Deshabhimani

print edition പറവൈകളിൽ പുകലിടം

Bird

കൂന്തങ്കുളം പക്ഷിസങ്കേതത്തിന്റെ കവാടം

avatar
വൈഷ്‌ണവ്‌ ബാബു

Published on Nov 15, 2026, 06:54 AM | 4 min read

പടിഞ്ഞാറ് കത്തിക്കയറിയ വെയിൽ താഴ്‌ന്നുതുടങ്ങി. വയലുകളിലെ നനഞ്ഞ മണ്ണിന്റെയും കരിമ്പനകളുടെയും പേരത്തോട്ടങ്ങളുടെയും ഇടയിലൂടെ തിരുനെൽവേലിയിലെ കൂന്തങ്കുളം ഗ്രാമത്തിലേക്കാണ്‌ യാത്ര. റോഡിന്‌ ഇരുവശത്തെയും പച്ചപ്പുല്ലിൽ മതിമറന്ന്‌ മേയുന്ന പശുക്കൾ. അവയെ വട്ടമിട്ടുപറക്കുന്ന പക്ഷിക്കൂട്ടം. കന്നുകാലികളെയുംകാത്ത് വരമ്പുകളിലിരിക്കുന്ന കർഷകരും തൊഴിലാളികളും. വയൽപ്പണി കഴിഞ്ഞ്‌ മടങ്ങുന്നവർ. ഓരോ കൃഷിയിടത്തിലും ഓരോ പ്രതിഷ്ഠയും ആരാധനാലയവും.


ചിലയിടങ്ങളിൽ മരങ്ങളും കല്ലുകളുംതന്നെയാണ് ദേവനും ദേവിയും. മനുഷ്യനും കന്നുകാലികളും പക്ഷികളും ഒരേ താളത്തിൽ ജീവിതം പങ്കിടുന്ന കാർഷികഗ്രാമമാണിത്‌. കൂന്തങ്കുളത്തെ ഓരോ വീടും ഓരോ തുരുത്താണ്. യൂറോപ്പിൽനിന്ന്‌ ഉൾപ്പെടെ വൻകരകൾ കടന്നെത്തുന്ന ലക്ഷക്കണക്കിന്‌ ദേശാടനപ്പക്ഷികളുടെ പ്രിയപ്പെട്ട ഇടം. ആയിരക്കണക്കിന്‌ കിലോമീറ്ററുകൾ സഞ്ചരിച്ച്‌ ഇ‍ൗ ഗ്രാമത്തിലെത്തി പ്രജനനകാലം പൂർത്തിയാക്കി കുഞ്ഞുങ്ങളെയുംകൊണ്ട്‌ അവ പറന്നകലും.

​

ഡിസംബർ അടുത്തതോടെ ‘മക്കളെ’ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമം. കുളക്കരകളിലെയും വഴിയോരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യനീക്കം തകൃതി. കുട്ടികളും മുതിർന്നവരും ഒരേ മനസ്സോടെ ശുചീകരണത്തിലേർപ്പെടുന്നു. പക്ഷികൾക്ക്‌ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതെ സംരക്ഷിക്കാൻ എന്തും ത്യജിക്കാൻ തയ്യാറായ നാട്‌. ഉത്സവങ്ങളിലോ വിവാഹാഘോഷങ്ങളിലോ ഒരു പടക്കംപോലും പൊട്ടിക്കാത്ത ഏക തമിഴ്‌ഗ്രാമവും കൂന്തങ്കുളംമാണ്‌. കോവിലിലോ മസ്‌ജിദിലോ ഉച്ചഭാഷിണികളോ വെടിക്കെട്ടോ ചെണ്ടമേളമോ ഇല്ല. തെരഞ്ഞെടുപ്പുപ്രചാരണത്തിനും ഫുട്‌ബോൾ, കബഡി മത്സരങ്ങളിലും ഉച്ചത്തിലുള്ള അറിയിപ്പുകളില്ല. എന്തിനേറെ പറയുന്നു, ദീപാവലിനാളിൽപ്പോലും ഗ്രാമം നിശ്ശബ്ദം. പതിറ്റാണ്ടുകളായി പക്ഷികളെ വിരുന്നുകാരായാണ്‌ കൂന്തങ്കുളംത്തുകാർ കാണുന്നത്. പക്ഷിസംരക്ഷണം ജീവിതചര്യയാക്കിയ മനുഷ്യരാണിത്‌.


