Deshabhimani

print edition ജയിൽക്കൊല EXPOSED !

Malabar Rebellion

മലബാർ കാർഷിക കലാപത്തിൽ പങ്കെടുത്തവരെ വിചാരണക്കായി ബ്രിട്ടീഷ്‌ പൊലീസുകാർ കോഴിക്കോട്‌ എത്തിച്ചപ്പോൾ (1925 സെപ്‌തംബറിലെ ചിത്രം)

avatar
വിനോദ്‌ പായം

Published on Nov 08, 2026, 01:00 AM | 5 min read

മലബാർ കലാപമെന്ന്‌ കേട്ടാൽ ചരിത്രത്തിന്റെ ഫോക്കസ്‌
വാഗൺ ട്രാജഡിയെന്ന കൂട്ടക്കൊലയിലേക്കാകും ആദ്യമെത്തുക. അതേകാലത്ത്‌ നൂറുകണക്കിന്‌ തടവുകാരെ 
കണ്ണൂർ സെൻട്രൽ ജയിലിലും പാർപ്പിച്ചിരുന്നു. 
അവരെയെല്ലാം തല്ലിയും തൂക്കിയും 
ബ്രിട്ടീഷ്‌ പട്ടാളം കൊന്നു. 1921 ഒക്‌ടോബർ മുതൽ 
1922 നവംബർ വരെ നൂറിലധികംപേരെ 
കൊന്നതിന്റെ രേഖകൾ ഇപ്പോഴും 
ജയിലിൽ നിലവിളിക്കുന്നുണ്ട്‌


ചരിത്ര നോട്ടുപുസ്‌തകത്തിൽ താളുകൾ അപ്പാടെ മറഞ്ഞുപോയതിനാലാണോ എന്തോ ‘1921’ എന്ന പൊള്ളുന്ന അധ്യായം ആരുമങ്ങനെ വായിക്കാറില്ല! ഓർക്കാറുമില്ല. ഓർക്കാൻ ഇഷ്ടമല്ലാത്തതിനാൽമാത്രം ചരിത്രത്തിലെ നിലവിളികൾ കേൾക്കേണ്ട എന്നുവരുന്നത്‌ എത്രമാത്രം ശരിയാണ്‌. നാം ചെന്നുമുട്ടുന്ന പലതരം വഴികളിൽ, ചരിത്രം മനുഷ്യരൂപിയായി എഴുന്നേറ്റു നിൽക്കും. നിങ്ങളെന്തിനാണ്‌ ഞങ്ങളെ ഇപ്പോഴും ഇരുട്ടത്ത്‌ തളച്ചിടുന്നതെന്ന്‌ ചോദിക്കും. മറുപടി പറയുന്നില്ലെങ്കിലും മറുപടി എന്തെന്ന്‌ അന്വേഷിക്കുകയെങ്കിലും വേണ്ടേ നമുക്ക്‌?


മലബാർ കലാപമെന്ന്‌ കേട്ടാൽ ചരിത്രത്തിന്റെ ഫോക്കസ്‌ വാഗൺ ട്രാജഡിയെന്ന കൂട്ടക്കൊലയിലേക്കാകും ആദ്യമെത്തുക. അതേകാലത്ത്‌ നൂറുകണക്കിന്‌ തടവുകാരെ കണ്ണൂർ സെൻട്രൽ ജയിലിലും പാർപ്പിച്ചിരുന്നു. അവരെയെല്ലാം തല്ലിയും തൂക്കിയും ബ്രിട്ടീഷ്‌ പട്ടാളം കൊന്നു. 1921 ഒക്‌ടോബർമുതൽ 1922 നവംബർവരെ നൂറിലധികംപേരെ കൊന്നതിന്റെ രേഖകൾ ഇപ്പോഴും ജയിലിൽ നിലവിളിക്കുന്നുണ്ട്‌.


Malabar Rebellionഫോട്ടോ: ജഗത് ലാൽ


കാലം: 1921 ആഗസ്‌ത്‌ മുതൽ 
 1922 ഫെബ്രുവരിവരെ


​സ്വാതന്ത്ര്യ സമരചരിത്രത്തിൽ അത്രയും ചോരയും മരണവും വീണ പോരാട്ടങ്ങളിൽ ഒന്നാണ്‌ 1921. സ്ഥലം: അന്നത്തെ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ.


കൊല്ലപ്പെട്ടവർ: ഇരുപതിനായിരംവരെ, ബ്രിട്ടീഷ്‌ കമാൻഡർ: ഒന്ന്‌, ബ്രിട്ടീഷ്‌ പട്ടാളക്കാർ: 43, സർക്കാർ അനുകൂലികൾ, ജന്മിമാർ: 800 പേർ വരെ.

