Deshabhimani

സാങ്കേതികവിദ്യ സാധ്യതയാക്കാം

Roopesh Shaji

രൂപേഷ് ഷാജി

avatar
കെ ആർ അനൂപ്

Published on Nov 22, 2026, 01:30 AM | 2 min read

പാ രഞ്ജിത്തിന്റെ പുതിയ ചിത്രം ‘വെട്ടുവ’ത്തിന്റെ ഛായാഗ്രാഹകൻ മലയാളിയായ രൂപേഷ് ഷാജിയാണ്‌. നിരവധി ആർട്ട്‌ ഹൗസ് സിനിമകൾക്കും കൊമേഴ്സ്യൽ പ്രോജക്ടുകൾക്കും ഛായാഗ്രഹണം നിർവഹിച്ച രൂപേഷ് സംസാരിക്കുന്നു.


പാ രഞ്ജിത്തിന്റെ പുതിയ ചിത്രം വെട്ടുവം റിലീസിങ്ങിനൊരുങ്ങുകയാണ്. വേറിട്ട ദൃശ്യാവിഷ്കാര സാധ്യതകളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് വെട്ടുവം. ദിനേഷ്, ആര്യ, ശോഭിത ധുലിപാല, കലൈയരസൻ എന്നിവരുൾപ്പെടുന്ന ബിഗ് ഫ്രയിമുകളുടെ ഛായാഗ്രാഹകൻ മലയാളിയായ രൂപേഷ് ഷാജിയാണ്. 2027- ലെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാക്തരുവ (Kaktarua) എന്ന ബംഗാളി സിനിമയുടെ ഛായാഗ്രാഹകൻകൂടിയാണ് രൂപേഷ്. നിരവധി ആർട്ട്‌ ഹൗസ് സിനിമകൾക്കും കൊമേഴ്സ്യൽ പ്രോജക്ടുകൾക്കും ഛായാഗ്രഹണം നിർവഹിച്ച രൂപേഷ് ഷാജി സംസാരിക്കുന്നു


​​പാ രഞ്ജിത്തിന്റെ 
ചിത്രത്തിലേക്ക്‌


​പാ രഞ്ജിത് നിർമിച്ച രണ്ട് ചിത്രങ്ങൾക്ക് ഞാൻ കാമറ ചെയ്തിട്ടുണ്ട്. നീലം പ്രൊഡക്ഷനിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ നച്ചത്തിരം നഗരഗിരാത് എന്ന സിനിമയുടെ ഡിഒപി, കിഷോർ കുമാർ വഴിയാണ്. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സീനിയറായിരുന്നു കിഷോർ. പാ രഞ്ജിത്തിന്റെ അസോസിയറ്റ് ആയിരുന്ന ദിനകരൻ ശിവലിംഗത്തിന്റെ ബോട്ടിൽ രാധ എന്ന സിനിമയിൽ ഡിഒപി ചെയ്‌തിരുന്നു. അതുകഴിഞ്ഞ് വീണ്ടും അകിരൺ മോസസിന്റെ ചിത്രം വെക്കൈ ചെയ്തു. സമാന്തരമായി ഞാൻ ഒരു ബംഗാളി സിനിമയും. യുദ്ദജിത് ബസു(Yudhajith Basu) പൃഥ്വിജോയ് ഗാംഗുലി (Prithvijoy Ganguly) എന്നിവരുടെ കാക്തരുവ (Kaktarua) ആയിരുന്നു അത്. സിനിമ ഇപ്പോൾ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടു. അതുകഴിഞ്ഞാണ് പാ രഞ്ജിത് വിളിക്കുന്നത്. ജനുവരിയിലാണ് റോട്ടർഡാമിലെ കാക്തരുവ പ്രീമിയർ. ആ സമയത്ത് വെട്ടുവവും റിലീസിങ്ങിനൊരുങ്ങുന്നു.