തമിഴ്‌നാടിന്റെ തെക്കേ ഭാഗത്തുള്ള തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിലെ ഉൾനാടൻ ഗ്രാമമാണ്‌ കൂന്തങ്കുളംം. പരമ്പരാഗത വന്യമേഖലയോ സംരക്ഷിത വനമേഖലയോ അല്ല. മനുഷ്യർക്കൊപ്പംതന്നെ പക്ഷികൾ സുരക്ഷിതമായി വസിക്കുന്ന അപൂർവയിടം. പുതിയ തലമുറയിലെ കുറച്ചുപേരൊഴിച്ചാൽ 90 ശതമാനംപേരുടെയും ജീവനോപാധി കൃഷിയാണ്‌. മിക്ക വീടുകളിലും കന്നുകാലികളുമുണ്ട്‌.

കൂന്തങ്കുളംത്തേക്ക്‌ ദേശാടനപ്പക്ഷികൾ എത്താൻ തുടങ്ങിയിട്ട്‌ രണ്ടുനൂറ്റാണ്ട്‌ പിന്നിട്ടു. പ്രജനനത്തിനും അനുകൂലമായ കാലാവസ്ഥ തേടിയുമാണ് അവയെത്തുന്നത്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജലപ്പക്ഷി പ്രജനനകേന്ദ്രങ്ങളിലൊന്നായ ഇവിടം സംരക്ഷിത റാംസാർ തണ്ണീർത്തടംകൂടിയാണ്. മുട്ടയിട്ട് അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്തി വലുതാക്കാനും അനുയോജ്യം.


ഡിസംബർ അവസാനവാരമെത്തി ജൂൺ–ജൂലൈ മാസങ്ങളിൽ കുഞ്ഞുങ്ങൾ പറക്കാറാകുമ്പോഴാണ്‌ പക്ഷികൾ തിരികെ പോകുക. കൂന്തങ്കുളം, കാടൻകുളം തുടങ്ങിയ കുളങ്ങളിലെ മീനുകൾ പക്ഷികൾക്ക് സമൃദ്ധഭക്ഷണമാകുന്നു. 1994ൽ തമിഴ്‌നാട് സർക്കാർ കൂന്തങ്കുളത്തെ ഔദ്യോഗിക പക്ഷിസങ്കേതമാക്കിയതോടെ സംരക്ഷണപ്രവർത്തനങ്ങൾ കാര്യക്ഷമമായി. അറിയപ്പെടുന്ന ഇക്കോ ടൂറിസ്റ്റ്‌ കേന്ദ്രമായി. വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതിസ്‌നേഹികൾ ഉൾപ്പെടെ നൂറുകണക്കിനുപേരാണ്‌ ഗ്രാമത്തിലെത്തുന്നത്‌.


ഗ്രാമവാസികൾ പക്ഷികളെ നന്മയുടെയും ഭാഗ്യത്തിന്റെയും പ്രതീകങ്ങളായാണ്‌ കാണുന്നത്‌. കൂട്ടിൽനിന്ന് താഴെ വീഴുന്ന പക്ഷിക്കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുന്നവയെയും ഗ്രാമവാസികൾ പരിചരിച്ച് വളർത്തും. തനിച്ച്‌ പറക്കാനാകുന്നതുവരെ ഭക്ഷണം നൽകും. കൊച്ചുകുട്ടികൾക്കുവരെ ഇതിൽ പ്രാവീണ്യമുണ്ട്‌. വിദേശപക്ഷികൾക്ക്‌ എന്തു തീറ്റ നൽകണം, പ്രജനന കാലയളവ്‌ എത്രയാണ്‌, ഇരപിടിയന്മാരിൽനിന്ന്‌ എങ്ങനെ സംരക്ഷിക്കാം..? തുടങ്ങിയവയിൽ വിശാലമായ അറിവുണ്ട്‌. ജോലിപോലും മുടക്കി പക്ഷിക്കുഞ്ഞുങ്ങൾക്ക്‌ കാവലിരിക്കുന്നവരുമുണ്ട്‌.

