ad
Deshabhimani

മതിലുതീർക്കാത്ത മനുഷ്യരുടെ നാട്

venkamala temple

വേങ്കമല ഭഗവതി ക്ഷേത്രം

avatar
​സുരേഷ്‌ ഗോപി

Published on Mar 16, 2026, 11:39 AM | 4 min read

​​കേരളത്തിനെതിരായ വിദ്വേഷ വർഗീയകഥകൾ സംഘപരിവാർ രാജ്യമാകെ പ്രചരിപ്പിക്കുകയാണ്‌. കേരളം ജിഹാദികളുടെ നാടാണ്‌, ലൗജിഹാദാണീ
നാട്ടിലാകെ, ഹിന്ദുക്കൾക്ക്‌ ജീവിക്കാൻ കഴിയാത്ത ദേശമാണ്‌ കേരളം എന്നിങ്ങനെ ആർഎസ്‌എസും വിഎച്ച്‌പിയും ബജ്‌റംഗ്‌ദളും ബിജെപിയുമടക്കം സംഘപരിവാറിലെ സകലമാന വർഗീയവിഷവാദികളും കേരളത്തെ
അവഹേളിക്കുന്ന കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. കേരളത്തിനെതിരായ പച്ചനുണകൾ നിരത്തിയ കേരള സ്‌റ്റോറിക്ക്‌ പുരസ്‌കാരം നൽകി മലയാളികളെ അപമാനിച്ചു. ഇപ്പോഴിതാ നട്ടാൽമുളയ്‌ക്കാത്ത അസത്യങ്ങളും അപവാദങ്ങളും കള്ളവും ചേർത്തുള്ള രണ്ടാം കേരള സ്‌റ്റോറിയും. എന്നാൽ,
മതത്തിന്‌ മദപ്പാടുണ്ടാക്കാനായി സംഘപരിവാറിന്റെ നുണഫാക്ടറികളിലൂടെ അവതരിപ്പിക്കുന്ന ഇ‍ൗ കള്ളച്ചിത്രമല്ല യഥാർഥ കേരളം. മതത്തിനുപരിയായി മനുഷ്യരായി ജീവിക്കുന്ന, മതിലുതീർക്കാത്ത മനുഷ്യരുടെ നാടാണ്‌ 
കേരളം. അതാണ്‌ റിയൽ കേരള സ്‌റ്റോറി.


ഇ‍ൗ ക്ഷേത്രത്തിനുള്ളിൽ മുസ്ലിങ്ങൾക്ക് നിസ്കരിക്കാൻ ഒരിടമുണ്ട്‌, ഏതു മതക്കാർക്കും കയറാം. റംസാനിൽ ക്ഷേത്രചെലവിൽ നോമ്പുതുറ. ഉത്സവദിവസം സമീപത്തെ മുസ്ലിം പള്ളിയുടെ മുറ്റത്തും പൊങ്കാലക്കലങ്ങൾ നിറയും. ജാതിമതവേലിക്കെട്ടുകളില്ലാത്ത വേങ്കമല ക്ഷേത്രം ദശാബ്‌ദങ്ങളായി കേരളത്തിന്റെ സഹിഷ്‌ണുതയുടെ ലിഖിതമുദ്രയാകുന്നു. അപരവിദ്വേഷത്തിന്റെ ധൂമകേതുക്കൾ പകയുടെ ഹിംസാടനം നടത്തുന്ന സമകാലത്ത്‌ വേങ്കമലയിലുദിക്കുന്നത്‌ സാഹോദര്യത്തിന്റെ കതിരൊളി.