ജയിലിൽ അടച്ചവർ: അരലക്ഷം. ആൻഡമാനിലേക്കും മറ്റും നാടുകടത്തിയവർ: അരലക്ഷം. കാണാതായവർ: ഒരുലക്ഷം.


വാഗൺ ട്രാജഡി

​​

അന്നത്തെ മദ്രാസ് സംസ്ഥാനത്തിൽ വലിപ്പത്തിൽ എട്ടാം സ്ഥാനത്തുള്ള ജില്ലയായിരുന്നു 1921 ലെ മലബാർ. എട്ടു പട്ടണവും 2201 ഗ്രാമവുമുള്ള 5792 ചതുരശ്രമൈൽ വിസ്തീർണത്തിലുള്ള ജില്ല. 30.98 ലക്ഷം ജനസംഖ്യ. ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പൊന്നാനി താലൂക്കുകൾക്കുപുറമെ വയനാട്, കുറുമ്പ്രനാട് താലൂക്കും ഗൂഡല്ലൂർ ഉൾപ്പെടുന്ന നീലഗിരി ജില്ലയിൽവരെ 1921ലെ കലാപം സ്വാധീനിച്ചു. ബ്രിട്ടീഷുകാർ അതിക്രൂരമായാണ്‌ കലാപത്തെ എതിരിട്ടത്‌. അനേകംപേരെ വിചാരണ പോലുമില്ലാതെ തൂക്കിക്കൊന്നു. ആ നാളുകളിലാണ്‌ 1921 നവംബർ 19-ന് വാഗൺ ട്രാജഡി എന്ന പേരിൽ അറിയപ്പെട്ട വാഗൺ കൂട്ടക്കൊലയും നടന്നത്‌.


​നവംബർ 10 മുതൽ ജയിലുകളെല്ലാം നിറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിലും ആൾക്കാരെ തിക്കിത്തിരക്കിയിട്ടു. എന്നിട്ടും തികയാതെവന്ന നൂറുപേരെവീതം ബെല്ലാരി ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അത്‌ നാട്ടുകാർ കാണുന്നത് ഒഴിവാക്കാൻ, ചരക്കുവാഗണുകളിൽ പൂട്ടിയിട്ട് കൊണ്ടുപോകാൻ ബ്രിട്ടീഷ്‌ സർജന്റ് ആൻഡ്രൂസ്‌ തീരുമാനിക്കുന്നു. കോയമ്പത്തൂരിലേക്കുള്ള 77–-ാം നമ്പർ ട്രെയിനിലേക്ക്‌ തിരൂരിൽനിന്ന്‌ തടവുകാരുടെ വാഗൺ കൂട്ടിച്ചേർത്തു. നാല് ഹിന്ദുക്കളും 96 മുസ്ലിങ്ങളുമടക്കം 100 തടവുകാർ, വായുസഞ്ചാരമില്ലാത്ത വാഗണിൽ ഇരുൾകീറി ട്രെയിൻ മുന്നോട്ട്‌.


​വൈകിട്ട് 7.15-ന് തിരൂരിൽനിന്ന് പുറപ്പെട്ടു. കിട്ടാത്ത ശ്വാസത്തിന്റെ കരിന്പുക ട്രെയിൻ പുറത്തേക്ക്‌ തള്ളി. രാത്രി 12.30-ന് പോത്തന്നൂരിൽ എത്തിയപ്പോൾ 56 പേർ ശ്വാസംമുട്ടി മരിച്ചു. ഈ മൃതദേഹങ്ങൾ തിരൂരിലേക്ക് തിരിച്ചയച്ചു. ബാക്കി 44 പേരുമായി പുലർച്ചെ 4.30-ന് ട്രെയിൻ കോയമ്പത്തൂരിലേക്ക് പോയി. അവിടെ എത്തുമ്പോഴേക്കും ആറുപേർകൂടി മരിച്ചു. അടുത്ത ദിവസങ്ങളിലായി എട്ടുപേർ. ആകെ 70 പേരുടെ കൂട്ടക്കൊല; അതും ഒറ്റരാത്രിയിൽ!