​

വർഷാവർഷം അമ്പതിലധികം ഇനങ്ങളിലായി ഒരുലക്ഷത്തിലേറെ പക്ഷികൾ കൂന്തങ്കുളംത്ത്‌ എത്തും. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ പെലിക്കനുകൾ ധാരാളം. ആയിരക്കണക്കിന് വർണക്കൊക്കുകളും കൂടുകൂട്ടും. ബാർ-ഹെഡഡ് ഗൂസ്, കോമൺ സാൻഡ്‌പൈപ്പർ, കോമൺ ടീൽ, കൂട്ട്‌, ഗ്രീൻ സാൻഡ്‌ പൈപ്പർ, നോർത്തേൺ പിന്റൈൽ എന്നിവ സൈബീരിയയിൽനിന്നാണ്‌ എത്തുന്നത്‌. ഗ്രേറ്റർ ഫ്ലെമിങ്ങോയും ചിലയിനം കൊക്കുകളും ഉത്തരേന്ത്യയിൽനിന്നും വൈറ്റ് സ്റ്റോർക്ക് മധ്യേഷ്യയിൽനിന്നും യൂറോപ്പിൽനിന്നും എത്തും.

വീടുകളുടെ ചായ്‌പുകളിലും തണൽമരങ്ങളിലുമെല്ലാം പക്ഷിക്കൂടുകൾ കാണാം.


അത്‌ നശിപ്പിക്കാനോ ഉപദ്രവിക്കാനോ ആരും മുതിരാറില്ല. ‘ആരെങ്കിലും ഒരു പക്ഷിയെ കൊന്നാൽ, കൊന്നയാളുടെ കഴുത്തിൽ പക്ഷിയെ കെട്ടിത്തൂക്കി ഗ്രാമം മുഴുവൻ നടത്തും’ എന്നൊരു വർത്തമാനവും ഇവിടെയുണ്ട്‌. ഡിസംബർമുതൽ ജൂലൈവരെ ഓരോ മരത്തിലും അമ്പതും നൂറും വീതം പക്ഷികളുണ്ടാകും. ആര്യവേപ്പ്, ഉദമരം, കരുവേലം തുടങ്ങിയ മരങ്ങളാണ്‌ പ്രധാനമായും. കരുവേലം മരങ്ങൾ നാട്ടുകാർ നട്ടുപിടിപ്പിച്ചുവരുന്നുണ്ട്‌. കുളത്തിൽ വെള്ളം നിറയുമ്പോൾ മുള്ളുകളുള്ള കരുവേലം വെള്ളത്തിന് നടുവിലാകും.


അതിനാൽ ഇരപിടിയന്മാർക്ക്‌ എത്താനാകില്ല. വർണക്കൊക്കുകൾ, പെലിക്കനുകൾ തുടങ്ങിയവ കൂട്ടത്തോടെ ഈ മരങ്ങളിലാണ് കൂടുകൂട്ടുന്നത്. ആര്യവേപ്പും വരണ്ട കാലാവസ്ഥ അതിജീവിക്കുന്ന ഉദമരത്തിന്റെ പടർന്ന ചില്ലകളും പക്ഷികൾക്ക്‌ പ്രിയപ്പെട്ടതാണ്‌. ആര്യവേപ്പിന്റെ ഒ‍ൗഷധഗുണം അണുബാധകളിൽനിന്ന്‌ സംരക്ഷിക്കുന്നു. പക്ഷികളുടെ വിസർജ്യം കൃഷിക്ക് മികച്ച വളമാണ്‌. ഇതിലൂടെ ഗ്രാമത്തിന്റെ ഏക ഉപജീവനമായ കൃഷിയും ദേശാടനപ്പക്ഷികളും പരസ്പരം ഉ‍ൗന്നുവടികളാകുന്നു.


സിറകുമുളച്ച മനിതൻ


കൂന്തങ്കുളം പക്ഷിഗ്രാമമാണെങ്കിൽ പക്ഷിമനുഷ്യനും ഇവിടെയുണ്ട്‌; എഴുപത്തിരണ്ടുകാരനായ ബാൽപാണ്ടി. കുട്ടിക്കാലത്ത്‌ മഴയത്ത് വഴിയിൽനിന്ന്‌ കിട്ടിയ ‘പെയിന്റഡ് സ്റ്റോർക്ക്’ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവന്ന് വളർത്തിയെടുത്ത് പറത്തിവിട്ട നാളുകളിൽ തുടങ്ങിയതാണ് പക്ഷികളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. പക്ഷിശാസ്ത്രത്തിൽ ഒ‍ൗപചാരികവിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടും വിദേശപക്ഷികളുടെ പ്രത്യേകതകളെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും ഏറെ പഠിച്ചു.


