ad
Deshabhimani

വന്ദേമാതരം മരണമായി കണ്ടത് ആരാണ്

vande mataram

രാമായണവും വന്ദേമാതരവും സീമാതീതമായ കവിഭാവനയുടെ ഉത്തമസൃഷ്ടികളാണ്. എന്നാലവ അധികാരാരോഹണത്തിനുള്ള ഉപകരണങ്ങളാകുമ്പോൾ ജനഹൃദയങ്ങളിലുണരുന്നത് ഭീതിയാണ്. സുസ്മേരവദനനായ രാമൻ ജനമനസ്സുകളിൽ കഠിനഹൃദയനായിത്തീരുന്നു. പരശുരാമകഥയും കേരളോൽപ്പത്തിയും കാവ്യഭാവനയുടെ സൃഷ്ടികളാണ്. എന്നാലത് കേരളീയർക്കനുഭവപ്പെട്ടത് ജന്മിത്തത്തിന്റെയും പൗരോഹിത്യത്തിന്റെയും ജാതിവിവേചനത്തിന്റെയും കരാളരൂപത്തിലായിരുന്നു. വന്ദേമാതരത്തിനും ആ ദുർഗതിയാണുണ്ടായിരിക്കുന്നത്.


കേരള ഗവർണറുടെ ഔദ്യോഗിക വസതിയിൽ ‘ഭാരതാംബ’ പ്രത്യക്ഷപ്പെട്ടതും മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം ഒരു സംഘടനയുടെ പരിപാടിക്കായി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ ആ ചിത്രം വച്ചതും പരിപാടി ഉദ്‌ഘാടനം ചെയ്യാനായി ഗവർണറെ ക്ഷണിച്ചതും മാസങ്ങൾ കഴിയുന്നതിനുമുമ്പ് വന്ദേമാതരം അഖിലേന്ത്യാ ചർച്ചയാക്കിയതും ബോധപൂർവമായിരുന്നില്ലേ? "വന്ദേമാതരം' എന്നാൽ വന്ദിപ്പിൻ മാതാവിനെ എന്നാണർഥം. ഏതു മാതാവിനെ? ഭാരതമാതാവിനെ. വന്ദേമാതരത്തിലെ "ബംഗമാതാ'യെ ഭാരതാംബയാക്കിയത് രാഷ്ട്രീയബുദ്ധി.


​​ബംഗമാതയും ആനന്ദമഠവും


​ "ബംഗദർശൻ' എന്ന ബംഗാളി ഭാഷാ സംഘടനയുടെ മാസികയിൽ 1875-ൽ പ്രസി ദ്ധീകരിച്ച കവിതയാണ് "വന്ദേമാതരം'. ബംഗാളുകാരുടെ ഇഷ്ടദേവതയായ ദുർഗയെ പ്രകീർത്തിക്കുന്നതാണത്. സംഹാരമൂർത്തിയായ കാളിയായും ഐശ്വര്യദേവതയായ ലക്ഷ്മിയായും വാഗ്‌ദേവതയായ സരസ്വതിയായും ദുർഗ ഭാവവ്യത്യാസം വരുത്തും. ദുർഗയുടെ ആവാസഭൂമിയായ ബംഗാളിന്റെ പ്രകൃതിവർണനയാണ് ആദ്യത്തെ എട്ടുവരികൾ. ബംഗാളിയിലും സംസ്കൃതത്തിലുമുള്ള പദങ്ങൾ കോർത്തിണക്കിയാണ് ആ ഗാനമെഴുതിയിട്ടുള്ളത്.