​

ജയിൽ ട്രാജഡി (കൂട്ടക്കൊല)

​​

ഇതൊന്നുമറിയാതെ കലാപകാരികളെന്ന്‌ മുദ്രകുത്തപ്പെട്ടവർ കണ്ണൂർ സെൻട്രൽ ജയിലിലും ഉണ്ടായിരുന്നു. വാഗണിൽ കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കളുണ്ടാകാം അതിൽ. അവരെയും കൊന്നുതള്ളാനായിരുന്നു ബ്രിട്ടീഷ്‌ ജയിൽ നീതി തീരുമാനിച്ചത്‌. ​കണ്ണൂർ സെൻട്രൽ ജയിലിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള മരണ രജിസ്‌റ്ററിൽ 1921 ഒക്‌ടോബർ മുതൽ 1922 നവംബർവരെയുള്ള താളുകൾ ആ ജയിൽനീതിയെന്തെന്ന്‌ ഉച്ചത്തിൽ പറയും. 1921 ഡിസംബർ നാലിന്‌ മാത്രം 10 മുസ്ലിം പേരുകാർ മരിച്ചതായി രേഖകളിൽ കാണാം. എല്ലാം ഏറനാടൻ മുസ്ലിം പേരുകൾ. അഹമ്മദ്‌ കുട്ടി, വീരാൻ, മുഹമ്മദ്‌, അമ്മു, കുഞ്ഞി അവറാൻ, കുഞ്ഞി ഹാജി‍, ഇ‍ൗയം ഹാജി, ഉമിയത്താൻ, മൊയ്‌തീൻ കുട്ടി, കുന്പിക്കൽ ഹാജി... മരിച്ച നിലയിൽ കണ്ടു എന്നാണ്‌ രേഖകളിൽ.


Malabar Rebellion1921 ഒക്‌ടോബർ മുതൽ 1922 നവംബർ വരെ കണ്ണൂർ സെൻട്രൽ ജയിലിൽ 
മരിച്ചവരുടെ പേരുവിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള രജിസ്‌റ്ററിന്റെ താളുകൾ


​ഒരേ ദിവസം ഇത്രയും പേർ മരിച്ചുവീഴണമെങ്കിൽ വാഗൺ ട്രാജഡിയെക്കാളും വലിയ പാതകമാകും കണ്ണൂർ ജയിലറകളിൽ അന്ന്‌ നടന്നിട്ടുണ്ടാകുക. മൃതദേഹങ്ങൾ പെറുക്കി മാറ്റിയ ഏതോ ദിനത്തിൽ തൂവൽ തൂലികയാൽ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥർ രേഖയാക്കി വച്ചതാകും ആ പേരുകൾ.


മറ്റൊരു പേജിൽ ആശുപത്രിയിൽ മരിച്ചു എന്നാണ്‌ കൂടുതൽ പേരുടെയും വിവരങ്ങളിൽ കാണുന്നത്‌. തുടർച്ചയായി തൂക്കിക്കൊന്നതിന്റെയും രേഖകളുണ്ട്‌. 1922 ആഗസ്‌ത്‌ 11 മുതൽ നവംബർ 22 വരെ രാമൻ നായർ, കുക്കുപ്പ ഗ‍ൗഡ, നാഗപ്പ ചെട്ടി, അമലു ഹാജി, കുഞ്ഞി പക്കു, രായൻ കുട്ടി, അബ്ദുള്ള, തൂഴി അവൂക്ക എന്നിവരെ തൂക്കിക്കൊന്നതായി രേഖകളിലുണ്ട്‌. മൊത്തം 35 പേർ ഇ‍ൗ നൂറുദിവസത്തിൽ ജയിലിൽ മരിച്ചു. വിചിത്രമായകാര്യം മുസ്ലിം നാമധാരികളെല്ലാം മരിച്ചു, അല്ലെങ്കിൽ ആശുപത്രിയിൽ മരിച്ചു എന്നാണ്‌ രേഖ. അതേസമയം അപൂർവമായ ഹിന്ദു പേരുകാരെ തൂക്കിക്കൊന്നതായും കാണുന്നു. മതം തിരിച്ച്‌ കൊല നടപ്പാക്കിയോ എന്ന്‌ സംശയിക്കാവുന്ന ജയിൽ രേഖകൾ.


​നവംബർ ആറിനുമാത്രം അഞ്ചുപേരെ തൂക്കിലേറ്റുന്നുണ്ട്‌; അമലു ഹാജി, കുഞ്ഞി പക്കു, രായൻ കുട്ടി, അബ്ദുള്ള, തൂഴി അവൂക്ക എന്നിവരാണത്‌. ഒരുപക്ഷേ, ഒറ്റ ദിവസം അത്രയും കൂടുതൽപേരെ (നാലുപേരെ) ഒറ്റയടിക്ക്‌ കൊലമരമേറ്റുന്നത്‌ പിന്നീട്‌ കയ്യൂർ സഖാക്കളെയാകും; 1943 മാർച്ച്‌ 29ന്‌.


