Deshabhimani

ബെൻസിന്റെ കുതിപ്പിന്‌ തുടക്കമിട്ട രഹസ്യയാത്ര

Bertha Benz
avatar
ആരതി ബി എസ്‌

Published on Aug 30, 2026, 01:30 AM | 1 min read

1888 ആഗസ്‌ത്‌ അഞ്ചിന് പുലർച്ചെ, ജർമനിയിലെ മാൻഹൈം എന്ന ചെറിയ നഗരത്തിൽ ലോകചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു യാത്ര ആരംഭിച്ചു. ഭർത്താവ് കാൾ ബെൻസ് നിർമിച്ച, എന്നാൽ ലോകം തിരിച്ചറിയാതെപോയ ഒരു മൂന്നുചക്ര യന്ത്രവാഹനം ഗാരേജിൽ നിന്ന് ആരുമറിയാതെ പുറത്തെടുത്ത് ഒരു സ്ത്രീ ഡ്രൈവിങ്‌ സീറ്റിലിരുന്നു. പേര് ബർത്ത ബെൻസ്. ആദ്യത്തെ ദീർഘദൂര കാർ യാത്ര നടത്തി വാഹനലോകത്ത് വിപ്ലവം സൃഷ്ടിച്ച വനിത. അന്നത്തെ സമൂഹം അസാധ്യമെന്ന് കരുതിയ 106 കിലോമീറ്റർ ദൂരമുള്ള ആ ദീർഘദൂര യാത്രയാണ് ഇന്നത്തെ ആധുനിക വാഹന ലോകത്തിന് അടിത്തറയിട്ടത്.


​‘മോട്ടോർവാഗൺ' നിർമിച്ചെങ്കിലും ​കാൾ ബെൻസിന്‌ വിപണി കണ്ടെത്താനോ ആളുകളെ വിശ്വസിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. കുതിരകളില്ലാത്ത യന്ത്രവണ്ടിയെ ആളുകൾക്ക് സംശയവും ഭയവുമായിരുന്നു. എന്നാൽ ഭർത്താവിന്റെ കണ്ടുപിടിത്തത്തിൽ ബർത്തയ്ക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഭർത്താവിന്‌ പിന്തുണ നൽകാൻ വാഹനത്തിന്റെ പ്രായോഗികത ലോകത്തിന് മുന്നിൽ തെളിയിക്കാൻ അവർ ഉറപ്പിച്ചു.


​​ഭർത്താവിനോട് പറയാതെ, മേശപ്പുറത്ത് ഒരു കുറിപ്പുമാത്രം വച്ച് തന്റെ 15-ഉം 13-ഉം വയസ്സുള്ള മക്കളായ ഓഗനെയും റിച്ചാർഡിനെയും കൂട്ടി ബർത്ത യാത്രതിരിച്ചു. 106 കിലോമീറ്റർ അകലെയുള്ള ഫോർസ്ഹൈമിലെ അമ്മയുടെ വീടായിരുന്നു ലക്ഷ്യസ്ഥാനം. വണ്ടിയിൽ ഇന്ധനം തീർന്നപ്പോൾ വിസ്‌ലോക്ക് എന്ന ഗ്രാമത്തിലെ മെഡിക്കൽ ഷോപ്പിൽനിന്ന് അഴുക്ക്‌ കളയാൻ ഉപയോഗിക്കുന്ന ലിഗ്രോയിൻ എന്ന കെമിക്കൽ വാങ്ങി ഇന്ധനമാക്കി. ലോകത്തിലെ ആദ്യ ഫ്യുവൽ സ്റ്റേഷനായാണ്‌ ഇതിന്ന്‌ അറിയപ്പെടുന്നത്‌. വൈകിട്ടോടെ ബർത്തയും മക്കളും ലക്ഷ്യസ്ഥാനത്ത് എത്തി. കാൾ ബെൻസിന് യാത്ര വിജയകരമായി പൂർത്തിയാക്കി എന്ന ടെലിഗ്രാം സന്ദേശവുമയച്ചു.


​​ഈ ഒറ്റ യാത്രകൊണ്ട് മോട്ടോർവാഗൺ ജനശ്രദ്ധ നേടി. ബർത്ത നൽകിയ നിർദേശം അനുസരിച്ചാണ് വണ്ടിക്ക് കയറ്റം കയറാൻ സഹായിക്കുന്ന അധിക ഗിയറുകൾ കാൾ ബെൻസ് കൂട്ടിച്ചേർത്തത്. പിന്നീട് ബെൻസ് കമ്പനി വളർന്ന് ഇന്നത്തെ മെഴ്‌സിഡസ് ബെൻസ് ആയി മാറിയ ചരിത്രം ലോകപ്രസിദ്ധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home