കൽക്കട്ടാ സർവകലാശാലയിൽനിന്ന് ബിരുദമെടുത്ത ശേഷം ബ്രിട്ടീഷ് സർക്കാരിൽ ഡെപ്യൂട്ടി കമീഷണറായിരുന്ന ബങ്കിംചന്ദ്ര ചാറ്റർജി എന്ന യുവാവാണ് ആ ഗാനമെഴുതിയത്. ബംഗാളിഭാഷയിലെ ആദ്യ നോവലിസ്റ്റും അദ്ദേഹം തന്നെ. "ആനന്ദമഠം' എന്ന ആ നോവൽ 1881-ൽ പ്രസിദ്ധീകരിച്ചപ്പോൾ അതിലെ ആമുഖഗാനമായി "വന്ദേമാതരത്തെ ഉൾപ്പെടുത്തി.


ഗാനവും നോവലും രചിക്കപ്പെടുന്നതിന് ഒരു നൂറ്റാണ്ടുമുമ്പ് ബംഗാളിലുണ്ടായ ക്ഷാമവും അതേത്തുടർന്നുണ്ടായ കർഷകസമരത്തെയും ഇതിവൃത്തമാക്കിയുള്ളതാണ് നോവൽ. സെമീന്ദാർമാർക്കെതിരെ പാട്ടക്കുടിയാന്മാർ നടത്തിയ സമരത്തെ ക്രൂരമായി അടിച്ചമർത്തുന്നതും അതിനെ നേരിടുന്നതിന് സന്യാസിമാർ നേതൃത്വം നൽകുന്നതുമാണ് കഥ. അതിനാൽ ഈ കർഷകസമരം സന്യാസി കലാപമെന്നും അറിയപ്പെട്ടു.


സന്യാസിമാരുടെ ആവാസകേന്ദ്രമാണ് "ആനന്ദമഠം'. സന്യാസിമാർ അറിയപ്പെടുന്നത് ആനന്ദൻ എന്നവസാനിക്കുന്ന വാക്കിലായിരിക്കും. ജന്മിമാർക്കെതിരെ ഉന്മൂലസമരം നടത്തി വിജയിച്ച സത്യാനന്ദൻ എന്ന ആശ്രമാധിപൻ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധത്തിനു പുറപ്പെടുന്നു. അപ്പോൾ അദ്ദേഹം ഒരശരീരി കേട്ടു. തന്റെ ദൗത്യം പൂർണമായെന്നും ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരം ദൗത്യത്തിന്റെ ഭാഗമെല്ലെന്നുമായിരുന്നു അശരീരിയുടെ ഉള്ളടക്കം. എന്നുമാത്രമല്ല, സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനുള്ള പാരിതോഷികമായി സത്യാനന്ദനെ ഉടലോടെ സ്വർഗത്തിലേക്കു കൂട്ടിക്കൊണ്ടുപോയി എന്നതാണ് പരിണാമഗുപ്തി.

