മധുരം നിറയും മറയൂർ

നിധിൻ രാജു
Published on Nov 02, 2025, 10:13 AM | 3 min read
മറയൂരിന്റെ മൺനിലങ്ങളിൽ കരിമ്പിൻ മുളകൾ ഉണരുമ്പോൾ കാറ്റിനൊപ്പമെത്തുന്നത് മധുരഗന്ധംകൂടിയാണ്. തലമുറകളുടെ വിയർപ്പ് പരുവപ്പെടുത്തിയ മധുരക്കരിമ്പാണ് മറയൂരിന്റെ സമ്പത്ത്. പാരമ്പര്യശുദ്ധിയും അനുഭവസമ്പത്തുമാണ് മറയൂർ ശർക്കരയുടെ ഇരട്ടിമധുരം. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പട്ടിക വർഗ വിഭാഗത്തിന്റെ സ്വന്തം ബ്രാൻഡ്, സർക്കാർ സഹായത്തോടെ ഇപ്പോൾ വിപണിയിലുണ്ട്. നീണ്ടിരുണ്ട വഴികളിലൂടെ കടന്നുവന്ന ജനതയുടെ അഭിമാനചരിത്രം കൂടിയാണ് "മറയൂർ മധുര’മെന്ന ബ്രാൻഡ്.
ഭൗമസൂചിക കരുത്ത്
2019 മാർച്ച് അഞ്ചിനാണ് മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക(ജിഐ ടാഗ്) പദവി ലഭിച്ചത്. ഇത് മറയൂർ ശർക്കരയെ വ്യാജ വിപണികളിൽനിന്ന് രക്ഷിച്ച് യഥാർഥ കർഷകർക്ക് ന്യായവില ഉറപ്പാക്കി. മണ്ണിന്റെയും കാലാവസ്ഥയുടെയും വെള്ളത്തിന്റെയും പാരമ്പര്യ അറിവിന്റെയും സമന്വയമാണ് മറയൂർ ശർക്കര. പ്രത്യേക പ്രദേശത്ത് പരമ്പരാഗത രീതിയിൽ ഉൽപ്പാദിപ്പിക്കുമ്പോൾമാത്രം തനത് രുചിയും ഗുണവിശേഷങ്ങളും കൈവരുന്ന ഉൽപ്പന്നങ്ങൾക്കാണ് ഭൗമസൂചിക (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്–--ജിഐ) പദവി. 2016ൽ മറയൂർ സന്ദർശിച്ച അന്നത്തെ കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി രാജേന്ദ്രനോട് മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ നിർദേശിച്ചത്. മന്ത്രിതന്നെ മുൻകൈയെടുത്ത് അഞ്ചുനാട് കരിമ്പ് ഉൽപ്പാദക വിപണന സംഘം, മഹാഡ്, മാപ്കോ എന്നീ കരിമ്പ് കർഷകസംഘങ്ങളെക്കൊണ്ട് അപേക്ഷ സമർപ്പിച്ചു. അംഗീകൃത ലാബുകളിൽ പരിശോധന നടത്തി ആധികാരികമായ മാപ്പും ലോഗോയും സഹിതമാണ് ചെന്നൈയിലെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ റജിസ്ട്രിയിൽ അപേക്ഷിച്ചത്. സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണെങ്കിൽ മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ്. സാധാരണ ശർക്കരയിൽ ബ്ലീച്ചിങ് നടത്താനായി ഹൈഡ്രോസ് തുടങ്ങിയ രാസവസ്‌തുക്കൾ ചേർക്കാറുണ്ട്. ഇത് ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലാണ്. ഇരുമ്പിന്റെ അംശവും കാൽസ്യവും കൂടുതലുള്ള മറയൂർ ശർക്കരയ്ക്ക് ഉപ്പിന്റെ അംശം തീരെകുറവാണ്. മറ്റു ശർക്കരകളേക്കാൾ മധുരം കൂടുതലാണ്. സോഡിയം, കല്ല്, ചെളി മുതലായവ കുറവുമാണ്.
മറയൂർ മധുരം
പട്ടികവർഗ വികസന വകുപ്പിന്റെ സഹ്യകിരൺ പദ്ധതിയുടെ ഭാഗമായി ദണ്ഡുകൊമ്പിൽ ശർക്കര നിർമാണ പ്ലാന്റ് സ്ഥാപിച്ചു. കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് കമ്പനിയുടെ ശർക്കര നിർമാണ യൂണിറ്റിൽനിന്നാണ് "മറയൂർ മധുരം’ വിപുലമായ തോതിൽ ഉൽപ്പാദിപ്പിക്കുന്നത്. കാലങ്ങളായി ശർക്കര നിർമാണവും കരിന്പുകൃഷിയും ചെയ്തുവരുന്ന മറയൂരിലെ നൂറ്റന്പതോളം പട്ടികവർഗ കുടുംബങ്ങളെ സംഘടിപ്പിച്ചാണ് കമ്പനി രൂപീകരിച്ചത്. പൂർണമായും പട്ടികവർഗ കുടുംബങ്ങൾ മാത്രം അംഗങ്ങളായിട്ടുള്ള ഈ സംരംഭം രാജ്യത്തുതന്നെ ആദ്യത്തേതാണ്. കാന്തല്ലൂർ ദണ്ഡുകൊമ്പ് നഗറിൽ 30 ലക്ഷം ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. പട്ടിക വർഗ കർഷകരുടെ കരിന്പുകൃഷിക്ക് അർഹമായ വില ഇവിടെ ലഭിക്കുന്നു. ശർക്കര നിർമാണത്തിന്റെ ലാഭം പൂർണമായും പട്ടികവർഗ മേഖലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇവിടെ പ്രതിദിനം 1000 കിലോ ശർക്കര ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ‘മറയൂർ മധുരം’ ശർക്കരയുടെ വിപണനം 2024 ആഗസ്തിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.
