെടുത്ത രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ്‌ യൂണിയനിൽമാത്രം 66 ലക്ഷം വനിതകളാണ്‌ കൊല്ലപ്പെട്ടത്‌. വിവിധ രാജ്യങ്ങളിലായി 20 ലക്ഷം സ്‌ത്രീകൾ നാസികളുടെ വംശഹത്യക്ക്‌ ഇരകളായി. മഹായുദ്ധങ്ങൾക്കുശേഷമുള്ള ലോകത്ത്‌ സ്‌ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച്‌ ഒട്ടേറെ ചർച്ചകളുണ്ടായി. ആശങ്കകൾക്കും ആകുലതകൾക്കും പരിഹാരം എന്ന നിലയിൽ ഐക്യരാഷ്‌ട്ര സംഘടന പ്രമേയങ്ങൾ പാസാക്കി. എന്നാൽ സമകാലത്തും‍, യുദ്ധങ്ങളും സായുധസംഘർഷങ്ങളും ഭീകരാക്രമണങ്ങളും സ്‌ത്രീകളിൽ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ തീവ്രത വർധിച്ചുവരികയാണ്‌. യുദ്ധങ്ങളിലും സായുധകലാപങ്ങളിലും കൊല്ലപ്പെടുന്ന സ്‌ത്രീകളുടെ അനുപാതം 2023ൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച്‌ ഇരട്ടിയായെന്ന്‌ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. 2023ൽ യുദ്ധക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ട ഓരോ 10 പേരിലും നാല്‌ വീതം സ്‌ത്രീകളായിരുന്നു. സംഘർഷമേഖലകളിൽ സ്‌ത്രീകൾക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ 50 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്‌. യുദ്ധബാധിത പ്രദേശങ്ങളിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാൻ കൊണ്ടുവന്ന അന്താരാഷ്ട്ര നിയമങ്ങൾ നഗ്‌നമായി ലംഘിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 25ൽപ്പരം യുദ്ധങ്ങളും സംഘർഷങ്ങളും നടന്നുവരികയാണ്‌. യെമൻ, സിറിയ, സുഡാൻ, മ്യാന്മർ എന്നിവിടങ്ങളിൽ നടക്കുന്ന ആഭ്യന്തരയുദ്ധങ്ങൾ സൃഷ്ടിച്ച രക്തച്ചൊരിച്ചിലും പട്ടിണിയും ദശലക്ഷക്കണക്കിനു പേരെ അഭയാർഥികളാക്കി. ദീർഘകാലമായി അരക്ഷിതാവസ്ഥയിൽ തുടരുന്ന കുടുംബങ്ങളിലെ സ്‌ത്രീകൾ അനുഭവിക്കുന്ന യാതനകൾ വിവരണാതീതം. ആരോഗ്യമേഖല പ്രതിസന്ധി യുദ്ധമേഖലകളിൽ സ്‌ത്രീകൾക്ക്‌ ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുടെ സേവനം പരിമിതപ്പെടുന്നത്‌ കടുത്ത മാനുഷിക പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌.


gaza women

ഗർഭകാലത്തോ പ്രസവ സംബന്ധമായോ പരിചരണം കിട്ടാതെ നാൾതോറും 500ഓളം സ്‌ത്രീകളാണ്‌ ലോകത്തെ വിവിധ സംഘർഷബാധിത രാജ്യങ്ങളിലായി മരിക്കുന്നതെന്ന്‌ കഴിഞ്ഞവർഷം ഒക്ടോബർ 22ന്‌ യുഎൻ പുറത്തുവിട്ട കണക്കിൽ വെളിപ്പെട്ടു. സമാധാന സ്ഥാപന പ്രക്രിയകളിൽ സ്‌ത്രീപങ്കാളിത്തം ശുഷ്‌കമാണ്‌. 2023ൽ അനുരഞ്‌ജന ചർച്ചകളിൽ പങ്കെടുത്ത പ്രതിനിധികളിൽ 9.6 ശതമാനം മാത്രമായിരുന്നു സ്‌ത്രീകൾ. സമാധാന–സുരക്ഷാ പ്രതിബദ്ധതകൾ പാലിക്കാൻ ആവശ്യമായ ഫണ്ടിന്റെ അപര്യാപ്‌തതയും വലിയ പ്രശ്‌നമാണ്‌. 2023ൽ ആഗോള സൈനികച്ചെലവ്‌ 2.44 ലക്ഷം കോടി ഡോളറായി കുതിച്ചുയർന്നു. യുദ്ധമേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിച്ച സഹായത്തിന്റെ 0.3 ശതമാനം മാത്രമായിരുന്നു സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വകയിരുത്തിയത്‌. അമേരിക്കയിൽ ഒരു എഫ്‌–22 യുദ്ധവിമാനത്തിന്റെ പരിപാലനത്തിന്‌ പ്രതിവർഷം ചെലവിടുന്ന പണമുണ്ടെങ്കിൽ 13 ലക്ഷം സ്‌ത്രീകൾക്ക്‌ ആരോഗ്യപരിരക്ഷ ഉറപ്പാക്കാമെന്ന്‌ സന്നദ്ധസംഘടനയുടെ റിപ്പോർട്ട്‌ വന്നിരുന്നു.