ബംഗമാതാ ഭാരതമാതാവായി


​നോവലിൽ ബ്രിട്ടീഷുകാരോട് അനുകമ്പയും മുസ്ലിങ്ങളോട് വിരോധവും പ്രകടമാകുന്നുണ്ട്. അതിനാൽ നോവലിന്റെ ഭാഗമായ "വന്ദേമാതരം’ ഗാനവും വിമർശനവിധേയമായി. ഇന്ത്യൻ ദേശീയതയുടെ കർമകേന്ദ്രമായ ബംഗാളിൽ ഈ ഗാനം ജനപ്രീതി നേടി. ഈ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസില്ല. ആ സംഘടന സ്ഥാപിച്ചശേഷം 1896 മുതലുള്ള എല്ലാ സമ്മേളനങ്ങളിലും ഈ ഗാനം ആലപിക്കാൻ തുടങ്ങി. ഗാനത്തിന് ഈണം നൽകി ആദ്യമായി കോൺഗ്രസ് വേദിയിൽ ആലപിച്ചത് മഹാകവി രബീന്ദ്രനാഥ ടാഗോർ ആയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ ദേശീയത ഉയർന്നുവന്നപ്പോൾ അതിനെ തകർക്കുന്നതിനു വേണ്ടി ഭരണകൂടം നിർമിച്ചതായിരുന്നു വർഗീയത. വർഗീയതയെ ആയുധമാക്കിയുള്ള ഭിന്നിപ്പിക്കൽ നയത്തിന്റെ ആദ്യത്തെ ഇര ബംഗാളായിരുന്നു. അതാണ് 1905-ലെ ബംഗാൾ വിഭജനം. ബംഗാളിനെ വിഭജിക്കയെന്നാൽ ബംഗമാതാവിനെ വിഭജിക്കലാണെന്നുള്ളതുകൊണ്ടാണ് സമരക്കാർ "വന്ദേമാതരം’ മുദ്രാവാക്യമായി പാടിയത്. അതിനാൽ ആ ഗാനം സർക്കാർ നിരോധിച്ചു. ബംഗാൾ വിഭജനവും ഗാനനിരോധനവും സർക്കാർ പിൽക്കാലത്ത് റദ്ദാക്കി. കോൺഗ്രസിന്റെ മുദ്രാവാക്യം വന്ദേമാതരമായി. ബംഗമാതാ ഭാരതമാതാവായി വികസിച്ചു. അങ്ങനെ ബ്രിട്ടീഷ് വിരുദ്ധസമരത്തിൽ വന്ദേമാതരം ശക്തമായ ഉപകരണമായി. അത് അഖിലേന്ത്യാ മുദ്രാവാക്യമായി. അതോടൊപ്പം ഭാരതമാതാവും വളർന്നു. ഗാന്ധിയൻ യുഗം ആരംഭിച്ചതോടെ സമരഭടന്മാരുടെ ഗാനം വന്ദേമാതരമായി. സമരം ജനകീയമായപ്പോൾ, സഹികെട്ട് 1921-ൽ ബ്രിട്ടീഷ് സർക്കാർ ഗാനത്തെ വീണ്ടും നിരോധിച്ചു.

വന്ദേമാതരത്തെയും ഭാരതമാതാവിനെയും വൈശ്യനായ ഗാന്ധിജിയെയും നിഷ്പ്രഭമാക്കുന്നതിനുവേണ്ടിയാണ് 1923-ൽ വി ഡി സവർക്കർ പിതൃഭൂമി സങ്കൽപ്പം അവതരിപ്പിച്ചത്. കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന "മാതൃഭൂമി'യെ പ്രതിരോധിക്കാൻ ഹിന്ദുത്വ ദാർശനികൻ അവതരിപ്പിച്ചത് ‘പിതൃഭൂമി'യും പുണ്യഭൂമിയുമായിരുന്നു. ഇവ രണ്ടും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഒഴിവാക്കി ശുദ്ധ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന്‌ വേണ്ടിയായിരുന്നു. സ്വാതന്ത്ര്യലബ്ധിവരെ ഹിന്ദുത്വക്കാർ ആ നയത്തിൽത്തന്നെ നിൽക്കുകയായിരുന്നു.