നൻമയുടെ കർപ്പൂരഗന്ധം


പ്രതിദിനം ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ക്ഷേത്രത്തിനുള്ളിൽ ഇസ്ലാംമത വിശ്വാസികൾക്ക്‌ നിസ്കരിക്കാനുള്ള സൗകര്യം എന്നു കേൾക്കുന്പോൾ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. അതാണ്‌ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലെ പുല്ലമ്പാറ പഞ്ചായത്തിലെ വേങ്കമല ഭഗവതിക്ഷേത്രത്തിന് പറയുവാനുള്ളത്. മതത്തിന്റെ വേലിക്കെട്ടില്ലാത്ത ഒരു ക്ഷേത്രമാണിത്‌. മതമെെത്രിയുടെ നിത്യപ്രതീകം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ രീതി. വർഷങ്ങളായി വേങ്കമലയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന മതസൗഹാർദത്തിന്റെ കാണപ്പെടുന്ന അടയാളമാണിത്‌. പകയും വിദ്വേഷവും മതവൈരവുമെല്ലാം ഇവിടെ പടിക്കു പുറത്താണ്‌. എല്ലാ മതവിശ്വാസികളും സഹോദരരായി കഴിയുന്ന ഇടം. സർവമത തീർഥാടനകേന്ദ്രമെന്നാണ്‌ ക്ഷേത്രത്തിന്റെ ബോർഡിൽ എഴുതിവച്ചിട്ടുള്ളത്‌. ഏതു മനുഷ്യർക്കും കയറിച്ചെല്ലാവുന്ന ഒരിടമായി വിളങ്ങുകയാണ്‌ വേങ്കമല.


venkamala temple


​കേരളത്തിൽത്തന്നെ ഇസ്ലാംമത വിശ്വാസികൾക്ക് നിസ്കരിക്കാൻ സാധിക്കുന്ന ക്ഷേത്രം ഉണ്ടോയെന്ന്‌ സംശയമാണ്‌. ചിലപ്പോൾ ഇതൊരു കെട്ടുകഥയാണെന്നു തോന്നിയേക്കാം. ജാതിയും മതവും മുന്പൊന്നുമില്ലാത്തവിധം വിദ്വേഷധാരകൾ ചമയ്‌ക്കുന്ന, പകയുടെ കെട്ടുകോലങ്ങൾ ഉറഞ്ഞാടുന്ന പുതുകാലത്ത്‌ ഒരുകൂട്ടം മനുഷ്യർ അവരുടെ വിശ്വാസങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നത്‌ കാണാൻ കഴിയുന്നതുതന്നെ സന്തോഷജന്യമാണ്‌. വേങ്കമല ദേവീക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ പൊങ്കാലയുടെ സമയത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെയെത്തുന്നത്. അവർക്ക് മരുതുംമൂട്ടിലുള്ള മുസ്ലിം പള്ളിയുടെ മതിലിനുള്ളിൽ പൊങ്കാല ഇടുവാനുള്ള സൗകര്യങ്ങൾ പള്ളിയും ഒരുക്കും. ഇവിടെ പൊങ്കാല ആയാലും റംസാൻ ആയാലും ഒരുപോലെ ജനങ്ങൾ ആഘോഷിക്കും. പരസ്‌പരം സഹകരിച്ച്‌ ക്ഷേത്രത്തിൽ നോമ്പുതുറയും സംഘടിപ്പിക്കുന്നു.


ദ്രാവിഡ ആചാരങ്ങൾ


അപരനിൽ തങ്ങളെത്തന്നെ കാണുന്ന വിശ്വാസത്തിന്റെ നിറവാണ്‌ വേങ്കമല ഭഗവതി ക്ഷേത്രത്തെ വ്യത്യസ്‌തമാക്കുന്നത്‌. വനദുർഗാ സങ്കൽപ്പത്തിൽ ഭഗവതിയെ ആരാധിക്കുന്ന ഈ ക്ഷേത്രം ഗിരിവർഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്. കാണി വിഭാഗത്തിൽപ്പെട്ടവരാണ്‌ പൂജകൾ നടത്തുന്നത്‌. ദ്രാവിഡ രീതിയിലുള്ള ആചാരങ്ങളാണ് പിന്തുടരുന്നത്. പ്രത്യേക മന്ത്രങ്ങളോ പൂജാവിധികളോ ഒന്നുമില്ലാതെ ഗൗളിമന്ത്രം മാത്രം സ്വീകരിക്കുന്നതാണ് രീതി. ആദിവാസി വിഭാഗക്കാരുടെ ദക്ഷിണകേരളത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ക്ഷേത്രമാണ് വേങ്കമല. കേരളത്തിൽ പൊതുവേ കണ്ടുവരുന്നത് ബ്രാഹ്മണ പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളാണ്. അത്തരത്തിലുള്ള ക്ഷേത്രങ്ങളിൽനിന്ന്‌ ഗോത്രവർഗപൂജയ്‌ക്ക്‌ വ്യത്യാസമുണ്ട്‌. വിളിച്ചുചൊല്ലി പ്രാർഥന, മലദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള കരിക്കേറ് എന്ന ആചാരം, ചാറ്റ് പാട്ട്, കുടിയേറിത്തുള്ളൽ, ഗുരുതി തുടങ്ങിയ ആചാരങ്ങളൊക്കെ ഈ ക്ഷേത്രത്തിലുണ്ട്‌.