​​ആർട്ട്‌ ഹൗസ് 
സിനിമകളിൽനിന്ന്‌
കൊമേഴ്സ്യൽ 
പ്രോജക്ടിലേക്ക്


​വലിയ പ്രോജക്ട് എന്ന രീതിയിൽ ഞാൻ കാണാറില്ല. പല കാര്യങ്ങളും വ്യത്യസ്തമായിരിക്കാം. സമയമാണ് ഒരു പ്രധാന കാര്യം. ഇവിടെ നിശ്ചിത സമയം പ്രധാനപ്പെട്ടതാണല്ലോ. എല്ലാ രീതിയിലുള്ള സിനിമകളും കാണാറുണ്ട്. എനിക്ക് എല്ലാ സിനിമകളും ഇഷ്ടവുമാണ്. പരിമിതികളെ സാധ്യതകളാക്കുകയാണ്. ഷൂട്ടിങ്ങിനായി നല്ലതുപോലെ തയ്യാറെടുത്തു. ഇതുപോലെ ആക്ഷനുള്ള സിനിമ ഞാൻ മുമ്പ്‌ ഷൂട്ട് ചെയ്തിട്ടില്ല. ദിലീപ് സുബ്ബരായൻ മാസ്റ്ററാണ് ആക്ഷൻ. എല്ലാവരും നല്ലൊരു ടീമായി വർക്ക് ചെയ്തു. നടൻമാർ വളരെ ബുദ്ധിമുട്ടിയാണ് പല സീനുകളും പൂർത്തിയാക്കിയത്. അവരവരുടെ ജോലികൾ വീഴ്ചകളില്ലാതെ ചെയ്യാൻ നല്ലതുപോലെ ശ്രമിച്ചു.


വെട്ടുവത്തിലെ 
വെല്ലുവിളികൾ


​പാ രഞ്ചിത് ഇങ്ങനെ ഒരു ഷോട്ട് വേണം എന്നുപറയാറില്ല. ഇങ്ങനെയൊരു ഇമേജ്‌ ആണ് വേണ്ടതെന്ന് പറയും. എന്നിട്ട് അത്‌ നമ്മളോട് വിശദീകരിക്കും. എന്നെ സംബന്ധിച്ച് അത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.ചില കാര്യങ്ങളൊക്കെ മൊബൈലിൽ ഷൂട്ട് ചെയ്ത് അദ്ദേഹത്തെ കാണിക്കാറുണ്ടായിരുന്നു. കുറച്ചുകൂടി ഓപ്പൺ ആയാണ് തമിഴ് സിനിമ സഞ്ചരിക്കുന്നത്, ഇപ്പോൾ മലയാളത്തിലൊക്കെ അങ്ങനെയുണ്ടല്ലോ. പ്രേക്ഷകന് സ്വീകാര്യമാകുമോ എന്നല്ല നല്ല സിനിമ എന്നതാണ്. എല്ലാം ടെക്നോളജിയിൽ അപ്ഡേറ്റ് ചെയ്യപ്പെടുകയാണ്. ഒരു ഹൈബ്രിഡ് രീതിയായിരിക്കും നമുക്കിനി സ്വീകരിക്കാനാകുക. അതൊരു സാധ്യതയായി കാണാനാണ് ആഗ്രഹിക്കുന്നത്.


​സിനിമയിലേക്കുള്ള വഴി


​കോട്ടയത്ത് തോട്ടക്കാട് എന്ന ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതും. ഡിഗ്രി വയനാട് സെന്റ് മേരീസ് കോളേജിലായിരുന്നു. കലിക്കറ്റ് സർവകലാശാലയിൽ ഫോക് ലോർ ഡിപ്പാർട്ട്മെന്റിൽ പി ജി ചെയ്യുന്നതിനിടെയാണ് എസ്ആർഎഫ്ടിഐയിലേക്ക് എൻട്രൻസ് എഴുതുന്നത്. കോഴ്സ് തീരാറായപ്പോഴേക്കും ഒരു ബംഗാളി ഫിലിം ചെയ്തു. അഡ (Adda) എന്നായിരുന്നു പേര്. ദേവായുഷ് ചൗധരി ആയിരുന്നു ഡയറക്ടർ. ഋതുപർണഘോഷിന്റെയൊക്കെ ഒപ്പമുള്ള ആളായിരുന്നു. അതൊരു നല്ല തുടക്കവുമായിരുന്നു. പിന്നീട് ക്യൂവിന്റെ (കൗശിക് മുഖർജി) സീരീസ്. ഖാണ്ഡു (Gandu), താഷേർ ദേശ് (Tasher Desh) ഒക്കെ ചെയ്തയാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം കരിയറിൽ അത് പ്രധാനപ്പെട്ട വർക്കായിരുന്നു. കലിക്കറ്റ് സർവകലാശാലയിൽ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപിക പ്രീതിയാണ് ഭാര്യ. മകൻ: വിവിയൻ റൂയി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home