​​എട്ടുവരിയെടുത്തു, ബാക്കി കട്ട്‌


​ജനപ്രതിനിധികളെ ഭരണത്തിൽ പങ്കാളികളാക്കി തങ്ങൾക്കെതിരെ ഉയർന്നു വരുന്ന ജനരോഷത്തെ ശമിപ്പിക്കുന്നതിനായായിരുന്നു 1935-ലെ ബ്രിട്ടീഷ്‌ ഭരണപരിഷ്കാരം. കേന്ദ്രത്തിൽ ഫെഡറേഷനും പ്രവിശ്യകളിൽ സ്വയംഭരണവും എന്നതായിരുന്നു പരിഷ്കാരത്തിന്റെ കാതൽ. നിയമസഭകളെ ബഹിഷ്കരിക്കുകയെന്ന ഗാന്ധിയൻ അടവ് സജീവമായി നിലനിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പുവന്നത്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വിജയിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് ആവശ്യമാണ്. ഹിന്ദുക്കളും അഹിന്ദുക്കളും ഉൾക്കൊള്ളുന്നതാണ് വോട്ടർമാർ. അപ്പോൾ ഒരു രാഷ്ട്രീയ പാർടി ഹിന്ദുക്കളുടെ ദേവതയായ ദുർഗയെ മാത്രം പ്രകീർത്തിക്കുന്ന ഗാനത്തെ മുദ്രാവാക്യമായി അവതരിപ്പിക്കുന്നത് ശരിയല്ലല്ലോ. ഈ സാഹചര്യത്തിലാണ് 1937 ഒക്ടോബർ 30-ന് കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയോഗം സുദീർഘമായ വന്ദേമാതരഗാനത്തിന്റെ ആദ്യത്തെ എട്ടുവരികൾ മാത്രം സ്വീകരിച്ചാൽ മതിയെന്ന തീരുമാനമെടുത്തത്. ആ വരികളിൽ പ്രകൃതി വർണനയാണുള്ളത്. മലയജശീതളവും സസ്യശ്യാമളവും കോമളവും സുഫലവും കുസുമിതവും ദ്രുമദലശോഭിതവുമായ പ്രകൃതിയെ വർണിക്കുന്നതാണത്. അതെല്ലാവർക്കും സ്വീകാര്യമാകുമെന്നുള്ളതുകൊണ്ടാണ് പ്രവർത്തകസമിതി തീരുമാനമെടുത്തത്. ആകെയുള്ള പതിനൊന്ന് പ്രവിശ്യകളിൽ ഒൻപതെണ്ണത്തിലും കോൺഗ്രസ് വിജയിക്കുകയും മന്ത്രിസഭകൾ രൂപീകരിക്കുകയും ചെയ്തു.


​വന്ദേമാതരം "വന്ന മാരണം'


​അഖിലേന്ത്യ ഫെഡറേഷൻ രൂപീകരിക്കുന്നതിനെ നാട്ടുരാജ്യങ്ങൾ ശക്തിയായി എതിർത്തു. ഗാന്ധിയുഗത്തിന്റെ ആരംഭത്തിൽത്തന്നെ നിസ്സഹകരണസമരത്തിന് ലഭിച്ച ജനപിന്തുണയെ മറികടക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഒത്താശയോടെ നിലവിൽ വന്നതാണ് നരേന്ദ്രമണ്ഡലം (All india Princes Chamber). ആകെയുള്ള 565 നാട്ടുരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ഈ സമിതിയിൽ അംഗങ്ങളായിരുന്നു. അഖിലേന്ത്യ ഫെഡറേഷൻ എന്ന നിർദേശം വന്നപ്പോൾ നരേന്ദ്രമണ്ഡലവും അതിശക്തിയായി എതിർത്തു. അവർ സ്വതന്ത്രപദവിക്കു വേണ്ടിയാണ് നില കൊണ്ടത്. നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്വഭരണം വേണമെന്നാണ് കോൺഗ്രസ്ആവശ്യപ്പെട്ടത്. അങ്ങനെയാണ് 1938-ൽ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് രൂപീ കൃതമായത്. ഇതിനെ രാജകുടുംബവും ദിവാൻ സർ സി പിയും എതിർത്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ പൊതുയോഗങ്ങൾ അലങ്കോലമാക്കാൻ "അഞ്ചുരൂപാ പൊലീസ്' എന്ന അക്രമിസംഘത്തെ നിയോഗിച്ചു. വന്ദേ മാതരം "വന്ന മാരണം' എന്ന് വികലമാക്കി വിളിച്ചു. ഗാന്ധിജിയെയും അധിക്ഷേപിച്ചു. "ഗാന്ധി എന്താക്കി? ഇന്ത്യയെ മാന്തി പുണ്ണാക്കി' എന്നും ആക്ഷേപഹാസ്യം ഉയർത്തി. അഖണ്ഡ ഭാരത വാദക്കാർ വന്ദേമാതരം വിളിച്ചപ്പോൾ രാജഭക്തസംഘം വന്നേ മാരണം എന്നു വിളിച്ചു.