ശർക്കര നിർമാണം
കരിമ്പ് വെട്ടിയെടുത്ത് യന്ത്രസഹായത്തോടെ ചതച്ച് നീരെടുക്കും. ഇത് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. അടിഞ്ഞുകഴിയുമ്പോൾ മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റും. 1000 ലിറ്റർ ശേഷിയുള്ള പാത്രം (കൊപ്ര) അടുപ്പിൽവച്ചു ചൂടാക്കും. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടിയാണ്. ചൂടായി വരുമ്പോൾ കുമ്മായം ചേർക്കും. പിന്നെ മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കപ്പിയുടെ സഹായത്തോടെ മാറ്റും. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കും.
പ്രതിസന്ധിയും പോരാട്ടവും
ഒരിക്കൽ 2500 ഹെക്ടർ കരിമ്പ് പാടങ്ങൾ ഉണ്ടായിരുന്ന മറയൂർ–കാന്തല്ലൂർ മേഖലയിൽ, ഇന്ന് 500 ഏക്കറിൽ താഴെമാത്രമാണ് കൃഷി. ഭൂമി നികത്തപ്പെടുകയും ജലസേചന സൗകര്യം തകരുകയും ശർക്കര വിപണി തമിഴ്‌നാട് കൈയടക്കുകയും ചെയ്‌തതോടെ കർഷകർക്ക് പോരാടേണ്ടിവന്നു. പല കരിമ്പിൻപാടങ്ങളും റിയൽ എസ്റ്റേറ്റ്, റിസോർട്ട് മാഫിയകൾക്ക് തീറെഴുതിക്കൊടുത്തു. ഇതോടെയാണ് പരമ്പരാഗത കൃഷിയെ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടത്. ഭൗമസൂചിക പദവി നേടി ലോക ശ്രദ്ധയാകർഷിച്ച മറയൂരിന്റെ പാരമ്പര്യ മധുരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സംഭരണശാലകളും ഗുണമേന്മ ഉറപ്പുള്ള പ്രോസസിങ് സംവിധാനങ്ങളും വിപണന സംവിധാനങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമായത്. മറയൂർ ശർക്കരയുടെ ‘പ്രീമിയം ഇമേജ്’ ഉറപ്പാക്കി ലോകവിപണിയിൽ ബ്രാൻഡായി ഉയർത്താനാണ് ശ്രമം
സർക്കാർ കൈപിടിച്ചു
ശർക്കരയുടെ വിപണന കേന്ദ്രം ആരംഭിക്കുന്നതിനായി ഇടുക്കി പാക്കേജിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. എസ്‌ടി വകുപ്പിന്റെ ‘ഹരിതലക്ഷ്‌മി’ പദ്ധതിയിൽപ്പെടുത്തി മറയൂർ കർഷകരുടെ കരിമ്പിന് ന്യായവില ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്തി. പലകാരണങ്ങൾകൊണ്ട് കൃഷിയിൽനിന്ന് മാറിനിന്നവരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തി. ഇടനിലക്കാരുടെ ചൂഷണങ്ങളിൽനിന്ന് കർഷകരെ മോചിപ്പിക്കുകയായിരുന്നു പ്രധാനദൗത്യം. ഈ ശ്രമങ്ങൾ വിജയിച്ചതോടെയാണ് നിരവധിപേർ കരിമ്പുകൃഷിയിലേക്ക് തിരികെയെത്തിയത്. കൂടാതെ കരിമ്പുകർഷകർക്ക് പ്രത്യേക സബ്‌സിഡിയും നൽകിവരുന്നു. ബ്ലോക്കുതലത്തിൽ ട്രാക്‌ടർ, നിർമാണോപകരണങ്ങൾ തുടങ്ങിയവ നിസ്സാരതുകയ്‌ക്ക് വാടകയ്‌ക്ക് നൽകുന്ന ‘ആത്മ’ പദ്ധതിയും പ്രയോജനകരമായി. കേരളത്തിന്റെ ഹൃദയമധുരമായി മറയൂർ മാറുന്നു.










0 comments