അപൂർവമായി കാണപ്പെടുന്നവയെ കുറിച്ചുവച്ചു. ഇതിനിടെ ഉത്തരേന്ത്യയിലെ ഒരു ഫാക്ടറിയിൽ ജോലിക്കായി പോയെങ്കിലും പക്ഷികളുടെ ശബ്ദവും മണവുമില്ലാതെ ജീവിക്കാൻ കഴിയാതെവന്നതോടെ മടങ്ങിയെത്തി. ഇപ്പോൾ രാവിലെ കുളങ്ങൾക്കരികിലെത്തുന്നു. കൂടുകളിൽനിന്ന് വീണ് പരിക്കേറ്റ കുഞ്ഞുങ്ങളുണ്ടോ എന്ന പരിശോധന ദിനചര്യ.


​പതിറ്റാണ്ടുകൾക്കുമുമ്പ്‌, മഴ നനഞ്ഞ് സ്കൂളിൽനിന്ന് സൈക്കിളിൽ മടങ്ങുകയായിരുന്നു ബാൽപാണ്ടി. ആ യാത്രയ്ക്കിടയിലാണ്‌ ബസ് സ്റ്റോപ്പിനുസമീപത്തെ ചെളിയിൽ വീണുകിടന്ന പക്ഷിക്കുഞ്ഞ്‌ ശ്രദ്ധയിൽപ്പെട്ടത്‌. വളർന്നുവരുമ്പോൾ നീളമുള്ള കാലുകളുള്ള സുന്ദരിയായി മാറുമായിരുന്ന ഒരു പെയിന്റഡ് സ്റ്റോർക്കായിരുന്നു അത്‌. അതിനെ വീട്ടിലെത്തിച്ച്‌ പരിചരിച്ചു. മാസങ്ങൾ പിന്നിട്ടതോടെ പറന്നകന്നു. അവിടെ തുടങ്ങി ബാൽപാണ്ടിയുടെ പക്ഷിയോർമകൾ.


ബാൽപാണ്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത് ഡോ. ജോർജ് സൈലാസ് നൽകിയ സലിം അലിയുടെ ‘ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ്' എന്ന പുസ്തകമാണ്. പക്ഷിശാസ്ത്രജ്ഞൻ ഡോ. റോബർട്ട് ഗ്രബ്ബ് അദ്ദേഹത്തിന് ബൈനോക്കുലറും പ്രകൃതിശാസ്ത്രപുസ്തകങ്ങളും സമ്മാനിച്ചു. ആ പുസ്തകങ്ങളും കാഴ്ചയും അദ്ദേഹത്തിന്റെ അറിവുകൾക്ക് പുതിയ മാനം നൽകി.


ഇന്ത്യയുടെ പക്ഷിമനുഷ്യൻ ഡോ. സലിം അലി ഗ്രാമം സന്ദർശിച്ച വേളയിൽ, പതിനെട്ടുകാരനായ ബാൽപാണ്ടിയുടെ നിരീക്ഷണപാടവത്തെയും പക്ഷികളുമായുള്ള ആത്മബന്ധത്തെയും അഭിനന്ദിച്ചു. പല അപൂർവ പക്ഷികളുടെയും പ്രജനനരീതികളും ദേശാടനശീലങ്ങളും ബാൽപാണ്ടി ഡയറിയിൽ കുറിച്ചിടും. സലിം അലിപോലും തന്റെ നിരീക്ഷണങ്ങളിൽ രേഖപ്പെടുത്താത്ത അപൂർവയിനം പക്ഷികളുടെ പ്രജനനം ഗ്രാമത്തിൽ നടക്കുന്നുണ്ടെന്നും ബാൽപാണ്ടി കണ്ടെത്തി.