​പേരിലും മരണത്തിന്റെ സ്വഭാവത്തിലും കൃത്യമായ സാമ്യം 1921 ഒക്‌ടോബർ മുതൽ 1922 നവംബർവരെയുള്ള ജയിൽ രേഖകളിൽ കാണാനാകും. മരിച്ചവരിൽ 95 ശതമാനവും ഏറനാടൻ മുസ്ലിം പേരുകാർ. ഹിന്ദു പേരുകാരെ പകുതിയും തൂക്കിക്കൊന്നതായും കാണുന്നു. മലബാർ കലാപകാലത്തെ ജയിൽ രേഖയാണ്‌ ഇതെന്നതിന്‌ ഇ‍ൗ സാമ്യങ്ങൾ തന്നെയാണ്‌ തെളിവ്‌. 1922 ജൂൺ, ജൂലൈ രേഖകൾ നോക്കുക. മരിച്ചവരിൽ രണ്ടുപേരൊഴികെ ബാക്കിയെല്ലാം മുസ്ലിങ്ങൾ. ഗോപാലൻ നായർ, പി വേലൻ എന്നീ ഹിന്ദുപേരുകാരും മരണ ലിസ്‌റ്റിലുണ്ട്‌. പക്ഷേ, അവരെ തൂക്കിക്കൊന്നതാണ്‌. ബാക്കി ആശുപത്രിയിലാണ്‌.


​ആഗസ്‌ത്‌ മൂന്നിനും നാലിനും സി എച്ച്‌ കുഞ്ഞാലിയും സി എച്ച്‌ സൈതാലിയും മരിച്ചിട്ടുണ്ട്‌. സൈതാലിയെ തൂക്കിക്കൊന്നതാണ്‌. കുഞ്ഞാലി ആശുപത്രിയിലും മരിക്കുന്നു. ഇ‍ൗ രണ്ടുപേരുകാർ സഹോദരങ്ങളാണോ? ഒരാളെ തല്ലിക്കൊല്ലുന്നതുകണ്ട്‌, മറ്റേയാൾ പ്രതിഷേധിച്ചോ? പിന്നീട്‌ ആ സഹോദരനെ തൂക്കിക്കൊന്നോ? ഒന്നുമറിയില്ലല്ലോ; ആകെയുള്ളത്‌ ഇപ്പോഴും ജീവനുള്ള നരയൻ രജിസ്‌റ്റർ പുസ്‌തകത്തിലെ കനത്ത നിശ്ശബ്ദത മാത്രം!


Malabar Rebellion1921 ഒക്‌ടോബർ മുതൽ 1922 നവംബർ വരെ കണ്ണൂർ സെൻട്രൽ ജയിലിൽ 
മരിച്ചവരുടെ പേരുവിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള രജിസ്‌റ്ററിന്റെ താളുകൾ

​​

​118 മരണമോ?

​

എഴുപതുപേർ മരിച്ച വാഗൺ കൂട്ടക്കൊലയ്‌ക്ക്‌ സമാനമായി പറയേണ്ട ചരിത്രം തന്നെയാണ്‌ കണ്ണൂർ സെൻട്രൽ ജയിൽ കൂട്ടക്കൊലയും. 1921 ആഗസ്‌ത്‌ മുതലാണ്‌ കലാപം പടരുന്നത്‌ എന്നാണ്‌ ചരിത്രം. അങ്ങനെ വരുന്പോൾ ഒക്ടോബർമുതൽ കണ്ണൂർ ജയിലിലേക്കും പിടികൂടിയവരെ ഉറപ്പായും എത്തിച്ചിട്ടുണ്ടാകും. അവിടെമുതൽ 1922 നവംബർവരെയുള്ള ജയിൽ രേഖകൾ പരിശോധിച്ചാൽ 118 പേർ മരിച്ചതായി കാണാം. ഇതിൽ 21 പേരെ തൂക്കിക്കൊന്നതായും കാണുന്നു. ബാക്കിയുള്ളവർ ബഹുഭൂരിപക്ഷവും ആശുപത്രിയിൽ മരിച്ചു എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.


​മലബാറിൽ അടിപതറിയ ബ്രിട്ടീഷ്‌ പട്ടാളം, അതിന്റെ കലി തീർത്തത്‌ ജയിലിലെത്തിച്ച തടവുകാരിലാകാം. പരക്കെ തല്ലിക്കൊന്നതാകാനാണ്‌ സാധ്യത. പ്രതിരോധിച്ചവരെ തൂക്കിക്കൊന്നുകാണും. മതപരമായി വെവ്വേറെ സെല്ലുകളിൽ പാർപ്പിച്ചവരിൽ, മർദനത്തിൽ പ്രതിഷേധിച്ച ഹിന്ദു തടവുകാരെ വിചാരണയില്ലാതെ തൂ‍ക്കിക്കൊന്നതാകാനും സാധ്യതയുണ്ട്‌. ഒന്നുമറിയില്ല; അങ്ങനെ തന്നെയാണോ എന്നതിന്‌ മറ്റുരേഖകളില്ല; ആ ഇരുണ്ടകാലം ചരിത്രത്തിന്റെ പലതരം മ‍ൗനങ്ങളുടെയും കെട്ടകാലമായിരുന്നല്ലോ!