വിവേചനം, ലൈംഗിക അതിക്രമങ്ങൾ

സ്‌ത്രീകൾക്കെതിരെ വിവേചനം ശക്തമായ നാടുകളിൽ യുദ്ധഭീകരത കൂടിവരുന്പോൾ സ്ഥിതി കൂടുതൽ വഷളാകും. താലിബാൻ ഭരണത്തിലായ അഫ്‌ഗാനിസ്ഥാനിൽ സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നേടാൻ അവസരമില്ല. വിദ്യാഭ്യാസ–ആരോഗ്യമേഖലകളിൽ മനുഷ്യവിഭവശേഷി ഇതുകാരണം തീരെ പരിമിതം. ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീകൾ എച്ച്‌ഐവി ബാധിതരാകാൻ സാധ്യതയേറെയാണ്‌. ലൈബീരിയയിൽ യുദ്ധകാലത്ത്‌ അതിക്രമത്തിന്‌ വിധേയരായ സ്‌ത്രീകളിൽ നടത്തിയ പരിശോധനയിൽ എല്ലാവരിലും ഏതെങ്കിലും ലൈംഗികരോഗങ്ങൾ കണ്ടെത്തി. സിറാലിയോണിൽ ദശകത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിൽ ആയിരക്കണക്കിന്‌ സ്‌ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. പിന്നീട്‌ ഭീഷണിപ്പെടുത്തി സൈന്യത്തിൽ ചേർത്ത ഇവരിൽ ഭൂരിപക്ഷംപേരും കൊല്ലപ്പെട്ടു. മറ്റൊരു ജനതയെ കീഴ്പ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗം എന്ന നിലയിലാണ്‌ പണ്ട്‌ മുതൽ ബലാത്സംഗത്തെ യുദ്ധതന്ത്രമാക്കിയത്‌. ഭീഷണിപ്പെടുത്താനും വിവരങ്ങൾ ചോർത്താനും ശിക്ഷിക്കാനും ഇതൊരു മുറയായി പ്രയോഗിക്കുന്നു. സൈനികർ മാത്രമല്ല, സഹായവുമായി എത്തുന്ന ഏജൻസികളുടെ വളന്റിയർമാരും ഇ‍ൗ ഹീനകൃത്യം ചെയ്യുന്നുണ്ടെന്ന്‌ പടിഞ്ഞാറൻ ആഫ്രിക്കയിലെ സംഭവവികാസങ്ങൾ പരിശോധിച്ച ആംനെസ്‌റ്ററി ഇന്റർനാഷണൽ റിപ്പോർട്ടിൽ പറയുന്നു.


gaza women


ഐക്യരാഷ്‌ട്ര സംഘടനയുടെ നിയന്ത്രണത്തിലുള്ള സംഘടനകളിലെ വളന്റിയർമാരുടെ ഇത്തരം പ്രവൃത്തികൾ സംബന്ധിച്ച്‌ അന്വേഷണം നടന്നിട്ടുണ്ട്‌. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന പെൺകുട്ടികളെ ഭക്ഷണവും വസ്‌ത്രവും നൽകി കൂലിപ്പടയാളികളാക്കുന്നതും ദീർഘകാല യുദ്ധങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ പതിവാണ്‌. 1949 ഒപ്പിട്ട ജനീവ കരാറിലും പിന്നീട്‌ 1977ൽ ഇതിൽ അധിക വ്യവസ്ഥകൾ കൊണ്ടുവന്നപ്പോഴും യുദ്ധങ്ങളിൽ സാധാരണക്കാരായ സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വിഭാവനം ചെയ്‌തു. രണ്ടായിരത്തിൽ സ്‌ത്രീ, സമാധാനം, സുരക്ഷ എന്ന അജൻഡയോടെ ഐക്യരാഷ്‌ട്ര സംഘടന രക്ഷാസമിതി പ്രമേയം പാസാക്കി. യുഎൻ പ്രമേയം 1325 എന്നറിയപ്പെടുന്ന ഇ‍ൗ പ്രഖ്യാപനവും അന്തരീക്ഷത്തിൽ ലയിക്കുക മാത്രമാണ്‌ ചെയ്‌തത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home