‘ശ്വാസം നിലച്ചാലും പക്ഷിപ്പാട്ട് നിലയ്‌ക്കരുത്’


ജീവിതപങ്കാളിയായ വള്ളിത്തായിയുടെ വരവും ബാൽപാണ്ടിയുടെ ജീവിതത്തിൽ നിർണായകമായി. ബാൽപാണ്ടിയുടെ പക്ഷിപ്രണയം കണ്ട്, സമ്പന്നകുടുംബത്തിലെ സ‍ൗകര്യങ്ങളെല്ലാം വേണ്ടെന്നുവച്ച്‌ ഇറങ്ങിത്തിരിച്ചു വള്ളിത്തായി. പക്ഷിസംരക്ഷണത്തിനായി ജീവിതം മാറ്റിവയ്ക്കാനും അവർ തീരുമാനിച്ചു. മരങ്ങളിൽനിന്ന് നിലത്തുവീണ്‌ പരിക്കേൽക്കുന്ന പക്ഷിക്കുഞ്ഞുങ്ങളെ അവർ വീട്ടിലേക്ക് കൊണ്ടുവന്നു. വർഷാവർഷം നിരവധി കൊക്കുകളെയും പെലിക്കനുകളെയും ദമ്പതികൾ വളർത്തി.


അത്രയും പക്ഷിക്കുഞ്ഞുങ്ങൾക്ക് ദിവസവും കിലോക്കണക്കിന് മീൻ വേണം. അതിന്‌ പണമില്ലാതെ വന്നപ്പോൾ വള്ളിത്തായി താലിയും കമ്മലും പണയംവച്ചു. പക്ഷികൾക്ക് തണലേകാൻ ആയിരത്തോളം മരങ്ങളും വച്ചു. ദമ്പതികളുടെ നാലു മക്കളും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു.

2008 ജൂലൈയിലാണ്‌ വള്ളിത്തായി വിടപറയുന്നത്‌. "എന്റെ ശ്വാസം നിലച്ചാലും, കൂന്തങ്കുളത്തെ പക്ഷികളുടെ പാട്ട് നിലയ്ക്കരുത്. ജീവിതം അവർക്കായിരിക്കണം...’– മരിക്കുന്നതിന് തൊട്ടുമുമ്പ്‌ വള്ളിത്തായി ബാൽപാണ്ടിയുടെ വിറയ്ക്കുന്ന കൈകൾ പിടിച്ചുപറഞ്ഞതാണിത്‌. ആ വാക്ക് ഒരിക്കലും തെറ്റിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഭാര്യയുടെ വേർപാടിന്റെ വേദന മാഞ്ഞിട്ടില്ല.


ബാൽപാണ്ടിയുടെ പ്രകൃതിസ്നേഹവും സേവനവും പരിഗണിച്ച് വനംവകുപ്പ് അദ്ദേഹത്തിന് പക്ഷിസങ്കേതത്തിൽ വാച്ചർ ജോലി നൽകി. എന്നാലും സാമ്പത്തികബുദ്ധിമുട്ടുകൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. കടം വാങ്ങിയിട്ടാണെങ്കിലും പക്ഷികൾക്ക് ഭക്ഷണം നൽകാറുണ്ട്‌. സ്വയം സഹായസംഘങ്ങൾ രൂപീകരിച്ചും സ്കൂൾ കുട്ടികൾക്ക് ക്ലാസെടുത്തും പക്ഷിസംരക്ഷണം വരുംതലമുറകളിലേക്ക് പകർന്നു.


ഇതുവരെ മൂവായിരത്തിലധികം പക്ഷിക്കുഞ്ഞുങ്ങളെയാണ് വളർത്തിവിട്ടത്. ‘വളർത്തിയ പക്ഷിയെ കാട്ടിലേക്ക് തുറന്നുവിടുമ്പോൾ കുറഞ്ഞത് നാലുദിവസമെങ്കിലും അതിനെ കാണാതിരിക്കാൻ ശ്രമിക്കും. വീണ്ടും മടങ്ങിവരാതിരിക്കാനാണിത്‌. കരിവയറൻ വാനമ്പാടിയെയാണ്‌ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം’– ബാൽപാണ്ടി പറഞ്ഞു. എഴുപത്തേഴോളം പുരസ്കാരങ്ങൾ ലഭിച്ച ബാൽപാണ്ടിക്ക് പക്ഷികളുമായി ബന്ധപ്പെട്ട 17 പേരുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home