മതാതീത തീർഥാടനകേന്ദ്രം


സർവ മതങ്ങളെയും ഒരേ മനസ്സോടെ കാണുകയാണ്‌ വേങ്കമല. അറിയിപ്പുകളിലൊക്കെ സർവമത തീർഥാടനകേന്ദ്രമെന്നാണ് കാണുക. ക്ഷേത്രത്തിലെ എല്ലാ പൂജാരിമാരും പ്രധാന കമ്മിറ്റി ഭാരവാഹികളും കാണിക്കാർതന്നെ. ഇ‍ൗ മേഖലയിലെ ജനങ്ങൾ മതാതീതമായി പങ്കെടുക്കുന്ന ആഘോഷങ്ങൾ കൂടിയാണ് വേങ്കമല ക്ഷേത്രത്തിലേത്. ഇതരമതസ്ഥർ പുലർത്തുന്ന സഹകരണമാണ്‌ ഇ‍ൗ നാടിന്റെ മതമൈത്രിയുടെ പ്രതീകം. പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങളും മുസ്ലിങ്ങളാണ്. അവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഉത്സവകാര്യങ്ങളിൽ ക്ഷേത്രക്കമ്മിറ്റി തീരുമാനം എടുക്കുന്നതും. ഇ‍ൗ ഒരുമയുടെകൂടി ഭാഗമാണ്‌ റംസാൻ നോമ്പ് സമയത്ത് ക്ഷേത്രം നോമ്പുതുറ സംഘടിപ്പിക്കുന്നതും മരുതുംമൂട്ടിലുള്ള മുസ്ലിം പള്ളിയങ്കണത്തിൽ പൊങ്കാലക്കലങ്ങൾ നിരക്കുന്നതും.


venkamala templeക്ഷേത്ര ഭാരവാഹികൾ


തുറന്നിട്ട അമ്പലം


ശാന്തസ്വരൂപിണിയായ ദേവിയും ഉഗ്രരൂപിണിയായ കരിങ്കാളിമൂർത്തിയും മുഖത്തോടുമുഖം നോക്കിയിരിക്കുന്നതാണ്‌ മുഖ്യപ്രതിഷ്ഠകൾ. ദേവിക്ക്‌ പുറമേ കാരണവർ, കന്യാവ്, ഗണപതി, ആയിരവില്ലി, കുട്ടിച്ചാത്തൻ, നാഗരാജാവ്, ബ്രഹ്മരക്ഷസ്സ്‌, പഞ്ചിയമ്മ, അപ്പൂപ്പൻ എന്നിവരാണ് ഉപദേവതകൾ. എല്ലാ പ്രതിഷ്ഠകളും വെയിലും മഴയും കാറ്റും കൊള്ളുന്ന തുറന്ന അമ്പലമായാണ് നിർമാണം. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് പ്രധാന പൂജകൾ. ദേവിക്ക്‌ പൊങ്കാല സമർപ്പിച്ചാൽ ഉദ്ധിഷ്‌ടകാര്യം സാധിക്കുമെന്നും ആൽമരത്തിൽ പാവകളും കരിവളയുംകെട്ടി പ്രാർഥിച്ചാൽ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്നുമാണ് വിശ്വാസം. കാരണവരുടെ പ്രതിഷ്ഠയിൽ തോർത്തും മുണ്ടും രുദ്രാക്ഷവും ചൂരലും സമർപ്പിച്ചാൽ എല്ലാ തടസങ്ങളും മാറി കാര്യങ്ങൾ ഭംഗിയായി നടക്കുമത്രേ.