​​

സി പിയുടെ കത്തും

സവർക്കറുടെ കുത്തും


​ നാട്ടുരാജ്യങ്ങൾ ഫെഡറേഷനിൽ ചേരാതെ സ്വതന്ത്രമായി നിൽക്കുന്നതിന് സഹായിക്കണമെന്നഭ്യർഥിച്ച്‌ സർ സി പി ഹിന്ദുമഹാസഭാ പ്രസിഡന്റ് വി ഡി സവർക്കർക്ക് കത്തയച്ചു. ആ കത്ത് 1938-ൽ നാഗ്പുരിൽ ചേർന്ന മഹാസഭയുടെ നിർവാഹകസമിതിയിൽ സവർക്കർ അവതരിപ്പിച്ചു. നാട്ടുരാജ്യങ്ങൾ ഫെഡറേഷനിലോ ഭാവിയിൽ സ്വതന്ത്രമാകാനിടയുള്ള ഇന്ത്യയിലോ ചേരാൻ പാടില്ലെന്നും സ്വതന്ത്രമായി നിൽക്കണമെന്നും നിർവാഹകസമിതി തീരുമാനിച്ചു. സർ സി പിയുടെ തീരുമാനത്തിന് സവർക്കർ സർവപിന്തുണയും നൽകി. സി പി യുടെ ക്ഷണം സ്വീകരിച്ച് സവർക്കർ തിരുവനന്തപുരത്തെത്തി രാജകുടുംബാംഗങ്ങളെക്കണ്ട് പിന്തുണ അറിയിച്ചു. എൻഎസ്എസിന്റെ സുവർണജൂബിലി യോഗത്തിൽ 1939-ൽ സവർക്കർ മുഖ്യാതിഥിയായി പങ്കെടുത്ത്‌, ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്‌തു. വിഘടിച്ചു നിൽക്കുന്ന എൻഎസ്എസിനെയും എസ് എൻഡിപിയെയും ഐക്യപ്പെടുത്തി സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ പിന്തുണക്കുന്നതിനുള്ള ഹിന്ദുമഹാമണ്ഡല രൂപീകരണത്തിനുള്ള ആഹ്വാനമാണ് സവർക്കർ നടത്തിയത്. അതായത് സവർക്കറും ഹിന്ദുമഹാമണ്ഡലവും രാജഭക്തസംഘവും വന്ദേമാതരത്തിനെതിരായിരുന്നു എന്നർഥം. എന്നുമാത്രമല്ല ഹിന്ദു മഹാമണ്ഡലത്തിന്റെ നേതൃത്വത്തിൽ മന്നത്തു പത്മനാഭൻ പടത്തലവനായ വിമോചനസമരസേനയായിരുന്നല്ലോ 1959-ൽ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ കലാപം നടത്തിയത്.