​പഴക്കത്താലും ചരിത്ര ബന്ധത്താലും ആരും തുറക്കാത്ത രേഖക്കോട്ട കൂടിയാണ്‌ ബ്രീട്ടുഷുകാർ നേരിട്ട്‌ ഭരണം നടത്തിയ കണ്ണൂർ സെൻട്രൽ ജയിൽ. 1869ൽ സ്ഥാപിച്ച ജയിലിൽ, 1864 മുതലുള്ള രേഖകൾ കണ്ടെടുത്തിട്ടുണ്ട്‌. അതിനർഥം, ഔദ്യോഗികമായി ജയിൽ ആകുന്നതിന്‌ മുമ്പുതന്നെ ബ്രിട്ടീഷുകാരുടെ തടങ്കൽ പാളയമായിരുന്നു കണ്ണൂർ എന്നാണ്‌.


ആരാലും തൊടാത്ത ലക്ഷക്കണക്കിന്‌ രേഖകൾ അടിഞ്ഞുകിടക്കുന്ന സ്ഥാപനം കൂടിയാണിത്‌. അതെല്ലാം സംരക്ഷിച്ച്‌, വലിയൊരു മ്യൂസിയമായി നാടിന്‌ പ്രദർശിപ്പിക്കാനുള്ള പ്രൊപ്പോസൽ ജയിൽ വകുപ്പിന്‌ മുന്നിലുണ്ട്‌. ​ഒരേ സമയത്ത്‌ രണ്ടുപേരെ തൂക്കിക്കൊല്ലാൻ സൗകര്യമുള്ള ഒരേയൊരു ജയിലാണിത്‌. അവിടെയാണ്‌ ഒറ്റദിവസം അഞ്ചുപേരെവരെ മലബാർ കലാപകാലത്ത്‌ തൂക്കിയത്‌.


​നൂറ്റാണ്ടിനിടയിൽ 364 പേരെ ഇവിടെ തൂക്കിലേറ്റി. അതിൽ കൂടുതലും മലബാർ കലാപ കാലത്താണ്‌ എന്നാണ്‌ രേഖകൾ. സ്വാതന്ത്ര്യാനന്തരം 58 പേരെയും തൂക്കിലേറ്റി. ഏറ്റവും ഒടുവിൽ തൂക്കിക്കൊന്നത്‌ മുതുകുറ്റി ചന്ദ്രൻ എന്ന റിപ്പർ ചന്ദ്രനെ; 1991 ജൂലൈ ആറിന്‌.

​

ഇത്രയും കൂടി

​​

മലബാർ കലാപത്തിന്റെ 25–ാം വാർഷികത്തിൽ 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ ഇ എം എസ്‌ ‘ആഹ്വാനവും താക്കീതും’ എന്നതലക്കെട്ടിൽ ഇങ്ങനെ എഴുതി: കോൺഗ്രസിന്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ചെകുത്താൻ ഭരണത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെ അകംനിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.


​വെള്ളപ്പട്ടാളത്തിന്റെയും ഗൂർഖാപട്ടാളത്തിന്റെയും തോക്കിന് മാറു കാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി മൂന്നുനാലു മാസക്കാലത്തോളം പോരാടിയവരും പൂക്കോട്ടൂർ യുദ്ധമെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിതസമരംതന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാർടി അഭിവാദ്യം ചെയ്യുന്നു.


​സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മാതൃകയെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരംപേരെ ആൻഡമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിളകുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്‌ലർ ഫാസിസത്തിന്റെ മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന വാഗൺ ട്രാജഡി ഏർപ്പാടു ചെയ്യുകയും ചെയ്തു. പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിന്റെ മർദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്‌റ്റു പാർടി വീക്ഷിക്കുന്നു.


​(‘ആഹ്വാനവും താക്കീതും’ എന്ന തലക്കെട്ടിൽ ഇ എം എസ്‌ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ബ്രിട്ടീഷ്‌ 
ഭരണകൂടം ദേശാഭിമാനി നിരോധിച്ചിരുന്നു)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home