പട്ടും കരിങ്കോഴിയും ആടും ദേവിക്ക് നേർന്നാൽ ശത്രുക്കളുടെ മേൽവിജയമുണ്ടാകുമെന്നാണ്‌ വിശ്വാസം. അപ്പൂപ്പന് മദ്യവും മുറുക്കാനുമാണ് പ്രധാന കാഴ്ചവസ്തു. അപ്പൂപ്പന് കാണിക്കവച്ചാൽ തലവേദന ശമിക്കുമെന്നും മുറുക്കാനും പുകയിലയും നൽകിയാൽ നായ്ക്കളെക്കൊണ്ട് ശല്യമുണ്ടാകില്ല എന്നുമാണ്‌ വിശ്വാസികൾ പറയുന്നത്. ഇവിടുത്തെ കാരണവ പ്രതിഷ്ഠയുടെ അമ്പലത്തിനു മുന്നിലാണ് മുസ്ലിങ്ങൾക്ക്‌ നിസ്കരിക്കുവാനുള്ള സൗകര്യമുള്ളത്. പ്രത്യേക മന്ത്രങ്ങളോ തന്ത്രങ്ങളോ ഒന്നുമില്ലാതെ ഗൗളി മന്ത്രം മാത്രം ആരാധനയായി സ്വീകരിക്കുന്നതാണ് ഇവിടുത്തെ രീതി എന്നതു കൊണ്ടുതന്നെ ആചാരപരമായ ബുദ്ധിമുട്ടുകളും നേരിടുന്നില്ല. ഇവിടെ നേർച്ചയായി ലഭിക്കുന്ന ആടും കോഴിയുമെല്ലാം ലേലം ചെയ്‌തു നൽകുകയാണ്‌ പതിവ്‌.


പ്രകൃതി അനുഗ്രഹിച്ച നാട്


ഐതീഹ്യങ്ങളും വിശ്വാസങ്ങളും കെട്ടുപിണയുന്ന വേങ്കമല പ്രകൃതിഭംഗികൊണ്ടും കാർഷികവിളകളാലും സമ്പന്നമാണ്‌. തലമുറകൾ പകർന്ന ആദിമസംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കഥകളാണ് വേങ്കമല ക്ഷേത്രത്തിന്റെ ഐതിഹ്യം. ദാരികനിഗ്രഹത്തിനുശേഷം കർഷകസ്ത്രീയുടെ വേഷം പൂണ്ട് വേങ്കമലയിലെത്തിയ ദേവിക്ക്‌ മുത്തൻകാണിയെന്നയാൾ തെങ്ങിൻകരിക്ക് അടർത്തി നൽകിയെന്നും അതിൽ സംപ്രീതയായി അവിടെ കുടിയിരുന്നു എന്നുമാണ്‌ വിശ്വാസം. ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നിടത്ത് മുത്തൻകാണി ദേവിയെ കുടിയിരുത്തി പൂജ നടത്തി എന്നാണ്‌ ക്ഷേത്രഐതിഹ്യം പറയുന്നത്‌. ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നതാണ് ചുറ്റുമുള്ള ഓരോ പ്രദേശനാമവും. വെഞ്ഞാറമൂടു വഴിയും നെടുമങ്ങാടു വഴിയും ക്ഷേത്രത്തിലെത്താം. ഇ‍ൗ അപൂർവ ക്ഷേത്രം കാണാനും ഗോത്രാചാരങ്ങൾ മനസ്സിലാക്കുവാനും നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്‌.


​ഉത്സവദിവസങ്ങളിൽ വലിയ തിരക്ക്‌ അനുഭവപ്പൈടാറുണ്ട്‌. പൊലീസ്, ആരോഗ്യവകുപ്പ്, അഗ്നിശമന സേന എന്നിവരുടെ സേവനവും സജ്ജമാക്കിയാണ്‌ തിരക്ക്‌ നിയന്ത്രിക്കുന്നത്‌. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും വേങ്കമലയിലേക്ക് പ്രത്യേക സർവീസും നടത്തും.