​​ജനഗണമന വരുന്നു


​സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭരണഘടനാനിർമാണസഭയിൽ ദേശീയഗാനത്തെക്കുറിച്ച് ചർച്ച നടന്നു. മൂന്നു ഗാനങ്ങളായിരുന്നു പരിഗണനാ വിധേയമായത്. മുഹമ്മദ് ഇക്ബാൽ രചിച്ച “സാരേ ജഹാൻ സെ അഛാ', രബീന്ദ്രനാഥ ടാഗോറിന്റെ 'ജനഗണമന', ബങ്കിംചന്ദ്ര ചാറ്റർജിയുടെ "വന്ദേ മാതരം'. കാവ്യഗുണംകൊണ്ട് “സാരേ ജഹാൻ സെ അഛാ' ഉത്തമമായിരുന്നെങ്കിലും അതിന്റെ കർത്താവ് ഇന്ത്യാ വിഭജനത്തെ പിന്തുണച്ച് പാകിസ്ഥാനിലേക്ക് പോയതിനാൽ ആദ്യമേതന്നെ ആ ഗാനം മാറ്റിവച്ചു. മറ്റു രണ്ടു ഗാനങ്ങളും തുല്യ പരിഗണനയോടെ ചർച്ചയ്‌ക്കു വിധേയമാക്കി. കോൺഗ്രസ് പ്രവർത്തക സമിതി 1937-ൽ അംഗീകരിച്ച "ജനഗണമന’യ്ക്ക് മുൻതൂക്കം കിട്ടാൻ കാരണം അവിഭക്ത ഭാരതത്തിന്റെ എല്ലാ ഭൂപ്രദേശങ്ങളെയും അതിൽ വർണിക്കുന്നു എന്നതായിരുന്നു. പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാത്ത ദ്രാവിഡ ഉത്കല ബംഗ, വിന്ധ്യഹിമാചല യമുനാ ഗംഗയും ജനധിയുമടങ്ങുന്ന ഭാരത ഭാഗ്യവിധാതാവിനെയാണ് ജനഗണമനയിലൂടെ അഭിസംബോധന ചെയ്യുന്നത്. നാനാജാതി മതസ്ഥരുമടങ്ങുന്ന ഭാരതമാണ് ആ ഗാനം വിഭാവനം ചെയ്യുന്നത്. അങ്ങനെയാണ് ജനഗണമന ദേശീയഗാനവും വന്ദേമാതതരം ദേശീയഗീതവും ആയത്. ഭരണഘടന നിലവിൽ വരുന്ന 1950 ജനുവരി 26-ന് രണ്ടുദിവസം മുമ്പ് സഭാധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദ് സഭയ്ക്ക് നൽകിയ രേഖാമൂലമുള്ള ഉറപ്പിൽ രണ്ടു ഗാനത്തിനും തുല്യ പ്രാധാന്യമാണുള്ളതെന്ന് പ്രസ്താവിച്ചിരുന്നു.

മൗലിക കടമയെ ഭയക്കുന്നു


​ഇന്ത്യൻ പാർലമെന്റ് 1971-ൽ അംഗീകരിച്ച Prevention of Insult of National Honour Act ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നുമാത്രമല്ല 1976-ൽ പാസാക്കിയ 42–-ാം ഭരണഘടനാ ഭേദഗതിയിലൂടെ 51 അ എന്ന മൗലിക കടമകളടങ്ങുന്ന വകുപ്പ് എഴുതിച്ചേർക്കുകയും അതിൻപ്രകാരം ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കേണ്ടത് പൗരന്മാരുടെ മൗലിക കടമയായി പ്രഖ്യാപിക്കുകയും ചെയ്തു. വന്ദേമാതരത്തിനു കിട്ടാത്ത നിയമസംരക്ഷണം ജനഗണമനക്കു കിട്ടുന്നു എന്നതാണ് പ്രശ്നമായിരിക്കുന്നത്. അതിനെ മറികടക്കുന്നതിനായി രബീന്ദ്രനാഥ ടാഗോർ ബ്രിട്ടീഷ് ചക്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ടെഴുതിയതാണ് ജനഗണമനയെന്നും അതിലെ ഭാരതഭാഗ്യവിധാതാവ് ചക്രവർത്തിയാണെന്നും ദുർവ്യാഖ്യാനം ചെയ്യുന്നത്. മരിച്ചു മണ്ണടിഞ്ഞുപോയവരെ മുൻകാല പ്രാബല്യത്തോടെ അപമാനിക്കുന്ന ഹിന്ദുത്വ പരിപാടിയുടെ ഭാഗമാണിതെന്നു കാണാൻ വിഷമമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home