venkamala temple


​സമഭാവനയുടെ മണ്ണ്‌


ക്ഷേത്രം സ്ഥിതിചെയ്യുന്ന ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ കൂടുതലും ഇസ്ലാംമത വിശ്വാസികളാണ്. ഇസ്ലാം വിശ്വാസികൾ കൂടിച്ചേർന്നതായിരുന്നു ഇവിടത്തെ ക്ഷേത്ര കമ്മിറ്റി. ഉത്സവാദികാര്യങ്ങളോടനുബന്ധിച്ചും മറ്റ് ആഘോഷ പരിപാടികളോടായാലും മറ്റ്‌ മതക്കാരുടെ അകമഴിഞ്ഞ സ്നേഹവും സഹകരണവും ഉണ്ട്‌. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഉത്സവത്തോടനുബന്ധിച്ച് കൊടിമര ഘോഷയാത്രയിൽ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കും. ആചാര മര്യാദകൾ പൂർണമായി പാലിച്ചാണ്‌ ഇത് സംഘടിപ്പിക്കുന്നത്‌. പതിനായിരങ്ങൾ പങ്കെടുക്കുന്ന പൊങ്കാലയ്ക്ക് ആവശ്യമായ സഹകരണം പുല്ലമ്പാറ പാലം ജമാ അത്തും മരുതമൂട് പാലം ജമാഅത്തും നൽകുന്നുണ്ട്‌. റംസാൻ മാസത്തിൽ ക്ഷേത്ര ട്രസ്റ്റ് മരുതൻമൂട് ജമാഅത്ത്‌ പള്ളിയിൽ നോമ്പുതുറ നടത്താറുണ്ട്. അതിൽ ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും പങ്കെടുക്കും.


​ഏകസാഹോദര്യ മാനവനാകാം


ആദിവാസി വിഭാഗത്തിൽപ്പെട്ട കാണി ഗോത്ര സമുദായമാണ് ഇന്ന് ഈ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ട്രസ്റ്റ് രൂപീകരിക്കുന്നതിനുമുന്പ്‌ നാട്ടുകാരുടെ ഏകീകരണത്തോടുകൂടിയുള്ള കമ്മിറ്റിയായിരുന്നു. ഇന്ന് ക്ഷേത്രഭരണം, പൂജാ ചടങ്ങുകൾ എന്നിവ ക്ഷേത്ര കുടുംബ ട്രസ്റ്റാണ് നടത്തുന്നത്. ഏകദേശം 25ൽ അധികം കാണി ഗോത്ര കുടുംബങ്ങൾ ഇവിടെയുണ്ട്. ആ 25 കുടുംബങ്ങളും ഈ ട്രസ്റ്റിൽ അംഗങ്ങളാണ്. സുബീഷ് എം എസ് പ്രസിഡന്റും എസ് ആർ ആദർശ് സെക്രട്ടറിയും ശ്രീലാൽ ട്രഷററുമാണ്‌. മേൽശാന്തിയായി ഷിജുവും ക്ഷേത്രകാരണവരായി സോമൻ കാണിയും പ്രവർത്തിക്കുന്നു. സിബീഷ് , ഗോകുൽ, ബൈജു, വിജിലാൽ, ശ്രീജിത്ത്, രാജേഷ്, മനോഹരൻ എന്നിവർ ട്രസ്റ്റ് അംഗങ്ങളുമാണ്‌.


തന്റെ മതവിശ്വാസങ്ങൾക്കുമേലെയോ അത്രതന്നെ പ്രാധാന്യത്തോടെയോ മറ്റുള്ളവരുടെ വിശ്വാസത്തെയും പരിഗണിക്കുന്ന ഇടമാണ്‌ വേങ്കമല. അതിന്റെ ഉന്നതിയിൽ നിൽക്കുന്ന മറ്റൊരിടം നമുക്ക്‌ ഇ‍ൗ രൂപത്തിൽ ചൂണ്ടിക്കാട്ടാനില്ല എന്നുതന്നെ പറയാം. ജാതിമത പരിഗണനകളെല്ലാം മതിൽക്കെട്ടിനു പുറത്തഴിച്ചുവച്ച്‌ തികച്ചും വെറും മനുഷ്യനായി ആർക്കും വേങ്കമലയിലെത്താം. കാലുഷ്യങ്ങളകറ്റി ഏകസാഹോദര്യമാനവനായി മലയിറങ്ങാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home